ശരീരം രക്ഷയുടെ വിജാഗിരിയാണ്
മനുഷ്യന്റെ ശരീരവും ആത്മാവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വിഭിന്നങ്ങളായ തത്വചിന്തകൾ കഴിഞ്ഞ രണ്ടു ഭാഗങ്ങളിലായി നാം കാണുകയുണ്ടായി. എന്നാൽ, ഇതിനെക്കുറിച്ചുള്ള കത്തോലിക്ക സഭയുടെ ആധികാരിക പഠനങ്ങൾ എന്താണ് എന്ന് നമുക്ക് മനസിലാക്കാം.
കത്തോലിക്കസഭയുടെ പഠനമനുസരിച്ചു, ദൈവഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ഒരേ സമയം ശാരീരിയും ആത്‌മീയനുമാണ്. വിശുദ്ധ ഗ്രന്ഥത്തിലെ സൃഷ്ടിവിവരണം ഈ സത്യം പ്രതീകാത്മമായി ആവിഷ്കരിക്കുന്നതിങ്ങനെയാണ് : "ദൈവമായ കർത്താവു ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ത്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു. മനുഷ്യശരീരം ദൈവഛായയുടെ മാഹാത്മത്തിൽ പങ്കു ചേരുന്നു; അത് മനുഷ്യ ശരീരമാകുന്നതു , അമൂർത്തമായ ആത്മാവിനാൽ സജീവമാക്കപ്പെടുന്നതുമൂലമാണ് . ശരീരവും ആത്മാവും ചേർന്നവനെങ്കിലും മനുഷ്യൻ ഒരു ഏകത്വമാണ് . ശാരീരിയായിരിക്കുന്നതിലൂടെ മനുഷ്യൻ ഭൗതീക പ്രപഞ്ചത്തിലെ പദാർഥങ്ങളെയെല്ലാം തന്നിൽ സംഗ്രഹിക്കുന്നു . അവനിലൂടെ അവയെല്ലാം ഗുണപൂർണ്ണതയുടെ ഔന്നത്യലേക്കു നയിക്കപ്പെടുകയാണ്. സ്രഷ്‌ടാവിനെ സ്വമേധയാ പുകഴ്ത്തുവാൻ അവ അങ്ങനെ യോഗ്യമായിത്തീരുന്നു .ഇക്കാരണത്താൽ മനുഷ്യൻ തന്റെ ശാരീരിക ജീവനെ നിന്ദിക്കുവാൻ പാടില്ല. ദൈവം ശരീരത്തെ സൃഷ്ടിച്ചു; അന്തിമദിവസം അതിനെ അവിടുന്ന് ഉയർപ്പിക്കും . ഇക്കാരണത്താൽ മനുഷ്യൻ തന്റെ ശരീരത്തെ നല്ലതും ബഹുമാനാർഹവുമായി പരിഗണിക്കണം.
മനുഷ്യന്റെ ഏക പ്രകൃതി
ആത്മാവിനെ ശരീരത്തിന്റെ "രൂപം" എന്ന് വിളിക്കത്തക്കവിധം, ആത്മശരീരങ്ങൾ തമ്മിലുള്ള ഐക്യം ഗാഢമാണ്. അതായതു, അമൂർത്തമായ ഈ ആത്മാവ് നിമിത്തമാണ്, മൂർത്തശരീരം സജീവമായി മനുഷ്യന്റെ ശരീരമായിത്തീരുന്നത് . മനുഷ്യനിലെ ആത്മാവും മൂർത്തശരീരവും രണ്ടു പ്രകൃതികളെ കൂട്ടിയോജിപ്പിച്ച് ഒന്നിച്ചു നിർത്തിയിരിക്കുന്നതല്ല, പ്രത്യുത , അവയുടെ സംയോജനഫലമായി ഈ ഏക പ്രകൃതി രൂപമെടുത്തിരിക്കുന്നതാണ്. മനുഷ്യ വ്യക്തി ഒരേസമയം ശാരീരിയും ആത്മീയനുമാണ് . മനുഷ്യനിൽ ദേഹവും ദേഹിയും ചേർന്ന് ഏക സ്വഭാവമാകുന്നു.
