മുൻ മേയറും സോളിസിറ്ററുമായ അഡ്വ. ബൈജു തിട്ടാലയ്ക്ക് വീണ്ടും കേംബ്രിഡ്ജിന്റെ ഉയർന്ന അംഗീകാരം

മുൻ മേയറും സോളിസിറ്ററുമായ അഡ്വ. ബൈജു തിട്ടാലയ്ക്ക് വീണ്ടും കേംബ്രിഡ്ജിന്റെ ഉയർന്ന അംഗീകാരം

ലണ്ടൻ: ബ്രിട്ടനിലെ കേംബ്രിഡ്ജ് നഗരത്തിന്റെ മുൻ മേയറും ദീർഘകാല കൗൺസിലറുമായ അഡ്വക്കേറ്റ് ബൈജു തിറ്റാലയ്ക്ക് “ഹോണററി കൗൺസിലർ” പദവി. നഗരസഭാ പൊതുജീവിതത്തിൽ ഒരു പതിറ്റാണ്ടിലേറെ കാലം നടത്തിയ സമർപ്പിത സേവനത്തിനുള്ള അംഗീകാരമായാണ് ഈ പരമോന്നത ബഹുമതി നൽകിയത്. ആഗോള മലയാളി സമൂഹത്തിനും പ്രവാസി ഇന്ത്യൻ സമൂഹത്തിനും ഒരുപോലെ അഭിമാനമേകുന്ന നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

കൗൺസിലറായും പിന്നീട് മേയറായും പ്രവർത്തിച്ച കാലഘട്ടത്തിൽ കേംബ്രിഡ്ജ് നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും സാമൂഹിക ഐക്യത്തിനും പൊതുസമൂഹത്തിന്റെ ക്ഷേമത്തിനുമായി അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമായിരുന്നു. വിവിധ സംസ്കാരങ്ങളെയും ജനവിഭാഗങ്ങളെയും കൂട്ടിച്ചേർക്കുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം എപ്പോഴും സജീവ സാന്നിധ്യമായിരുന്നു.

പത്ത് വർഷമോ അതിലധികമോ കാലം ജനപ്രതിനിധിയായി സേവനം ചെയ്ത മുൻ കൗൺസിലർമാർക്കാണ് സാധാരണയായി ഹോണററി കൗൺസിലർ പദവി നൽകുന്നത്. എന്നാൽ മേയറായും സേവനം ചെയ്തിട്ടുള്ളവർക്ക് എട്ട് വർഷത്തെ പ്രവർത്തന പരിചയം മതിയാകും.

മുൻ കൗൺസിലർമാർക്ക് ഈ പദവിക്കായി സ്വയം അപേക്ഷിക്കാനോ അല്ലെങ്കിൽ നിലവിലെ കൗൺസിലർമാർക്ക് ഇവരുടെ പേര് ശുപാർശ ചെയ്യാനോ കഴിയും. നഗരസഭയുടെ സിവിക് അഫയേഴ്സ് കമ്മിറ്റി ഈ അപേക്ഷ വിശദമായി പരിശോധിച്ച് അംഗീകരിച്ചതിന് ശേഷം, പൂർണ കൗൺസിലിലെ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ ലഭിച്ചാൽ മാത്രമാണ് ബഹുമതി ഔദ്യോഗികമായി അനുവദിക്കുക.

ഹോണററി കൗൺസിലർ പദവി ലഭിക്കുന്നവർക്ക് നഗരസഭയിൽ നിരവധി പ്രത്യേക അവകാശങ്ങളും ആദരവുകളും ലഭിക്കും. നിലവിലെ കൗൺസിലർമാരോടൊപ്പം നഗരസഭയുടെ ഔദ്യോഗിക ചടങ്ങുകളിലേക്ക് പ്രത്യേക ക്ഷണം ലഭിക്കും. കൗൺസിൽ യോഗങ്ങളിൽ ഇവർക്കായി പ്രത്യേക ഇരിപ്പിടം അനുവദിക്കും.

ഈ ബഹുമതി ലഭിച്ച ഒരു വ്യക്തി അന്തരിക്കുമ്പോൾ നഗരസഭാ ആസ്ഥാനമായ ഗിൽഡ്‌ഹാളിന് മുകളിലെ ഔദ്യോഗിക പതാക പാതി താഴ്ത്തി ആദരവ് അർപ്പിക്കുന്നത് ഇവിടുത്തെ പതിവാണ്. പൊതുസേവനരംഗത്ത് ആത്മാർത്ഥതയോടെയും ജനപക്ഷ സമീപനത്തോടെയും പ്രവർത്തിക്കുന്നവർക്ക് വലിയ പ്രചോദനമാണ് ബൈജു തിറ്റാലയ്ക്ക് ലഭിച്ച ഈ രാജ്യാന്തര അംഗീകാരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.