ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ രാഷ്ട്രീയ പ്രതിസന്ധി. പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായാണ് ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിക്കപ്പെട്ടത്.
ഗാനാലാപനം നടക്കുന്നതിനിടെ അത് നിർത്താൻ സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ആവശ്യപ്പെട്ടെങ്കിലും അത് അവഗണിച്ച് ആലാപനം തുടരുകയായിരുന്നു. സംഭവത്തിൽ രാഹുൽ ഗാന്ധിയും അതൃപ്തി പ്രകടിപ്പിച്ചു.
വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിലപാടിനെ പാർലമെന്റിനകത്തും പുറത്തും ശക്തമായി എതിർത്ത കോൺഗ്രസിന് പാർട്ടി ആസ്ഥാനത്തുണ്ടായ ഈ വീഴ്ച രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കമിട്ടുകൊണ്ടായിരുന്നു വന്ദേമാതരം ആലപിച്ചത്.
സാധാരണയായി ഗാനത്തിന്റെ രണ്ട് ചരണങ്ങൾ മാത്രമാണ് കോൺഗ്രസ് ചടങ്ങുകളിൽ ആലപിക്കാറുള്ളത്. എന്നാൽ ആലാപനം നീണ്ടുപോകുന്നത് കണ്ടപ്പോൾ സോണിയയും ഖാർഗെയും അത് നിർത്താൻ ആംഗ്യം കാണിക്കുകയും സോണിയ 'സ്റ്റോപ്പ്' എന്ന് പറയുകയും ചെയ്തിരുന്നു. വേദിയിലുണ്ടായിരുന്ന രാഹുലും ഇതിൽ അതൃപ്തി പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിന്റെ തത്സമയ ദൃശ്യങ്ങൾ മാധ്യമങ്ങളിലും കോൺഗ്രസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലും പ്രചരിച്ചിരുന്നു.
വന്ദേമാതരം പൂർണമായി ആലപിക്കപ്പെടണം എന്നതാണ് കേന്ദ്ര സർക്കാരിന്റെ നയം. കോൺഗ്രസ് ഭരണകാലത്തെ രാഷ്ട്രീയ പ്രീണനം കാരണമാണ് ഗാനം ചുരുക്കപ്പെട്ടതെന്നാണ് ബിജെപിയുടെയും സംഘപരിവാറിന്റെയും വാദം.
എന്നാൽ വന്ദേമാതരത്തെ ആദരവോടെ കാണുന്നുണ്ടെങ്കിലും ദേശസ്നേഹം നിർബന്ധപൂർവം ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. 1937 മുതൽ ഇതേ നിലപാട് പിന്തുടരുന്ന കോൺഗ്രസിന് ഇക്കുറി സ്വന്തം പാർട്ടി ആസ്ഥാനത്തുതന്നെയാണ് ഈ തിരിച്ചടി നേരിടേണ്ടി വന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.