വാഷിങ്ടണ്‍: ഇറാനുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ യു.എസ് നാവികസേനാ മേധാവി ജോണ്‍ ഫീലന്‍ അപ്രതീക്ഷിതമായി രാജിവെച്ചു. വൈറ്റ് ഹൗസില്‍ ഇറാന്‍ വിഷയവുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടത്തിനുള്ളില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകളാണ് പെട്ടെന്നുള്ള രാജിക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍.
ജോണ്‍ ഫീലന്‍ സ്ഥാനമൊഴിയുന്ന വിവരം പെന്റഗണ്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും രാജിക്ക് പിന്നിലെ കൃത്യമായ കാരണങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഫീലന് പകരം അണ്ടര്‍ സെക്രട്ടറി ഹങ് കാവോ യു.എസ് നേവിയുടെ ആക്ടിംഗ് സെക്രട്ടറിയായി ചുമതലയേറ്റു. ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ റാണ്ടി ജോര്‍ജിനെ മാറ്റിയതിന് പിന്നാലെയാണ് നാവികസേനാ തലപ്പത്തും മാറ്റമുണ്ടായിരിക്കുന്നത്. ഇത് പ്രതിരോധ വകുപ്പിലെ വലിയൊരു പുനക്രമീകരണത്തിന്റെ സൂചനയായിട്ടാണ് വിലയിരുത്തുന്നത്.
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ യു.എസ് തീവ്രശ്രമം നടത്തുന്നതിനിടെയാണ് രാജി. ഏപ്രില്‍ എട്ടിന് താല്‍കാലിക വെടിനിര്‍ത്തല്‍ ധാരണ ഉണ്ടായെങ്കിലും ഇറാനെതിരെ സാമ്പത്തിക ഉപരോധം ശക്തമാക്കാനുള്ള അമേരിക്കയുടെ നീക്കങ്ങള്‍ സ്ഥിതിഗതികള്‍ വീണ്ടും വഷളാക്കി. ഇതിന് മറുപടിയായി ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടയ്ക്കുകയും കപ്പലുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ തീരത്തിന് സമീപം വരെ ഇറാനിയന്‍ കപ്പലുകളെ അമേരിക്കന്‍ നാവികസേന തടയുന്ന ഘട്ടത്തിലാണ് സേനയുടെ തലപ്പത്ത് ഇത്തരമൊരു മാറ്റം സംഭവിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.