ആത്മാവ് മാതാപിതാക്കന്മാരാൽ ഉത്പാദിക്കപ്പെട്ടതല്ല
അമൂർത്തമായ ഓരോ മനുഷ്യാത്മാവും ദൈവത്താൽ നേരിട്ട് സൃഷ്ടിക്കപ്പെട്ടതാണ്; അത് മാതാപിതാക്കന്മാരാൽ ഉത്പാദിക്കപ്പെട്ടതല്ല . മനുഷ്യാത്മാവ് അനശ്വരമാണ് എന്നാണ് സഭ പഠിപ്പിക്കുന്നത്. മരണത്തോടെ ശരീരത്തിൽ നിന്ന് വേർപിരിയുമ്പോഴും ആത്മാവ് നശിക്കുന്നില്ല. അന്തിമ ഉത്ഥാനത്തിൽ അത് ശരീരവുമായി സംയോജിക്കും. (സിസിസി 362 -366)
ശരീരത്തിന്റെയും ലൈംഗികതയുടെയും കത്തോലിക്കാ കാഴ്ചപ്പാട് മനസ്സിലാക്കുന്നതിൽ ആധുനിക ലോകം പരാജയപ്പെട്ടിരിക്കുന്നു. ശരീരത്തെ വെറും ‘ബയോളജിക്കൽ’ മാത്രമായി ചുരുക്കിയിരിക്കുന്നു എന്ന് വി ജോൺ പോൾ രണ്ടാമൻ പാപ്പാ പറയുന്നു . ക്രിസ്തുമതം ഒരിക്കലും ശരീരത്തെ നിരാകരിക്കുന്നില്ല. ദൈവം മനുഷ്യന് തന്നെത്തന്നെ വെളിപ്പെടുത്തിയത് ശരീരം സ്വീകരിച്ചുകൊണ്ടാണ്. അവൻ കഷ്ടപ്പാടുകൾ സഹിച്ചു മരിച്ചതു ശരീരത്തിലാണ്. ശരീരത്തിൽ അവൻ ഉയിർത്തെഴുന്നേറ്റു. സ്വർഗത്തിലേക്കുള്ള നമ്മുടെ യാത്രയ്ക്കിടെ നമ്മെ പോഷിപ്പിക്കുന്നതിനായി അവിടുന്ന് തന്റെ ശരീരവും രക്തവും നമുക്കായി നൽകി. “വചനം മാംസമായി അവതരിച്ചതിലൂടെ മാംസം ദൈവശാസ്ത്രത്തിലേക്ക് കൂടുതൽ ആഴത്തിൽ പ്രവേശിച്ചു, പ്രധാനപ്പെട്ട വാതിലിലൂടെ തന്നെ” എന്ന വി ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വാക്കുകൾ ഏറെ അർഥതലങ്ങൾ ഉള്ളതാണ് . ശരീരം രക്ഷയുടെ വിജാഗിരിയാണ് . ശരീരത്തിന്റെ സ്രഷ്ടാവായ ദൈവത്തിൽ നാം വിശ്വസിക്കുന്നു. ശരീരത്തെ രക്ഷിക്കുവാൻ വേണ്ടി ശരീരം ധരിച്ച വചനത്തിൽ നാം വിശ്വസിക്കുന്നു. സൃഷ്ടിയുടെയും ശരീരത്തിന്റെ വീണ്ടെടുപ്പിന്റെയും പരമകാഷ്ഠയായ ശരീരത്തിന്റെ ഉത്ഥാനത്തിൽ നാം വിശ്വസിക്കുന്നു. (സിസിസി 1015)എന്നാൽ നമ്മുടെ ശത്രുവായ സാത്താൻ എപ്പോഴും നമ്മുടെ ശരീരത്തെയും ലൈംഗികതയെയും ആക്രമിക്കാൻ ശ്രമിക്കുന്നു. നമ്മുടെ ശരീരത്തിന്റെ അന്തസ്സിനെതിരായ ഈ ആക്രമണം മനുഷ്യന്റെ മാംസം ധരിച്ച ദൈവം തന്നെയായ ക്രിസ്തുവിനെ തള്ളിപ്പറയുന്നതിലേക്കാണ് നമ്മെ നയിക്കുന്നത്.
(തുടരുന്നതാണ്)
വി ജോൺ പോൾ രണ്ടാമൻ പാപ്പായുടെ "ശരീരത്തിന്റെ ദൈവശാസ്ത്ര”ത്തെക്കുറിച്ചു കൂടുതൽ അറിയുവാൻ താത്പര്യമുണ്ടെങ്കിൽ ഇമെയിൽ അയക്കുക. email: [email protected].
വിഡിയോകൾക്കായി യൂട്യൂബ്: BABU JOHN TOBFORLIFE.
(ടി ഒ ബി ഫോർ ലൈഫ് സ്ഥാപകനും ഡയറക്ടറും ‘തിയോളജി ഓഫ് ദി ബോഡി’ പ്രഭാഷകനുമാണ് ലേഖകന്‍)
തിയോളജി ഓഫ് ബോഡി മുഴുവൻ പരമ്പര വായിക്കുന്നതിനായി ഇവിടെ അമർത്തുക
TOB 1 ശരീരത്തിനും ഒരു ദൈവശാസ്ത്രമോ ?
TOB 2 എന്താണ് ശരീരത്തിൻറെ ദൈവശാസ്ത്രം
TOB 3 സെക്സ് എന്ന പദം ഉപയോഗിക്കുവാൻ നിങ്ങൾക്ക് മടിയുണ്ടോ
TOB 4 എന്തുകൊണ്ട് ദൈവം നമ്മെ ആണായി അല്ലെങ്കിൽ പെണ്ണായി സൃഷ്ടിച്ചു
TOB 5 ദൈവം നമ്മെ സൃഷ്ടിച്ചത് ഒരു ദാനമായിത്തീരാനാണ്(ഭാഗം1))
TOB 6 ദൈവം നമ്മെ സൃഷ്ടിച്ചത് ഒരു ദാനമായിത്തീരാനാണ്(തുടർച്ച)
TOB 7 ശരീരത്തിനാണോ ആത്മാവിനാണോ പ്രാധാന്യം? (ഭാഗം 1)
TOB 8 ശരീരത്തിനാണോ ആത്മാവിനാണോ പ്രാധാന്യം? (ഭാഗം 2
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.