'കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹ സമ്മതം'; ശൈശവ വിവാഹം പ്രോത്സാഹിപ്പിക്കുന്ന പുതിയ കുടുംബ നിയമവുമായി താലിബാൻ; ആഗോളതലത്തിൽ പ്രതിഷേധം

'കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹ സമ്മതം'; ശൈശവ വിവാഹം പ്രോത്സാഹിപ്പിക്കുന്ന പുതിയ കുടുംബ നിയമവുമായി താലിബാൻ; ആഗോളതലത്തിൽ പ്രതിഷേധം

കാബൂൾ: അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് വിവാഹം, വിവാഹമോചനം, ശൈശവ വിവാഹം എന്നിവ നിയന്ത്രിക്കുന്ന പുതിയ കുടുംബ നിയമം താലിബാൻ ഭരണകൂടം പുറത്തിറക്കി. പ്രായപൂർത്തിയായ ഒരു കന്യകയായ പെൺകുട്ടി വിവാഹ ആലോചനകളിൽ പുലർത്തുന്ന മൗനത്തെ അവളുടെ സമ്മതമായി വ്യാഖ്യാനിക്കാം എന്നതാണ് ഈ പുതിയ ഉത്തരവിലെ ഏറ്റവും വിവാദപരമായ വ്യവസ്ഥ.

താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ അംഗീകാരം നൽകിയ ഈ പുതിയ നിയമാവലി മെയ് പകുതിയോടെയാണ് ഔദ്യോഗികമായി പുറത്തിറക്കിയത്. ദമ്പതികൾ തമ്മിലുള്ള വേർപിരിയലിന്റെ തത്വങ്ങൾ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ കുടുംബനിയമ ഉത്തരവിൽ 31 വകുപ്പുകളാണുള്ളത്.

പ്രായപൂർത്തിയായ കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്ന് വ്യക്തമാക്കുന്ന നിയമം, എന്നാൽ ഒരു ആൺകുട്ടിയുടെയോ മുമ്പ് വിവാഹിതയായ സ്ത്രീയുടെയോ മൗനത്തെ ഇത്തരത്തിൽ സ്വയമേവ സമ്മതമായി കണക്കാക്കില്ലെന്നും പ്രത്യേകം പറയുന്നുണ്ട്.

ശൈശവ വിവാഹങ്ങളുടെ കാര്യത്തിൽ പെൺകുട്ടിയുടെ അച്ഛനും മുത്തശനും പൂർണ അധികാരം നൽകുന്നതാണ് പുതിയ നിയമം. ഇത്തരം ബാലവിവാഹങ്ങൾ പെൺകുട്ടികൾക്ക് പ്രായപൂർത്തിയായതിന് ശേഷം വേണമെങ്കിൽ റദ്ദാക്കാൻ അപേക്ഷിക്കാം എന്നാൽ ഇതിന് താലിബാൻ കോടതിയുടെ അനുമതി നിർബന്ധമാണ്.

മതപരവും നിയമപരവുമായ സാഹചര്യങ്ങളിൽ വിവാഹബന്ധം വേർപെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ നിയമാവലിയിൽ വ്യക്തമാക്കുന്നുണ്ട്. ബാലവിവാഹം, ഭർത്താവിനെ കാണാതാകൽ, നിർബന്ധിത വേർപിരിയൽ, മുലകുടി ബന്ധങ്ങൾ , വ്യഭിചാര ആരോപണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാനുള്ള പുതിയ നിയമങ്ങളാണ് ഇതിൽ പ്രതിപാദിക്കുന്നത്.

അഫ്ഗാനിസ്ഥാന്റെ ചില ഭാഗങ്ങളിൽ നിലവിലുള്ള മനുഷ്യത്വരഹിതമായ പല പ്രാദേശിക ആചാരങ്ങൾക്കും നിയമപരമായ സാധുത നൽകുന്നതാണ് താലിബാന്റെ പുതിയ ഉത്തരവുകളെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.

അഫ്ഗാനിസ്ഥാനിൽ നിലനിൽക്കുന്ന കടുത്ത ദാരിദ്ര്യം കാരണം പല കുടുംബങ്ങളും പണത്തിന് വേണ്ടി ബാലികമാരായ തങ്ങളുടെ ചെറിയ പെൺകുട്ടികളെ നിർബന്ധപൂർവ്വം വിവാഹം കഴിപ്പിച്ചു വിടുന്ന രീതി നിലവിലുണ്ട്. താലിബാന്റെ പുതിയ നിയമങ്ങൾ കൂടി വന്നതോടെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ അഫ്ഗാനിൽ പൂർണ്ണമായും ഇല്ലാതാവുകയാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.