ലൂസിയാന: അമേരിക്കയിലെ ലൂസിയാനയില്‍ ഷോപ്പിങ് മാളിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വിദ്യാര്‍ഥികളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബാറ്റണ്‍ റൂഷിലെ മാള്‍ ഓഫ് ലൂസിയാനയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് വെടിവെയ്പ് ഉണ്ടായത്. രണ്ട് സായുധ സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണപ്പെട്ടവരുടെയോ പരിക്കേറ്റവരുടെയോ പേര് വിവരങ്ങള്‍ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
മാള്‍ ഓഫ് ലൂസിയാനയിലെ ഫുഡ് കോര്‍ട്ടില്‍ ഉച്ചയ്ക്ക് 1:30 ഓടെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും പരസ്പരം വെടിയുതിര്‍ക്കുകയുമായിരുന്നു. എന്നാല്‍ വെടിയേറ്റവര്‍ ഈ സംഘത്തിലുള്ളവരല്ലെന്നും ഭക്ഷണം കഴിക്കാനെത്തിയ സാധാരണക്കാരാണെന്നും ലൂസിയാന അറ്റോര്‍ണി ജനറല്‍ ലിസ് മുറില്‍ പറഞ്ഞു. പരിക്കേറ്റവരില്‍ അസന്‍ഷന്‍ എപ്പിസ്‌കോപ്പല്‍ സ്‌കൂളിലെ മൂന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. വെടിവയ്പിന് പിന്നാലെ പരിഭ്രാന്തരായ ജനങ്ങളെ ഉടന്‍ തന്നെ മാളിനുള്ളില്‍ നിന്ന് ഒഴിപ്പിച്ചു.
ലൂസിയാനയില്‍ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ വലിയ വെടിവയ്പ്പാണിത്. കഴിഞ്ഞ ഞായറാഴ്ച ഷ്രെവ്പോര്‍ട്ടില്‍ ഒരു പിതാവ് സ്വന്തം മക്കളടക്കം എട്ട് കുട്ടികളെ വെടിവച്ചു കൊന്ന വാര്‍ത്തയുടെ നടുക്കം മാറുന്നതിന് മുന്‍പാണ് വീണ്ടും വെടിവയ്പ്പ് ഉണ്ടായിരിക്കുന്നത്. ഇതോടെ തോക്ക് ഉപയോഗിക്കുന്നതിലെ നിയന്ത്രണങ്ങളെക്കുറിച്ച് അമേരിക്കയില്‍ വീണ്ടും ചര്‍ച്ചകള്‍ സജീവമാകുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.