"ആൺകുട്ടിയോ പെൺകുട്ടിയോ എന്ന് നോക്കി ഇനി ഗർഭച്ഛിദ്രം വേണ്ട"; സിഡ്നിയിൽ നിരോധന ബില്ലിന് ഐക്യദാർഢ്യവുമായി പ്രോ-ലൈഫ് മഹാറാലി


സിഡ്നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസ് സംസ്ഥാനത്ത് ഭ്രൂണത്തിന്റെ ലിംഗം മുൻനിർത്തിയുള്ള ഗർഭച്ഛിദ്രങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്ലിന്മേൽ അടുത്ത ആഴ്ച പാർലമെന്റിൽ നിർണായക ചർച്ച നടക്കും. നിയമ നിർമ്മാണത്തിന് ജനപിന്തുണ പ്രഖ്യാപിച്ച് പ്രോ-ലൈഫ് കൂട്ടായ്മകളുടെ നേതൃത്വത്തിൽ 26ന് (ചൊവ്വാഴ്ച) വൈകുന്നേരം ആറ് മണിക്ക് ന്യൂ സൗത്ത് വെയ്ൽസ് പാർലമെന്റ് മന്ദിരത്തിന് മുന്നിൽ വൻ ജനകീയ റാലി സംഘടിപ്പിക്കും.

ലിബർട്ടേറിയൻ പാർട്ടി എം.എൽ.സി ജോൺ റൂഡിക് സഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിന്മേൽ തൊട്ടടുത്ത ദിവസമായ ബുധനാഴ്ചയാണ് ലെജിസ്ലേറ്റീവ് കൗൺസിലിൽ ചർച്ചയും വോട്ടെടുപ്പും നടക്കുക. ഭ്രൂണം പെൺകുട്ടിയാണെന്ന കാരണത്താൽ നടത്തുന്ന ഗർഭച്ഛിദ്രങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തണമെന്നാണ് ബില്ലിലെ പ്രധാന ആവശ്യം.

റാലിയിൽ പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ ജനങ്ങൾ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകയായ ഡോ. ജോവാന ഹൗ വ്യക്തമാക്കി. ജനിക്കാത്ത കുഞ്ഞുങ്ങളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ജനങ്ങൾ മുന്നോട്ടുവരുമെന്ന സന്ദേശം ഭരണാധികാരികൾക്ക് നൽകാൻ റാലിയിലൂടെ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ജോൺ റൂഡിക് എം.എൽ.സി, ബിഷപ്പ് ടോണി പെർസി, പാസ്റ്റർ ജോയൽ ചെല്ലയ്യ തുടങ്ങി പ്രമുഖ സഭാ-സാമൂഹിക നേതാക്കൾ റാലിയിൽ സംസാരിക്കും.

ഓസ്‌ട്രേലിയയിൽ ലിംഗനിർണയ ഗർഭച്ഛിദ്രങ്ങൾ നടക്കുന്നുണ്ടോ എന്നതിനെച്ചൊല്ലി നേരത്തെ തന്നെ വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. എന്നാൽ കഴിഞ്ഞ വർഷം എഡിത് കോവൻ, കർട്ടിൻ സർവ്വകലാശാലകളിലെ ഗവേഷകർ പുറത്തുവിട്ട പഠന റിപ്പോർട്ട് ഈ വാദങ്ങളെ ശരിവെയ്ക്കുന്നതായിരുന്നു.

ആൺകുട്ടികളോട് കൂടുതൽ താല്പര്യമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നും (പ്രത്യേകിച്ച് ഇന്ത്യ, ചൈന) കുടിയേറിയ ചില വിഭാഗങ്ങൾക്കിടയിൽ ആൺകുട്ടികളുടെ ജനന നിരക്കിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതായി 20 വർഷത്തെ ഡാറ്റ വിശകലനം ചെയ്തുള്ള പഠനത്തിൽ കണ്ടെത്തിയിരുന്നു.

ലിംഗഭേദമന്യേ എല്ലാ കുഞ്ഞുങ്ങൾക്കും തുല്യ അന്തസും ജീവിക്കാനുള്ള അവകാശവുമുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നിയമനിർമ്മാണമെന്ന് ജോൺ റൂഡിക് പറഞ്ഞു. ലജിസ്ലേറ്റീവ് കൗൺസിലിൽ വോട്ടെടുപ്പ് കടുത്തതാകുമെങ്കിലും ബിൽ പാസാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഗർഭച്ഛിദ്രാവകാശത്തിന് വേണ്ടി വാദിക്കുന്ന സംഘടനകൾ ബില്ലിനെതിരെ ശക്തമായ എതിർപ്പുമായി രംഗത്തുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.