കുമ്പസാരക്കൂടിന്റെ പുണ്യാളന്‍ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍; ഓര്‍മ്മ പുതുക്കി ആഗോള സഭ

കുമ്പസാരക്കൂടിന്റെ പുണ്യാളന്‍ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍; ഓര്‍മ്മ പുതുക്കി ആഗോള സഭ

ലോകമെമ്പാടുമുള്ള ഇടവക വികാരിമാരുടെയും പുരോഹിതരുടെയും മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ ഇന്ന് (ഓഗസ്റ്റ് 4) ആഗോള കത്തോലിക്കാ സഭ ആചരിക്കുന്നു. ദാരിദ്ര്യവും പഠന വൈകല്യങ്ങളും നിറഞ്ഞ ബാല്യകാലത്ത് നിന്ന് ദൈവ കൃപയാല്‍ ആത്മീയ ലോകത്തിന്റെ നെറുകയിലെത്തിയ ആര്‍സിലെ പുരോഹിതന്റെ ജീവിതം ഇന്നും ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് പ്രചോദനമാണ്.

ഫ്രഞ്ച് വിപ്ലവത്തിന്റെ കനലുകളില്‍ വിരിഞ്ഞ ദൈവവിളി

1786 ല്‍ ഫ്രാന്‍സിലെ ഡാര്‍ഡില്ലിയിലാണ് ജോണ്‍ വിയാനി ജനിച്ചത്. മത പീഡനങ്ങള്‍ ശക്തമായിരുന്ന ഫ്രഞ്ച് വിപ്ലവ കാലഘട്ടത്തില്‍, രഹസ്യമായി എത്തിയ വൈദികരില്‍ നിന്നാണ് അദേഹം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത്. വൈദികപഠന കാലത്ത് ലത്തീന്‍ ഭാഷയും ക്രമീകൃത വിദ്യാഭ്യാസവും വഴങ്ങാതെ വലിയ പ്രതിസന്ധി നേരിട്ടെങ്കിലും ജോണിന്റെ അഗാധമായ ദൈവഭക്തിയും സ്വഭാവ മഹിമയും തിരിച്ചറിഞ്ഞ സഭ അദേഹത്തിന് 1815 ല്‍ പൗരോഹിത്യം നല്‍കുകയായിരുന്നു.

സൈനിക സേവനത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സഹോദരന് കുടുംബ സ്വത്ത് മുഴുവന്‍ കൈമാറിയാണ് ജോണ്‍ പൗരോഹിത്യ പഠനം പൂര്‍ത്തിയാക്കിയത്.

ആര്‍സ് ഗ്രാമത്തിലെ ആത്മീയ വിപ്ലവം

1818 ല്‍ ഫ്രാന്‍സിലെ ആര്‍സ് എന്ന ചെറു ഗ്രാമത്തിലേക്ക് ഇടവക വികാരിയായി ജോണ്‍ വിയാനി നിയമിതനായി. ദൈവ വിശ്വാസവും സന്മാര്‍ഗിക മൂല്യങ്ങളും നഷ്ടപ്പെട്ട് മദ്യത്തിലും അനാചാരങ്ങളിലും മുഴുകിയിരുന്ന ആ ഗ്രാമത്തെ പ്രാര്‍ഥന കൊണ്ടും ഉപവാസം കൊണ്ടും അദേഹം പാടെ മാറ്റിമറിച്ചു. ദിവസവും 18 മണിക്കൂറോളം അദേദ്ദഹം കുമ്പസാരക്കൂട്ടില്‍ ചെലവഴിച്ചിരുന്നു. 20 വര്‍ഷത്തിനിടെ 20 ലക്ഷത്തിലധികം ആളുകള്‍ ഇദേഹത്തിലൂടെ കുമ്പസാരിച്ച് അനുരഞ്ജനം പ്രാപിച്ചുവെന്നാണ് ചരിത്രം.

സഹനങ്ങളും പരീക്ഷണങ്ങളും

രണ്ട്,മൂന്ന് മണിക്കൂര്‍ മാത്രം ഉറങ്ങിയിരുന്ന വിയാനിയെ പിശാച് നിരന്തരം ഉപദ്രവിച്ചിരുന്നതായും കട്ടിലിന് തീപിടിച്ച സംഭവങ്ങള്‍ വരെ ഉണ്ടായതായും ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു. വേദശാസ്ത്രം അറിയാത്ത വ്യാജ പുരോഹിതനാണ് വിയാനി എന്ന് ആരോപിച്ച് ചിലര്‍ സഭാധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും വികാരി ജനറലിന്റെ അന്വേഷണത്തില്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയുകയും അദേഹത്തിന്റെ ലളിതമായ പ്രസംഗങ്ങള്‍ ജനഹൃദയങ്ങള്‍ കീഴടക്കുകയും ചെയ്തു.

എളിമയുടെ പുണ്യാളന്‍

1859 ഓഗസ്റ്റ് നാലിന് അന്തരിച്ച വിയാനിയെ 1925 ല്‍ പിയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. തുടര്‍ന്ന് അദേഹത്തെ ആഗോള ഇടവക വികാരിമാരുടെ മധ്യസ്ഥനായി സഭ ഔദ്യോഗികമായി ഉയര്‍ത്തി. ഇന്ന് ആര്‍സിലെ ബസിലിക്കയില്‍ അദേഹത്തിന്റെ അഴുകാത്ത തിരുശരീരം വണങ്ങാന്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തുത്തുന്നത്.

കുറവുകളേക്കാള്‍ ഉപരി ദൈവത്തിലുള്ള പൂര്‍ണ വിശ്വാസവും എളിമയുമാണ് ഒരാളെ വിശുദ്ധിയിലേക്ക് നയിക്കുന്നതെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ ജീവിത സന്ദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.