കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി യതീന്ദ്ര സിദ്ധരാമയ്യയും പ്രിയങ്ക് ഖാര്‍ഗെയും രംഗത്ത്; വെട്ടിലായി കോണ്‍ഗ്രസ് നേതൃത്വം

കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി  യതീന്ദ്ര സിദ്ധരാമയ്യയും പ്രിയങ്ക് ഖാര്‍ഗെയും രംഗത്ത്; വെട്ടിലായി കോണ്‍ഗ്രസ് നേതൃത്വം

ബംഗളൂരു: കര്‍ണാടകയില്‍ അധികാര കൈമാറ്റത്തിന് പിന്നാലെ വീണ്ടും അധികാര തര്‍ക്കം. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയായിരുന്നു ഇതുവരെ തര്‍ക്കമെങ്കില്‍ സിദ്ധരാമയ്യയില്‍ നിന്ന് മുഖ്യമന്ത്രി പദം ഡി.കെ ശിവകുമാറിലേക്ക് എത്തുമ്പോഴും പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല.

ഉപമുഖ്യമന്ത്രി സ്ഥാനത്തിനായാണ് ഇപ്പോള്‍ പോര് മുറുകുന്നത്. ഇതോടെ ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് പാര്‍ട്ടി നേതൃത്വം. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയുമാണ് ഉപമുഖ്യമന്ത്രി പദത്തിനായി രംഗത്തുള്ളത്.

മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഇളയ മകനാണ് യതീന്ദ്ര. പാത്തോളജിസ്റ്റായിരുന്ന അദേഹം 2018 ല്‍ പിതാവ് പ്രതിനിധീകരിച്ചിരുന്ന വരുണ നിയമസഭാ മണ്ഡലത്തില്‍ വിജയിച്ചാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 2018 മുതല്‍ 2023 വരെ എംഎല്‍എയായിരുന്ന അദേഹം 2024 ല്‍ എംഎല്‍സിയായി.

പുതിയ സര്‍ക്കാരിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ യതീന്ദ്രയെയും സിദ്ധരാമയ്യ ഒപ്പം കൂട്ടിയിരുന്നു. ഇതും യതീന്ദ്രയുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ച ഊഹാപോഹങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കി.

മുന്‍നിരയിലേക്ക് അധികം എത്താറില്ലെങ്കിലും സിദ്ധരാമയ്യ വിഭാഗത്തിന്റെ 'മാസ്റ്റര്‍ മൈന്‍ഡ്' എന്നാണ് യതീന്ദ്രയെക്കുറിച്ച് പൊതുവില്‍ പറയാറുള്ളത്. കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളില്‍ അദേഹത്തിന് വലിയ സ്വാധീനവുമുണ്ട്.

കര്‍ണാടക കോണ്‍ഗ്രസിലെ പ്രമുഖരായ യുവ നേതാക്കളില്‍ ഒരാളാണ് പ്രിയങ്ക് ഖാര്‍ഗെ. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനായ പ്രിയങ്ക് എന്‍.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. ചിറ്റാപൂരില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ പ്രിയങ്ക്, ഐടി, ബയോടെക്നോളജി, ഗ്രാമവികസനം, സാമൂഹിക ക്ഷേമം തുടങ്ങിയ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

യതീന്ദ്രയില്‍ നിന്ന് വ്യത്യസ്തമായി പ്രിയങ്ക് ഖാര്‍ഗെ ഇതിനകം തന്നെ കര്‍ണാടക രാഷ്ട്രീയത്തില്‍ സുപ്രധാന സ്ഥാനം നേടിയിട്ടുണ്ട്. മാത്രമല്ല, ഗ്രാമ-നഗര വ്യത്യാസമില്ലാതെ ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് യുവ വോട്ടര്‍മാരുടെ ഇടയിലടക്കം പാര്‍ട്ടിയുടെ ഏറ്റവും ശ്രദ്ധേയരായ മുഖങ്ങളില്‍ ഒരാളായി മാറാനും പ്രിയങ്കിന് കഴിഞ്ഞിട്ടുണ്ട്.

അതുകൊണ്ടു തന്നെ പ്രിയങ്കിന്റെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദം കേവലം കുടുംബ പാരമ്പര്യത്തിലല്ല, ഭരണപരവും രാഷ്ട്രീയവുമായ പരിചയ സമ്പത്തിലാണ് അധിഷ്ഠിതമെന്ന് പല കോണ്‍ഗ്രസ് നേതാക്കളും വിശ്വസിക്കുന്നു. ഈ സാഹചര്യത്തില്‍ യതീന്ദ്രയെയും പ്രിയങ്കിനെയും ഒരേപോലെ ഉള്‍ക്കൊള്ളുക എന്നത് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായി മാറി.

വിവിധ സമുദായങ്ങളില്‍ നിന്നും വിഭാഗങ്ങളില്‍ നിന്നും പാര്‍ട്ടി വലിയ സമ്മര്‍ദ്ദം നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍, ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത് പ്രായോഗിക പരിഹാരമായാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്.

സിദ്ധരാമയ്യ പക്ഷത്തിനും ഖാര്‍ഗെ പക്ഷത്തിനും ഇടയില്‍ ഒരാളെ തിരഞ്ഞെടുക്കുന്നതിന് പകരം, വ്യത്യസ്ത സമുദായങ്ങളെയും അധികാര കേന്ദ്രങ്ങളെയും പ്രതിനിധീകരിക്കുന്ന നേതാക്കളെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ ഇതിലൂടെ പാര്‍ട്ടിക്ക് സാധിക്കും.

അതേസമയം, ജി. പരമേശ്വര, സതീഷ് ജാര്‍ക്കിഹോളി, എം.ബി. പാട്ടീല്‍, ഈശ്വര്‍ ഖണ്ഡ്രെ, യു.ടി. ഖാദര്‍ എന്നിവരുടെ പേരുകളും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.