എട്ട് മാസത്തെ ഗവേഷണ ദൗത്യം ആരംഭിച്ചു; രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ച ആദ്യ മലയാളിയായി ഡോ. അനില്‍ മേനോന്‍

എട്ട് മാസത്തെ ഗവേഷണ ദൗത്യം ആരംഭിച്ചു; രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ച ആദ്യ മലയാളിയായി ഡോ. അനില്‍ മേനോന്‍

ന്യൂയോര്‍ക്ക്: ബഹിരാകാശ ശാസ്ത്ര രംഗത്ത് ഇന്ത്യയ്ക്കും പ്രത്യേകിച്ച് കേരളത്തിനും അഭിമാനമായി യു.എസ് സ്‌പേസ് ഫോഴ്‌സ് കേണല്‍ ഡോ. അനില്‍ മേനോന്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. ഈ അപൂര്‍വ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി എന്ന ചരിത്ര പദവിയാണ് ഡോ. അനില്‍ മേനോന്‍ ഇതോടെ സ്വന്തമാക്കിയത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ സോയൂസ് എം.എസ്-29 ദൗത്യത്തിന്റെ ഭാഗമായാണ് അദേഹം ബഹിരാകാശ നിലയത്തിലേക്ക് എത്തിയത്.

ഖസാക്കിസ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നാണ് അനിലിനെയും സഹയാത്രികരെയും വഹിച്ചുകൊണ്ടുള്ള സോയൂസ് 2.1 എ റോക്കറ്റ് വിജയകരമായി കുതിച്ചുയര്‍ന്നത്. റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ പ്യോത്തര്‍ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് ദൗത്യത്തില്‍ അദേഹത്തിനൊപ്പമുള്ളത്. നിര്‍ണയിച്ച സമയത്തിനുള്ളില്‍ തന്നെ പേടകം ബഹിരാകാശ നിലയവുമായി സുരക്ഷിതമായി ബന്ധിപ്പിക്കാന്‍ സാധിച്ചതോടെ സംഘം നിലയത്തിനുള്ളില്‍ പ്രവേശിച്ചു.

ഏകദേശം എട്ട് മാസക്കാലത്തോളം ബഹിരാകാശ നിലയത്തില്‍ തങ്ങി വിവിധ ശാസ്ത്ര ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ട ശേഷമായിരിക്കും സംഘം ഭൂമിയിലേക്ക് മടങ്ങിയെത്തുക. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്‍ മേനോന്റെ മകനായ അനില്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണെങ്കിലും കേരളവുമായി എന്നും അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ന്യൂറോ ബയോളജിയില്‍ ബിരുദവും സ്റ്റാന്‍ഫോര്‍ഡില്‍ നിന്ന് വൈദ്യശാസ്ത്ര ബിരുദത്തോടൊപ്പം മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദേഹം ബഹുമുഖ പ്രതിഭയാണ്. പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പേസ് എക്‌സിന്റെ ആദ്യ ഫ്‌ളൈറ്റ് സര്‍ജനായും മെഡിക്കല്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുള്ള ഡോ. അനില്‍ മേനോന്‍, യു.എസ് വ്യോമസേനയില്‍ കേണലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.