ഒക്ടോബര്‍ 9 - ലോക തപാല്‍ ദിനം

ഒക്ടോബര്‍ 9 - ലോക തപാല്‍ ദിനം

1874 ല്‍ ബെര്‍ണെയില്‍ യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്‍ സ്ഥാപിതമായ ദിവസത്തിന്റെ ഓര്‍മയ്ക്കായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 9 ലോക തപാല്‍ ദിനമായി ആഘോഷിക്കുന്നു. ഒക്ടോബര്‍ 15 വരെ നീളുന്ന ദേശീയ തപാല്‍ വാരാഘോഷത്തിന്റെ തുടക്കം കുറിക്കുന്നതും ഈ ദിനത്തില്‍ തന്നെയാണ്.

പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തിലും തൊഴിലിലും തപാല്‍ മേഖലയുടെ സ്വാധീനത്തെയും ആഗോള സാമൂഹിക-സാമ്പത്തിക വികസനത്തില്‍ തപാല്‍ മേഖലയുടെ സംഭാവനകളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ആഘോഷത്തിന്റെ ലക്ഷ്യം.

ദേശീയ തപാല്‍ വാരാഘോഷത്തിന്റെ ഓരോ ദിവസവും വകുപ്പ് നല്‍കുന്ന സേവനങ്ങളിലൊന്ന് ഉയര്‍ത്തിക്കാട്ടുന്നതിനായി നീക്കിവച്ചിരിക്കുന്നു. ഒക്ടോബര്‍ 9 ന് ലോക തപാല്‍ ദിനാഘോഷത്തിന് ശേഷം ഒക്ടോബര്‍ 10 ന് ബാങ്കിംഗ് ദിനം, ഒക്ടോബര്‍ 12 ന് തപാല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് (പി.എല്‍.ഐ.) ദിനം, ഒക്ടോബര്‍ 13 ന് ഫിലാറ്റലി ദിനം, ഒക്ടോബര്‍ 14 ന് ബിസിനസ്സ് വികസന ദിനം, ഒക്ടോബര്‍ 15 ന് മെയില്‍സ് ദിനം ആഘോഷിക്കുന്നു.

സാധാരണയായി തപാല്‍ വാരാഘോഷത്തിന്റെ ഭാഗമായി വകുപ്പിന്റെ വിവിധ പങ്കാളികളുമായി ബന്ധപ്പെട്ടുള്ള പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. കോവിഡ് മഹാമാരിയുടെ വ്യാപനം കണക്കിലെടുത്ത് ഈ വര്‍ഷത്തെ മിക്ക പരിപാടികളും വെര്‍ച്വല്‍ ആയാണ് സംഘടിപ്പിക്കുക. എന്നിരുന്നാലും, മാന്യ ഉപഭോക്താക്കളെ ബഹുമാനിക്കുന്നതിനുള്ള പരിപാടികള്‍, പ്രചാരണ പ്രവര്‍ത്തനങ്ങള്‍, ജീവനക്കാര്‍ക്കുള്ള മത്സരങ്ങള്‍, അവാര്‍ഡുകളുടെ വിതരണം, ദുരന്ത ലഘൂകരണം എന്ന വിഷയത്തില്‍ കുട്ടികള്‍ക്കായുള്ള ഡ്രോയിംഗ് മത്സരം, കുട്ടികള്‍ക്കായുള്ള ഉപന്യാസ മത്സരം, വനവല്‍ക്കരണ യത്‌നം തുടങ്ങിയവ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഈ ആഘോഷത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. 

ഉപഭോക്താവിന്റെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കനുസൃതമായി തപാല്‍ വകുപ്പ് 165 വര്‍ഷത്തിലേറെയായി നല്‍കിക്കൊണ്ടിരിക്കുന്ന പരമ്പരാഗത തപാല്‍, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് സേവനങ്ങള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ നവികരിക്കുകയുണ്ടായി. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി നിരവധി പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുകയും ഓരോ സാധാരണക്കാരനും പ്രയോജനപ്രദമായി പദ്ധതികള്‍ അവരിലേയ്ക് എത്തിക്കുവാനായി തപാലാപ്പീസുകളുടെ വിശാലമായ ശൃംഖല സര്‍ക്കാരിനും മറ്റ് മേഖലകളിലുള്ളവരുടെയും ഉപയോഗത്തിനായി വാഗ്ദാനം ചെയ്യുകയും ചെയ്തു. ഉപയോക്താക്കള്‍ക്ക് കൃത്യമായ വിതരണം ഉറപ്പ് വരുത്താനായി വകുപ്പ് പാര്‍സല്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങള്‍ നവീകരിക്കുകയും റോഡ് ഗതാഗത ശൃംഖല മെച്ചപ്പെടുത്തുകയും ചെയ്തു. സര്‍ക്കിളിലെ പല പോസ്റ്റോഫീസുകളിലും എല്ലാ യൂട്ടിലിറ്റി പേയ്മെന്റുകളും നടത്താവുന്ന പൊതു സേവന കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. മിക്ക പോസ്റ്റോഫീസുകളും ആധാര്‍ കാര്‍ഡുകള്‍ക്കായി എന്റോള്‍ ചെയ്യുന്നതിനും ആധാര്‍ പോര്‍ട്ടലിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനും സഹായിക്കുന്നു. സര്‍ക്കിളിലെ എട്ട് പോസ്റ്റോഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന പാസ്പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ സഹായിക്കുന്നു.

