കാമറൂണിൽ കത്തോലിക്കാ വൈദികനെയും രണ്ട് സന്ന്യാസിമാരെയും തട്ടിക്കൊണ്ടുപോയി; ആശങ്കയൊഴിയാതെ രൂപത

കാമറൂണിൽ കത്തോലിക്കാ വൈദികനെയും രണ്ട് സന്ന്യാസിമാരെയും തട്ടിക്കൊണ്ടുപോയി; ആശങ്കയൊഴിയാതെ രൂപത

എൻകോങ്സാംബ (കാമറൂൺ): വടക്കു പടിഞ്ഞാറൻ കാമറൂണിൽ കത്തോലിക്കാ വൈദികനെയും രണ്ട് ഫ്രാൻസിസ്കൻ സന്ന്യാസിമാരെയും അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. വൈദികന്റെയും സന്ന്യാസിമാരുടെയും സുരക്ഷിതമായ മോചനത്തിനായി എൻകോങ്സാംബ കത്തോലിക്കാ രൂപത പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചു.

ജൂൺ 26 വെള്ളിയാഴ്ച വടക്കു പടിഞ്ഞാറൻ കാമറൂണിലെ എൻഡോപിനടുത്തുള്ള മെലിമിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ പോയതായിരുന്നു ഫാ. ജോൺ ബോസ്കോ ബിഹ്കോങ്. ഇദേഹത്തോടൊപ്പം കെകെമിലെ എഫ്.എഫ്.ഇ. കോൺവെന്റിന്റെ ഗാർഡിയനായ ബ്രദർ സിൽവെസ്റ്റർ സെവോങ്, സന്ന്യാസവ്രതവാഗ്ദാനത്തിന് ഒരുങ്ങുന്ന ബ്രദർ മേരി റോഡ്രിഗ് സോപ്പ് എന്നിവരും ഉണ്ടായിരുന്നു.

തൊട്ടടുത്ത ദിവസം രാത്രിയാണ് മൂവരെയും അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയതെന്ന് ജൂൺ 30-ന് രൂപതാ വികാരി ജനറൽ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഇവരെ തട്ടിക്കൊണ്ടുപോയത് ആരാണെന്നോ അവരുടെ ലക്ഷ്യമെന്താണെന്നോ വ്യക്തമല്ല. ഇതുവരെ തട്ടിക്കൊണ്ടുപോയവരുമായി യാതൊരുവിധ ആശയ വിനിമയമോ ബന്ധമോ സ്ഥാപിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

ഇംഗ്ലീഷ്, ഫ്രഞ്ച് സംസാരിക്കുന്ന വിഭാഗങ്ങൾ തമ്മിലുള്ള 'ആംഗ്ലോഫോൺ പ്രതിസന്ധി' മൂലം വർഷങ്ങളായി അശാന്തി നിലനിൽക്കുന്ന പ്രദേശമാണ് വടക്കുപടിഞ്ഞാറൻ കാമറൂൺ. പ്രദേശത്ത് നടക്കുന്ന അക്രമങ്ങളിൽ വൈദികരും സന്ന്യാസിമാരും ഉൾപ്പെടെയുള്ളവർ ഇരയാകുന്നത് പതിവായിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.