ടെഹ്‌റാന്‍: രാജ്യത്തിനെതിരെ സായുധ പോരാട്ടം നടത്തിയെന്ന കുറ്റം ചുമത്തി സുന്നി തീവ്രവാദ ഗ്രൂപ്പായ ജെയ്ഷ് അല്‍-അദ്ല്‍ അംഗമായ യുവാവിനെ ഇറാനില്‍ തൂക്കിലേറ്റി. തെക്കുകിഴക്കന്‍ ഇറാനില്‍ നടന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനില്‍ അറസ്റ്റിലായ ആമേര്‍ റാമേഹ് എന്നയാളെയാണ് തൂക്കിലേറ്റിയത്.
ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്നീം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാനിലെ ഏറ്റവും ദരിദ്ര മേഖലയായ സിസ്റ്റാന്‍-ബലൂചിസ്ഥാനില്‍ സജീവമായ സുന്നി മുസ്ലീം തീവ്രവാദ ഗ്രൂപ്പാണ് ജെയ്ഷ് അല്‍-അദ്ല്‍. ഈ മേഖലയില്‍ ഇറാന്‍ സുരക്ഷാ സേനയും സായുധ സംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ പതിവാണ്.
നീണ്ട വിചാരണയ്ക്ക് ശേഷമാണ് കോടതി റാമേഹിന് വധശിക്ഷ വിധിച്ചത്. ഇറാന്റെ പരമോന്നത കോടതി ഈ ശിക്ഷ ശരി വെച്ചിരുന്നു. ഇസ്രയേലിന് വേണ്ടി ചാരപ്രവൃത്തി നടത്തുന്നവര്‍ക്കും ഭീകരവാദ ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമെതിരെ ഇറാന്‍ കര്‍ശനമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.
സായുധ കലാപം വഴി രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള മുന്നറിയിപ്പാണ് ഈ വധ ശിക്ഷയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മനുഷ്യാവകാശ സംഘടനകള്‍ ഇറാനിലെ വധ ശിക്ഷകളിലെ വര്‍ധനക്കെതിരെ പലപ്പോഴും രംഗത്തെത്താറുണ്ട്. എന്നാല്‍ രാജ്യ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ഇറാന്റെ നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.