ചൂതാട്ട പരസ്യങ്ങൾ ഭാഗികമായി തടയാൻ ഓസ്‌ട്രേലിയ; സമ്പൂർണ നിരോധനം വേണമെന്ന് 77 ശതമാനം ജനങ്ങൾ

ചൂതാട്ട പരസ്യങ്ങൾ ഭാഗികമായി തടയാൻ ഓസ്‌ട്രേലിയ; സമ്പൂർണ നിരോധനം വേണമെന്ന് 77 ശതമാനം ജനങ്ങൾ

കാൻബറ: ഓസ്‌ട്രേലിയൻ കായിക രംഗത്തെയും മാധ്യമങ്ങളെയും ഗ്രസിച്ചിരിക്കുന്ന ശതകോടികളുടെ ചൂതാട്ട പരസ്യങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തണമെന്ന ജനങ്ങളുടെ ആവശ്യത്തിന് പുല്ലുവില കൽപ്പിച്ച് സർക്കാർ. പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ സർക്കാർ ഭാഗിക നിയന്ത്രണങ്ങൾ മാത്രം കൊണ്ടുവരാൻ തീരുമാനിച്ചത് രാജ്യവ്യാപകമായ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.

77 ശതമാനം ഓസ്‌ട്രേലിയക്കാരും ചൂതാട്ട പരസ്യങ്ങൾ പൂർണമായും നിരോധിക്കണമെന്ന് ആവശ്യപ്പെടുമ്പോഴാണ് കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന സർക്കാരിന്റെ ഈ നടപടി. ചൂതാട്ട പരസ്യങ്ങൾ കുട്ടികളിലും യുവാക്കളിലും വലിയ മാനസിക ആഘാതം സൃഷ്ടിക്കുന്നുണ്ടെന്ന് ഡീക്കിൻ സർവകലാശാലയുടെ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

കായിക മത്സരങ്ങളേക്കാൾ കൂടുതൽ പണം വെച്ചുള്ള ബെറ്റിംഗിനും അതിന്റെ ലാഭ നഷ്ടങ്ങൾക്കുമാണ് കുട്ടികൾ ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് പബ്ലിക് ഹെൽത്ത് വിദഗ്ദ്ധ സമന്ത തോമസ് ചൂണ്ടിക്കാട്ടി. 18 വയസ്സ് തികയുമ്പോൾ മദ്യപാനത്തിന് പകരം ബെറ്റിങ് ആപ്പുകൾ തുറക്കുന്ന തലമുറയാണ് വളർന്നു വരുന്നതെന്ന് എ.എൻ.യു സെന്റർ ഫോർ ഗാംബ്ലിങ് റിസർച്ച് ഡയറക്ടർ ഐനോ സുവോമിയും ആശങ്ക പങ്കുവെച്ചു.

2023 ലെ 'മർഫി റിവ്യൂ' റിപ്പോർട്ട് പ്രകാരം രാജ്യത്ത് ചൂതാട്ട പരസ്യങ്ങൾ പൂർണമായി നിരോധിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. എന്നാൽ ലേബർ പാർട്ടിക്ക് വൻതോതിൽ ഫണ്ട് നൽകുന്ന ചൂതാട്ട കമ്പനികളും എ.എഫ്.എൽ, എൻ.ആർ.എൽ തുടങ്ങിയ വൻകിട കായിക ലീഗുകളും ബ്രോഡ്കാസ്റ്റർമാരും സർക്കാരിൽ ചെലുത്തിയ സമ്മർദം ഈ നിർദേശങ്ങൾ അട്ടിമറിച്ചു. 280 ലധികം ലോബിയിസ്റ്റുകളാണ് പാർലമെന്റിൽ തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ പ്രവർത്തിക്കുന്നത്.

പൂർണ നിരോധനം ഏർപ്പെടുത്തിയാൽ 332 ബില്യൺ ഡോളറിന്റെ സാമൂഹിക നേട്ടം ലഭിക്കുമെന്ന് സർക്കാർ പഠനങ്ങളിൽ തന്നെ വ്യക്തമായിരുന്നു. എങ്കിലും വരുമാന നഷ്ടം ഭയന്ന് പരസ്യങ്ങളുടെ സമയം പരിമിതപ്പെടുത്തൽ, സോഷ്യൽ മീഡിയയിൽ നിയന്ത്രണം തുടങ്ങിയ ഭാഗികമായ മാറ്റങ്ങൾക്കാണ് സർക്കാർ തയ്യാറായിരിക്കുന്നത്. വരും ദിവസങ്ങളിൽ ഈ ബിൽ പാർലമെന്റിലെത്തുമ്പോൾ ഗ്രീൻസ് പാർട്ടി അടക്കമുള്ളവർ ശക്തമായ ഭേദഗതികൾ കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.