സമദൂരവുമായി യാക്കോബായ സഭ; അമിത് ഷായെ കാണാതെ മടങ്ങി

സമദൂരവുമായി യാക്കോബായ സഭ; അമിത് ഷായെ കാണാതെ മടങ്ങി

ന്യുഡല്‍ഹി: ബിജെപി ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചയില്‍ ഫലം കാണാതെ യാക്കോബായ സഭ സംഘം മടങ്ങി. ചര്‍ച്ച തിരിച്ചടിയായതോടെ അമിത്ഷായെ കാണാതെ സഭാ നേതാക്കള്‍ ദില്ലിയില്‍ നിന്ന് മടങ്ങുകയായിരുന്നു. തുടര്‍ന്ന് ബിജെപി അനുകൂല നിലപാട് സ്വീകരിക്കില്ലെന്ന് സഭാനേതൃത്വം വ്യക്തമാക്കി. പള്ളി തര്‍ക്ക വിഷയത്തില്‍ കൃത്യമായ ഉറപ്പുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ചര്‍ച്ച പരാജയപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.

ഓര്‍ത്തഡോക്‌സ് സഭയുമായി സമവായമുണ്ടാക്കാമെന്ന് കേന്ദ്ര സര്‍ക്കാരും ബിജെപി കേന്ദ്ര നേതൃത്വവും വാക്കുകൊടുത്തുവെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ താമരയെ ചേര്‍ത്തുപിടിക്കാന്‍ യാക്കോബായ സഭ തീരുമാനിക്കുകയായിരുന്നു. അതിനായി എറണാകുളത്തെ 5 മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്കായി സഭാ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നതും പരിഗണിച്ചിരുന്നു. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുമായി അടുക്കാന്‍ ശ്രമിച്ച ബിജെപി ഈ നീക്കത്തെ സുവര്‍ണാവസരമായിട്ടാണ് കണ്ടതും. മുന്‍ തെരഞ്ഞെടുപ്പുകളിലേത് പോലെ സഭയുടെ സമദൂര നിലപാട് തന്നെ തുടരുമെന്ന് സഭാ നേതൃത്വം വ്യക്തമാക്കി. മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ബിഷപ് ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തില്‍ നാല് ബിഷപ്പുമാരാണ് കേന്ദ്ര നേതൃത്വത്തെ കാണാന്‍ ഡല്‍ഹിയില്‍ എത്തിയത്. അമിത് ഷാ അടക്കമുള്ള നേതാക്കളില്‍ നിന്ന് അനുകൂലമായ തീരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സംഘം.



എന്നാല്‍ ക്രൈസ്തവ വോട്ടുകള്‍ പിടിക്കാന്‍ ഇടതുപക്ഷവും തന്ത്രങ്ങള്‍ മെനഞ്ഞ് തുടങ്ങി. ക്രൈസ്തവ വോട്ടുകള്‍ നേടുക വഴി മധ്യകേരളത്തിലെ യുഡിഎഫ് കോട്ടകളില്‍ കടന്നു കയറി സീറ്റുകള്‍ പിടിച്ചെടുക്കുക. അതുവഴി പിണറായി വിജയന്‍ സര്‍ക്കാറിന് ഭരണത്തുടര്‍ച്ച എന്നതാണ് മുഖ്യലക്ഷ്യം. ഈ തന്ത്രം മുന്‍ നിര്‍ത്തിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇപ്പോള്‍ മുന്നോട്ട് പോവുന്നത്. കേരള കോണ്‍ഗ്രസ് എം ഇടത് മുന്നണിയില്‍ ചേര്‍ന്നതോടെ കോട്ടയവും പത്തനംതിട്ടയും എറണാകുളവും ഒക്കെ ഉള്‍പ്പെടുന്ന മധ്യകേരളത്തിന്റെ രാഷ്ട്രീയ ചിത്രം തങ്ങള്‍ക്ക് വഴി മാറിയെന്നാണ് ഇടത് വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ സഭാ വോട്ടുകള്‍ ഇടതുപക്ഷത്തിന്റെ വിജയത്തിന് ഒരു പ്രധാന പങ്ക് വഹിച്ചു എന്നത് പാര്‍ട്ടി തന്നെ സമ്മതിച്ച വസ്തുതയാണ്. ഈ മേഖലകളില്‍ ഇടത് മുന്നണി നേടിയത് യുഡിഎഫിനെ ഞെട്ടിക്കത്തക്ക മുന്നേറ്റമായിരുന്നു. എന്നാല്‍ സഭാ തര്‍ക്കം എന്ന വലിയ ഭീഷണിയെ കൂടി മറികടന്നാലെ മധ്യകേരളത്തില്‍ മികച്ച വിജയം സ്വന്തമാക്കാന്‍ കഴിയൂ എന്ന വിലയിരുത്തല്‍ ഇപ്പോള്‍ മുന്നണിക്കുണ്ട്. അത് മറികടക്കാനുള്ള നിര്‍ദേശം സിപിഎം അതത് മണ്ഡലം കമ്മറ്റികള്‍ക്ക് നല്‍കി കഴിഞ്ഞു.

