കടുവയും ആനയും രാഷ്ട്രീയക്കളിയും: കാടുവിഷയത്തിൽ എന്നാണ് നമുക്ക് ബോധം വരിക?

കടുവയും ആനയും രാഷ്ട്രീയക്കളിയും: കാടുവിഷയത്തിൽ എന്നാണ് നമുക്ക് ബോധം വരിക?

വയനാട്ടിൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ വീണ്ടും ഒരു വിലപ്പെട്ട ജീവൻ പൊലിഞ്ഞിരിക്കുന്നു. ഇടുക്കിയിലും ചിന്നക്കനാലിലും മനുഷ്യർ ചോരവാർന്ന് വീഴുമ്പോൾ കാട്ടാനയും കാട്ടു പന്നിയും ജനവാസമേഖലകളിൽ 'വിസയില്ലാതെ' കയറി നിരങ്ങുകയാണ്. ഉടനെ പതിവുപോലെ നമ്മുടെ രാഷ്രീയ ഗോദ ഉണരുകയായി, 'പോത്തിനെന്ത് വേദാന്തം' എന്ന് ചോദിക്കുന്നതുപോലെ 'ആനയ്‌ക്കെന്ത് രാഷ്ട്രീയം' എന്നറിയാത്ത നേതാക്കൾ ചാനൽ ചർച്ചകളിൽ പോർവിളിക്കുന്നു.

കേന്ദ്ര നിയമത്തെയും സംസ്ഥാന ഭരണത്തെയും മാറിമാറി കുറ്റം പറഞ്ഞ് അവർ റേറ്റിങ് കൂട്ടുമ്പോൾ അതിർത്തിയിലെ കർഷകൻ സ്വന്തം ശവസംസ്കാര ചടങ്ങുകൾക്കുള്ള തുക മാറ്റിവെക്കേണ്ട അവസ്ഥയിലാണ്. വന്യമൃഗങ്ങൾക്ക് വോട്ടർ ഐഡി കാർഡോ പാർട്ടി അണി പതാകകളോ ഇല്ലെന്ന കാര്യം പരസ്പരം ചെളിവാരിയെറിയുന്ന രാഷ്രീയക്കാർ ദയവായി ഓർക്കണം.

മരണം നടന്ന ശേഷം ധനസഹായവും ആശ്രിത നിയമനവും പ്രഖ്യാപിക്കുന്നത് ഒരു വന്യജീവി മാനേജ്മെന്റ് തന്ത്രമല്ല. പരസ്പരം വിരൽചൂണ്ടുന്നത് നിർത്തി എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തിൽ അടിയന്തരമായി ഒന്നിക്കേണ്ടതുണ്ട്. ഇത് വോട്ട് ബാങ്ക് രാഷ്ട്രീയമല്ല, മറിച്ച് മനുഷ്യന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്. കാട്ടിൽ നിന്ന് നാട്ടിലിറങ്ങുന്ന മൃഗങ്ങളെ പ്രതിരോധിക്കാൻ ഭരണ-പ്രതിപക്ഷ ഭേദമന്യേ ഒറ്റക്കെട്ടായുള്ള ഒരു യുദ്ധകാലാടിസ്ഥാനത്തിലുള്ള നീക്കമാണ് കേരളത്തിന് ഇപ്പോൾ ആവശ്യം.

മൃഗങ്ങൾ എന്തുകൊണ്ടാണ് കാടുവിട്ട് നാട്ടിലേക്ക് ടൂർ വരുന്നത് എന്ന് നാം ഗൗരവമായി ചിന്തിക്കണം. കാടിനുള്ളിലെ സ്വാഭാവിക പുൽമേടുകളും ഫലവൃക്ഷങ്ങളും നശിപ്പിച്ച് വാണിജ്യ തോട്ടങ്ങൾ വെച്ചുപിടിപ്പിച്ചതാണ് ഇതിന് പ്രധാന കാരണം. കാടിനുള്ളിൽ മൃഗങ്ങൾക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്ന തരത്തിൽ വനവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാണ് ആദ്യ പടി. ടൂറിസത്തിന്റെ പേരിൽ ആനത്താരകൾ കയ്യേറി നിർമ്മിച്ച കോൺക്രീറ്റ് കെട്ടിടങ്ങൾ ഒഴിപ്പിച്ച് അവയ്ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള വഴി ഒരുക്കണം.

വെറും പ്രഹസനങ്ങളായ കിടങ്ങുകൾക്കും കാടുകയറിയ സോളാർ വേലികൾക്കും അപ്പുറം ശാശ്വതമായ പ്രതിരോധ സംവിധാനങ്ങൾ സർക്കാർ നടപ്പിലാക്കണം. അതിർത്തികളിൽ ബലമുള്ള റെയിൽ ഫെൻസിങുകളും സ്മാർട്ട് ബയോ-വേലികളും സ്ഥാപിക്കുകയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനങ്ങൾ കർഷകർക്ക് ലഭ്യമാക്കുകയും വേണം.

വന്യമൃഗങ്ങൾക്ക് കാട്ടിലും മനുഷ്യർക്ക് നാട്ടിലും സമാധാനമായി ഉറങ്ങാൻ കഴിയുന്ന ഒരു അതിർത്തി നിർണായിക്കാത്തിടത്തോളം കാലം ഈ 'ജംബോ സർക്കസ്' കോമഡി ഇവിടെ തുടർന്നുകൊണ്ടേയിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.