കീവ്: റഷ്യ-ഉക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ അതിന്റെ ഏറ്റവും വേദനാജനകമായ പ്രത്യാഘാതങ്ങളിലൊന്ന് നവജാത ശിശുക്കളെയാണ് ബാധിക്കുന്നത്. യുദ്ധം സൃഷ്ടിക്കുന്ന നിരന്തരമായ ഭീതി, മാനസിക സമ്മർദം, ആരോഗ്യ സേവനങ്ങളിലുണ്ടാകുന്ന തടസങ്ങൾ എന്നിവ കാരണം രാജ്യത്ത് മാസം തികയാതെയുള്ള പ്രസവങ്ങളുടെ നിരക്ക് ഗണ്യമായി ഉയരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.
സാപ്പോറീഷ്യ സ്വദേശിനിയായ മാർഹരിതയുടെ ജീവിതം യുദ്ധത്തിന്റെ ദുരിതമുഖം തുറന്നുകാട്ടുന്നു. ഗർഭകാലത്തിന്റെ വെറും 26-ാം ആഴ്ചയിൽ ജനിച്ച മകൻ മാർക്കിന് ജനിക്കുമ്പോൾ തൂക്കം 940 ഗ്രാം മാത്രമായിരുന്നു. യുദ്ധമുന്നണിയിൽ സേവനമനുഷ്ഠിക്കുന്ന ഭർത്താവിൽ നിന്ന് അകന്ന് മകന്റെ ചികിത്സയ്ക്കായി ആശുപത്രിയിൽ കഴിയുകയാണ് ഈ യുവതി.
മിസൈൽ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി പോരാടുന്ന കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള അമ്മയുടെ പോരാട്ടം യുദ്ധത്തിന്റെ മാനുഷിക ദുരന്തത്തിന്‍റെ പ്രതീകമായി മാറുകയാണ്. ഐക്യരാഷ്ട്രസഭയും ഗവേഷണ സ്ഥാപനങ്ങളും പുറത്തുവിട്ട വിവരങ്ങൾ പ്രകാരം യുദ്ധബാധിത മേഖലകളിൽ അകാല പ്രസവങ്ങൾ വർധിച്ചിട്ടുണ്ട്.
ഗർഭിണികളിൽ ഉണ്ടാകുന്ന ദീർഘകാല മാനസിക സമ്മർദം ശരീരത്തിൽ ജൈവ പ്രതികരണങ്ങൾ സൃഷ്ടിക്കുകയും അതുവഴി പ്രസവം നേരത്തെയാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.
വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുമ്പോൾ നവജാത ശിശുക്കളുമായി ഭൂഗർഭ ബങ്കറുകളിലേക്ക് ഓടുന്ന അമ്മമാരുടെ കാഴ്ച ഉക്രെയ്നിലെ പല നഗരങ്ങളിലും പതിവായി മാറിയിരിക്കുകയാണ്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന വളരെ കുറഞ്ഞ തൂക്കമുള്ള കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുക പോലും പലപ്പോഴും അസാധ്യമാണ്.
മിസൈൽ ആക്രമണ ഭീഷണികൾക്കിടയിലും ആശുപത്രികൾ പ്രസവങ്ങളും അടിയന്തര ശസ്ത്രക്രിയകളും തുടരുന്നുണ്ടെങ്കിലും ആരോഗ്യ പ്രവർത്തകർ വലിയ വെല്ലുവിളികളാണ് നേരിടുന്നത്.
അകാല പ്രസവങ്ങൾ, ഗർഭധാരണ സങ്കീർണതകൾ, ജനന നിരക്കിലെ ഇടിവ് എന്നിവ ഉക്രെയ്നിന്റെ ഭാവി ജനസംഖ്യാ ഘടനയെ ഗുരുതരമായി ബാധിക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലോകത്ത് ഏറ്റവും കുറഞ്ഞ ജനന നിരക്കുള്ള രാജ്യങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്ന ഉക്രെയ്നിൽ ഒരു സ്ത്രീക്ക് ശരാശരി ഒരു കുട്ടി മാത്രമെന്ന നിലയിലേക്ക് ജനന നിരക്ക് താഴ്ന്നിരിക്കുകയാണ്.
യുദ്ധത്തിന്റെ കനലിൽ പൊള്ളുന്ന ഈ കുരുന്നു ജീവിതങ്ങൾ ആയുധ സംഘർഷങ്ങളുടെ യഥാർത്ഥ വില എന്താണെന്ന ചോദ്യം വീണ്ടും ലോകമനസാക്ഷിയുടെ മുന്നിൽ ഉയർത്തുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.