യാക്കോബായാ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം വോട്ട് നഷ്ടത്തിന് ഇടയാക്കരുതെന്നാണ് പാര്‍ട്ടി നിലപാട്. വിഷയത്തില്‍ കോണ്‍ഗ്രസ് കൃത്യമായ ഒരു നിലപാട് സ്വീകരിക്കാതെ ഒളിച്ച് കളിക്കുകയാണെന്ന വിമര്‍ശനവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് ഒരോ വിഭാഗങ്ങളുടേയും സ്വാധീനമേഖലനക്കനുസൃതമായി വേവ്വെറെ നിലപാടുകള്‍ സ്വീകരിക്കാന്‍ ഇടത് എംഎല്‍എമാര്‍ക്ക് സിപിഎം നിര്‍ദേശം നല്‍കിയത്. സുപ്രീംകോടതി വിധി നടപ്പിലാക്കാതെ ഒരു പക്ഷത്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് കുറ്റപ്പെടുത്തി ഒര്‍ത്തഡോക്‌സ് സഭ സര്‍ക്കാറിനെതിരെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പാര്‍ട്ടിയുടെ തന്ത്രപരമായ നീക്കം.



പൊതു നിലപാട് സ്വീകരിക്കാതെ ഒരോ മണ്ഡലത്തിലും ഏത് വിഭാഗത്തിനാണ് സ്വാധീനം എന്നത് കണക്കിലെടുത്ത് നിലകൊള്ളണമെന്നാണ് നിര്‍ദ്ദേശം. ഒരോ വിഭാഗത്തിനെയും സര്‍ക്കാറിന്റെ നിലപാടും ഇതുവരെ സ്വീകരിച്ച നടപടികളും ബോധ്യപ്പെടുത്തണമെന്നും എംഎഎല്‍എമാരോട് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ തീര്‍ത്തും അനഭാവപൂര്‍ണ്ണമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് യാക്കോബായ സ്വാധീന മേഖലയിലെ ഇടത് എംഎല്‍എമാര്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് സ്വാധീനമുള്ള കൊല്ലം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളില്‍ അവര്‍ക്ക് പിന്തുണ ഉറപ്പ് വരുത്തുന്ന രീതിയിലാണ് എംഎല്‍എമാരുടെ നിലപാട്.

അതേസമയം, കോട്ടയത്തെ നിലവിലെ എല്‍ഡിഎഫ് എംഎല്‍എമാരോട് നിഷ്പക്ഷ നിലപാട് സ്വീകരിച്ചാല്‍ മതിയെന്ന നിര്‍ദേശമാണ് പാര്‍ട്ടി മുന്നോട്ട് വെച്ചത്. എറണാകുളത്തും ഇടുക്കിയിലുമാണ് യാക്കോബായ പക്ഷത്തിന് സ്വാധീനമുള്ളത്. പള്ളികളുടെ അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തി വരികയായിരുന്നു. ഈ സമരത്തില്‍ കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍, മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം എന്നിവര്‍ തങ്ങളുടെ നിലപാട് പരസ്യമായി വ്യക്തമാക്കിയതുമാണ്.