കോവിഡ് 19 മഹാമാരിയ്ക്കിടയിലും മരുന്നുകള്‍, ചികിത്സാ ഉപകരണങ്ങള്‍, ഭയാനകമായ വൈറസിന്റെ വ്യാപനത്തെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമായ മറ്റ് ചരക്കുകള്‍ എന്നിവ എത്തിക്കുന്നതിലും ആധാര്‍ ഇനേബിള്‍ഡ് പേയ്മെന്റ് സിസ്റ്റം (എ.ഇ.പി.എസ്) ഉപയോഗിച്ച് ജനങ്ങള്‍ക്ക് അവരുടെ വീട്ടുപടിക്കല്‍ തന്നെ പണം പിന്‍വലിക്കാനുള്ള സൌകര്യം ഒരുക്കുന്നതിലും തപാല്‍ വകുപ്പിന്റെ പങ്ക് വ്യാപകമായി അംഗീകരിക്കപ്പെട്ടു. ലോക്ക്‌ഡൌണ്‍ സമയത്ത് മണിയോര്‍ഡറുകള്‍, പെന്‍ഷനുകള്‍ എന്നിവ വിതരണം ചെയ്യുന്നതിനും സേവിംഗ്‌സ് ബാങ്ക് നിക്ഷേപത്തില്‍ നിന്നും തുക പിന്‍വലിക്കലിക്കുന്നതിനുമായി 24 മൊബൈല്‍ പോസ്റ്റോഫീസുകള്‍ ഉപഭോക്താക്കള്‍ക്കരികിലെത്തി. വീട്ടില്‍ ഇരുന്നു തന്നെ തപാല്‍ സേവനം ലഭ്യമാക്കുന്നതിന്, 'Nte Tapal' എന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചു. ലോക്ക്‌ഡൌണ്‍ സമയത്ത് ഇടമലക്കുടി എന്ന ഗോത്ര ഗ്രാമ പഞ്ചായത്തിലെ ക്ഷേമപദ്ധതികളുടെ ഉപഭോക്താക്കള്‍ക്ക് പണം വിതരണം ചെയ്യാനായി ബി.എസ്.എന്‍.എല്‍.-ന്റെ സഹായത്തോടെ ഇടമലക്കുടി പോസ്റ്റ് ഓഫീസില്‍ സമര്‍പ്പിത വിസാറ്റ് കണക്റ്റിവിറ്റി നല്‍കി. റെയില്‍വേയും തപാല്‍ വകുപ്പിന്റെ ലോജിസ്റ്റിക്‌സ് പോസ്റ്റ് സേവനവും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ പോസ്റ്റ് എന്ന സേവനത്തിന് തുടക്കം കുറിച്ചു. അടുത്തിടെ 'കോവിഡ് 19 സമയത്ത് മികച്ച ലോജിസ്റ്റിക്‌സ് സേവനദാതാവ്' അവാര്‍ഡ് തപാല്‍ വകുപ്പ് നേടി എന്നത് എടുത്തുപറയേണ്ടതാണ്.

166 വര്‍ഷത്തിലധികം ചരിത്രമുള്ള തപാല്‍ വകുപ്പ് ഫിസിക്കലില്‍ നിന്ന് ഡിജിറ്റലിലേക്കും മാനുവലില്‍ നിന്ന് ഓണ്‍ലൈനിലേക്കും പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. സമൂഹത്തിന് മൂല്യവര്‍ദ്ധിത സേവനം നല്‍കാനുള്ള പ്രതിജ്ഞാബദ്ധതയെ ലോക തപാല്‍ ദിനവും തപാല്‍ വാരാഘോഷവും വകുപ്പിനെ ഓര്‍മ്മപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍, സാധാരണക്കാരന്റെ മുഖത്ത് പുഞ്ചിരി വിടര്‍ത്തിയിരുന്നത് പോസ്റ്റ്മാന്‍ ആണെങ്കില്‍, ഇപ്പോള്‍ ഓണ്‍ലൈനില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന അനേകം ആളുകളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുന്നത് വേഗത, വിശ്വസനീയത, ഉത്തരവാദിത്തം, അനായാസവും വൈവിധ്യവുമാര്‍ന്ന സേവനങ്ങള്‍ എന്നിവയാണ്. ഈ ദിനത്തില്‍, തപാല്‍ വകുപ്പ് ജനങ്ങള്‍ക്കും സമൂഹത്തിനും ഗുണനിലവാരമുള്ള സേവനം കാഴ്ച വയ്ക്കാനും ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പുവരുത്തുന്നതിനായുമുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുകാണ്. 

ഭാരതീയ തപാല്‍ വകുപ്പിന്റെ ഉത്പന്നങ്ങളും സേവനങ്ങളും തന്നെയാകും ഉപഭോക്താക്കള്‍ ആദ്യംതന്നെ തിരഞ്ഞെടുക്കുക എന്ന ഉറപ്പോടെ ആകാഴ്ചപ്പാടിന് അനുസൃതമായി ഉയരാന്‍ തപാല്‍ വകുപ്പ് എന്നും പ്രതിജ്ഞാബദ്ധമാണ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.