വേനല്‍ക്കാല യാത്രകളില്‍ സുരക്ഷയും ജാഗ്രതയും; പ്രവാസികള്‍ക്ക് ദുബായ് പൊലീസിന്റെ കര്‍ശന നിര്‍ദേശം

വേനല്‍ക്കാല യാത്രകളില്‍ സുരക്ഷയും ജാഗ്രതയും; പ്രവാസികള്‍ക്ക് ദുബായ് പൊലീസിന്റെ കര്‍ശന നിര്‍ദേശം

ദുബായ്: വേനല്‍ക്കാല അവധി ആഘോഷങ്ങള്‍ക്കായി വിദേശങ്ങളിലേക്ക് യാത്ര തിരിക്കുന്ന കുടുംബങ്ങള്‍ക്കായി പ്രധാന സുരക്ഷാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ച് ദുബായ് പൊലീസ്. യാത്രാ വേളകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ മാതാപിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും, അവധിക്കാലത്തെ തിരക്ക് മുതലെടുത്ത് സജീവമാകുന്ന ഓണ്‍ലൈന്‍ യാത്രാ തട്ടിപ്പുകാരുടെ കെണിയില്‍ വീഴരുതെന്നും അധികൃതര്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

ദുബായ് പൊലീസ് ഹ്യൂമന്‍ റൈറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള ചൈല്‍ഡ് ആന്റ് വുമണ്‍ പ്രൊട്ടക്ഷന്‍ വിഭാഗവും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ആന്റി ഫ്രോഡ് സെന്ററുമാണ് ഈ സുപ്രധാന മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രവാസികള്‍ക്കായി പങ്കുവെച്ചത്.

ചില വിദേശ രാജ്യങ്ങളില്‍ നിലവിലുള്ള കര്‍ശനമായ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നിയമങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ക്ക് കൃത്യമായ ധാരണയുണ്ടാകണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. പലപ്പോഴും മാതാപിതാക്കള്‍ നിസാരമെന്ന് കരുതുന്ന വീഴ്ചകള്‍ പോലും വിദേശത്ത് വലിയ നിയമ നടപടികള്‍ക്ക് കാരണമായേക്കാം. കുട്ടികളെ ഹോട്ടല്‍ മുറികളിലോ ഹോളിഡേ അപ്പാര്‍ട്ട്‌മെന്റുകളിലോ ഒരു കാരണവശാലും തനിച്ചാക്കി പുറത്തുപോകരുത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും കുട്ടികളെ നിരന്തരം നിരീക്ഷിക്കേണ്ടതും അവരുമായി കൃത്യമായ ആശയ വിനിമയം നിലനിര്‍ത്തേണ്ടതും മാതാപിതാക്കളുടെ നിയമപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്തമാണ്.

കൂടാതെ അടിയന്തിര ഘട്ടങ്ങളില്‍ ബന്ധപ്പെടുന്നതിനായി പോകുന്ന രാജ്യത്തെ യുഎഇ എംബസിയുടെ വിവരങ്ങളും എമര്‍ജന്‍സി നമ്പറുകളും കൈവശം കരുതണമെന്നും അധികൃതര്‍ ഉപദേശിക്കുന്നു. യാത്രാ ബുക്കിങുകള്‍ നടത്തുമ്പോള്‍ ഉണ്ടാകേണ്ട വലിയ ജാഗ്രതയെക്കുറിച്ചും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വിപണി നിരക്കിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ ആകര്‍ഷകമായ പാക്കേജുകളും വിമാന ടിക്കറ്റുകളും വാഗ്ദാനം ചെയ്ത് വ്യാജ വെബ്‌സൈറ്റുകള്‍ വഴിയാണ് തട്ടിപ്പുകാര്‍ ആളുകളെ വലയിലാക്കുന്നത്. ലിമിറ്റഡ് ഓഫറുകള്‍ എന്ന് പറഞ്ഞ് ഉപയോക്താക്കളെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കി പണം തട്ടിയെടുക്കുന്ന ശൈലിയാണ് ഇവര്‍ സ്വീകരിക്കുന്നത്.

പ്രമുഖ ട്രാവല്‍ ഏജന്‍സികളുടെ ലോഗോയും പേരും വ്യാജമായി ഉപയോഗിക്കുന്നതിനാല്‍ വെബ്‌സൈറ്റ് വിലാസങ്ങളിലെ അക്ഷര വിന്യാസം കൃത്യമായി പരിശോധിക്കണം. ആവശ്യമായ പരിശോധനകള്‍ നടത്താതെ ലിങ്കുകള്‍ വഴിയോ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകള്‍ വഴിയോ പണം കൈമാറരുത്. അംഗീകൃതവും ലൈസന്‍സുള്ളതുമായ ട്രാവല്‍ ഏജന്‍സികള്‍ വഴി മാത്രം ബുക്കിങുകള്‍ നടത്താന്‍ ശ്രദ്ധിക്കുക. ഒടിപി നമ്പറുകളോ പാസ്‌വേഡുകളോ ആരുമായും പങ്കുവെക്കരുത്.

പലരും പണം കൈമാറിയ ശേഷം എയര്‍പോര്‍ട്ടിലോ ഹോട്ടലിലോ എത്തുമ്പോള്‍ മാത്രമാണ് തങ്ങള്‍ തട്ടിപ്പിനിരയായ വിവരം അറിയുന്നത്. ഇത് വലിയ സാമ്പത്തിക നഷ്ടത്തിനൊപ്പം കുടുംബത്തിന്റെ യാത്രാ പ്ലാനുകളും പൂര്‍ണമായി തകര്‍ക്കും. എന്തെങ്കിലും തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ദുബായ് പൊലീസിന്റെ ഇ-ക്രൈം പ്ലാറ്റ്ഫോം വഴിയോ 901 എന്ന നമ്പറിലോ വിവരമറിയിക്കാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.