1934ലെ ഭരണഘടനപ്രകാരം ഇടവക ഭരണം ഓര്‍ത്തേഡാക്‌സ് സഭക്കായിരിക്കണമെന്നാണ് സുപ്രീംകോടതി വിധി. ഇത് നടപ്പാക്കാത്തതിലാണ് ഓര്‍ത്തഡോക്‌സ് സഭ സര്‍ക്കാറിനോട് മുഖംതിരിക്കുന്നത്. എന്നാല്‍ വിധി മറികടക്കാനുള്ള യാതൊരു നിയമനിര്‍മ്മാണവും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നാണ് ഓര്‍ത്തഡോക്‌സ് സഭ നടത്തുന്ന പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്ന ഇടത് എംഎല്‍എമാര്‍ നല്‍കിയ വാഗ്ദാനം.


അതോടൊപ്പം കുറെ പള്ളികള്‍ യാക്കോബായ പക്ഷത്ത് നിന്നും സര്‍ക്കാര്‍ പിടിച്ചെടുത്ത് നല്‍കിയ കാര്യവും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ തല്‍ക്കാലം സാവകാശം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അതേസമയം, സഭാ തര്‍ക്കം കോണ്‍ഗ്രസിന് മുന്നിലും വലിയ തലവേദനായാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് തിരിച്ച് വന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെയാണ് ഇരുസഭകളും നോക്കികാണുന്നത്. കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറല്ലെന്നാണ് യാക്കോബായ പക്ഷത്തിന്റെ അഭിപ്രായം. വലിയൊരു വിഭാഗം യാക്കോബായ വിശ്വാസികള്‍ ഇതിനോടകം തന്നെ കോണ്‍ഗ്രസിനോടുള്ള വിയോജിപ്പിച്ച് അറിയിച്ചു കഴിഞ്ഞു.




സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സെമിത്തേരി ബില്ലിനെ നിയമസഭയിലും പുറത്തും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടേയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി എതിര്‍ത്തതാണ് യാക്കോബായ വിശ്വാസികളെ കോണ്‍ഗ്രസിന് എതിരാക്കിയത്. കോണ്‍ഗ്രസ് എതിര്‍ത്തതിനാല്‍ ബില്‍ പൂര്‍ണ്ണ തോതില്‍ പാസാക്കന്‍ സാധിച്ചിരുന്നില്ല. ഇതില്‍ വലിയ എതിര്‍പ്പാണ് യാക്കോബാ വിശ്വാസികള്‍ക്കുള്ളത്.


കോടതി വിധി നടപ്പാക്കില്ലെന്ന നിലപാടായിരുന്നു നേരത്തെ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. ഇക്കാരണത്താല്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്കും കോണ്‍ഗ്രസിനോട് അമര്‍ഷമുണ്ട്. എന്നാല്‍ നിലവില്‍ പഴയ എതിര്‍പ്പ് ഇല്ല. സെമിത്തേരി ബില്ലിനെ നിയമസഭയില്‍ കോണ്‍ഗ്രസ് എതിര്‍ത്തതോടെയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം നിലപാട് മയപ്പെടുത്തിയത്. വോട്ട് പിടിക്കാന്‍ മുന്നണികള്‍ തന്ത്രങ്ങള്‍ മെനയുമ്പോള്‍, ആരില്‍ നിന്നും അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍, രാഷ്ട്രീയ നിലപാടിലടക്കം മാറ്റം വരുത്തേണ്ടെന്ന തീരുമാനത്തിലേക്ക് യാക്കോബായ സഭ നേതൃത്വം എത്തിച്ചേര്‍ന്നിരിക്കുകയാണ്. വരും ദിവസങ്ങളില്‍ സഭയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.



















വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.