അമേരിക്കന്‍ പ്രതിനിധി സംഘം ഇസ്ലമാബാദിലെത്തി, ഇറാന്‍ സംഘം രാത്രിയോടെ എത്തിച്ചേരും; ശനിയാഴ്ച നിര്‍ണായക ചര്‍ച്ച: 'അയണ്‍ എസ്‌കോര്‍ട്ട്' ഒരുക്കി പാകിസ്ഥാന്‍

അമേരിക്കന്‍ പ്രതിനിധി സംഘം ഇസ്ലമാബാദിലെത്തി, ഇറാന്‍ സംഘം രാത്രിയോടെ എത്തിച്ചേരും; ശനിയാഴ്ച നിര്‍ണായക ചര്‍ച്ച: 'അയണ്‍ എസ്‌കോര്‍ട്ട്' ഒരുക്കി പാകിസ്ഥാന്‍

ഇസ്ലമാബാദ്: ഇറാനുമായുള്ള ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്ലമാബാദിലെത്തി. വാന്‍സിനൊപ്പം സീനിയര്‍ അഡൈ്വസറും ട്രംപിന്റെ മരുമകനുമായ ജാരെഡ് കുഷ്‌നര്‍, സ്‌പെഷല്‍ എന്‍വോയ് സ്റ്റീവ് വിറ്റ്കോഫ് എന്നിവരുമുണ്ട്.

ഇറാനിയന്‍ സംഘവും രാത്രിയോടെ എത്തിച്ചേരും. സ്പീക്കര്‍ മുഹമ്മദ് ഗാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഉണ്ടാകുമെന്നാണ് അറിയുന്നത്. ചര്‍ച്ചകളുടെ ആദ്യഘട്ടം ശനിയാഴ്ച രാവിലെ ഇസ്ലമാബാദില്‍ ആരംഭിക്കും.

യുദ്ധത്തിന്റെ തുടക്കം മുതല്‍ ജെ.ഡി വാന്‍സും ജാരെഡ് കുഷ്‌നറും ഈ വിഷയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. മുന്‍പ് നടന്ന എല്ലാ ചര്‍ച്ചകളിലും ഇരുവരും ഭാഗമായിരുന്നു.

ഇസ്ലമാബാദിലെ ചര്‍ച്ചകള്‍ക്കായി തന്റെ നേതൃത്വത്തിലുള്ള ടീമിനെ പ്രസിഡന്റ് ട്രംപ് നിയോഗിച്ചതിന് പിന്നാലെ ഇറാന്‍ തങ്ങളുടെ ഭാഗത്തു നിന്നുള്ള അടുത്ത നീക്കം നടത്തണമെന്ന് ജെ.ഡി വാന്‍സ് ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം യുദ്ധം പുനരാരംഭിക്കാനുള്ള വഴികള്‍ പ്രസിഡന്റ് ട്രംപിന്റെ പക്കലുണ്ടെന്നും അദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലോകം ഉറ്റു നോക്കുന്ന സമാധാന ചര്‍ച്ചയ്ക്ക് മുന്നോടിയായി മുമ്പെങ്ങുമില്ലാത്ത വിധം കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പാകിസ്ഥാന്‍ ഒരുക്കിയിരിക്കുന്നത്. സുരക്ഷയൊരുക്കാന്‍ പാകിസ്ഥാന്‍ വ്യോമ സേനയുടെ വന്‍ സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്.

'അയണ്‍ എസ്‌കോര്‍ട്ട്' എന്ന് പേരിട്ട ഈ ഓപ്പറേഷനില്‍ പാകിസ്ഥാന്റെ യുദ്ധ വിമാനങ്ങളായ എഫ്-16, ജെ.എഫ്-17 തണ്ടര്‍ എന്നിവയുമുണ്ടാകും. ഇതിന് പുറമെ അവാക്‌സ് വിമാനങ്ങള്‍ ഉപയോഗിച്ച് ഇറാന്‍ മുതല്‍ പേര്‍ഷ്യന്‍ ഗള്‍ഫ് വരെയുള്ള മേഖലയില്‍ നിരന്തര നിരീക്ഷണവും നടത്തുന്നുണ്ട്.

സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ചാണ് പാകിസ്ഥാന്‍ ഈ വ്യോമ സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നത്. ചര്‍ച്ചകള്‍ വിജയിച്ചാല്‍ അത് മേഖലയില്‍ ശാശ്വതമായ സമാധാനം കൊണ്ടു വരുമെന്ന് പ്രത്യാശിക്കുന്നുണ്ടെങ്കിലും നിലവിലെ അനിശ്ചിതത്വങ്ങള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.