തൃണമൂലില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; അഭിഷേക് ബാനര്‍ജി രാഹുല്‍ ഗാന്ധിയെ കണ്ടു: ലക്ഷ്യം സഖ്യമോ ലയനമോ?

തൃണമൂലില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; അഭിഷേക് ബാനര്‍ജി രാഹുല്‍ ഗാന്ധിയെ കണ്ടു: ലക്ഷ്യം  സഖ്യമോ ലയനമോ?

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് നേരിടുന്ന കടുത്ത രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മമതാ ബാനര്‍ജി സോണിയ ഗാന്ധിയെ കണ്ടതിന് പിന്നാലെയാണ് അഭിഷേകും രാഹുലും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.

ഇരുപാര്‍ട്ടികളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഇന്ത്യാ സഖ്യത്തിന്റെ ഭാവി പരിപാടികള്‍ സംബന്ധിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്തതായാണ് വിവരം. അഭിഷേകും രാഹുലും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നതിലും അധികം സമയം നീണ്ടുനിന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. 45 മിനിറ്റ് തീരുമാനിച്ച കൂടിക്കാഴ്ച ഒന്നര മണിക്കുറോളമാണ് നീണ്ടത്.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം മമതയും സോണിയയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. പാര്‍ട്ടിക്കുള്ളിലുണ്ടായ വലിയ പിളര്‍പ്പും തിരിച്ചടികളുമാണ് കോണ്‍ഗ്രസുമായി അടുക്കാന്‍ മമത ബാനര്‍ജിയെ പ്രേരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ടിഎംസിയുടെ 78 എംഎല്‍എമാരില്‍ 59 പേരും പാര്‍ട്ടി വിട്ടിരുന്നു.

ലോക്സഭയിലും സമാനമായ രീതിയില്‍ പാര്‍ട്ടി പിളരാന്‍ സാധ്യതയുള്ള സാഹചര്യമാണ് നിലവിലുള്ളത്. കൂടാതെ മൂന്ന് രാജ്യസഭാ എംപിമാര്‍ ഇതിനോടകം രാജിവെച്ചതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മുതിര്‍ന്ന തൃണമൂല്‍ നേതാവ് പ്രകാശ് ചിക് ബരാകാണ് രാജ്യസഭാംഗത്വം ഇന്ന് രാജിവച്ചത്. ഈ ഒരാഴ്ചയ്ക്കുള്ളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പാര്‍ലമെന്റംഗത്വം രാജിവെക്കുന്ന മൂന്നാമത്തെ എംപിയാണ് പ്രകാശ് ചിക് ബരാക്.

ഈ ആഴ്ചയുടെ തുടക്കത്തില്‍ മുതിര്‍ന്ന നേതാവായ സുഖേന്ദു ശേഖര്‍ റോയ് പാര്‍ട്ടി പദവികളും എംപി സ്ഥാനവും രാജിവെച്ചിരുന്നു. പിന്നാലെ മറ്റൊരു എംപിയും പ്രമുഖ വനിതാ നേതാവുമായ സുഷ്മിത ദേവും എംപി സ്ഥാനം രാജിവച്ച് പാര്‍ട്ടി വിട്ടിരുന്നു.

ഇത്തരത്തില്‍ കൊഴിഞ്ഞു പോക്ക് തുടരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം മമതയ്ക്ക് രാഷ്ട്രീയമായി ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടിഎംസിയും കോണ്‍ഗ്രസും ലയിക്കുമെന്ന രീതിയിലുള്ള അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ടിഎംസി നേതൃത്വം വ്യക്തമാക്കുന്നുണ്ടെങ്കിലും ലയന തള്ളിക്കളയാനാകില്ല.

എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ കടുത്ത പ്രതിസന്ധികളെ തുടര്‍ന്നാണ് തൃണമൂല്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെ തേടി വരുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പരിഹസിച്ചു. ഇത്രയും കാലം കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ താല്‍പര്യം കാണിക്കാതിരുന്ന ടിഎംസി നേതാക്കള്‍ ഇപ്പോള്‍ അതിനായി ഓടി നടക്കുകയാണെന്നും അദേഹം പറഞ്ഞു. 2011 ല്‍ കോണ്‍ഗ്രസ് സഖ്യത്തിലാണ് മമത അധികാരത്തില്‍ വന്നതെങ്കിലും 2012 ല്‍ ടിഎംസി യുപിഎ വിട്ടതോടെ ആ ബന്ധം അവസാനിച്ചിരുന്നു.

മമത ബാനര്‍ജി ഉടന്‍ തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തുമെന്നും സൂചനകളുണ്ട്. എന്നാല്‍ മമതയുമായുള്ള സഖ്യം കോണ്‍ഗ്രസിന് ഗുണകരമാകില്ലെന്നും ബംഗാളില്‍ കോണ്‍ഗ്രസ് ഇടത് പാര്‍ട്ടികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്നും അഭിപ്രായമുള്ളമുള്ളവരാണ് ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.