മൊഗാദിഷു: സോമാലിയന്‍ തീരത്ത് വച്ച് ആയുധങ്ങളും വാര്‍ത്താവിനിമയ സാറ്റലൈറ്റ് ഉപകരണങ്ങളുമായി പോയ ചരക്കുകപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. തുര്‍ക്കി സൈന്യത്തിനായി കാമറൂണ്‍ പതാകയേന്തി സഞ്ചരിച്ച എം.വി ലുതുഫ് എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. കപ്പലില്‍ ഉണ്ടായിരുന്ന പത്തംഗ ജീവനക്കാരെ കൊള്ളക്കാര്‍ ബന്ദികളാക്കിയിരിക്കുകയാണ്. ഇതില്‍ ആറ് പേര്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് സോമാലിയന്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പോളാര്‍ മൂവ്മെന്റ് ഷിപ്പിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഈ കപ്പല്‍, മൊഗാദിഷുവിലെ തുര്‍ക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് സാമഗ്രികള്‍ എത്തിക്കാനുള്ള യാത്രയിലായിരുന്നു. പന്‍ഡ്‌ലാന്‍ഡിലെ ഐല്‍ ജില്ലയിലുള്ള മരയ്യ തീരത്ത് നിന്ന് മൂന്നര നോട്ടിക്കല്‍ മൈല്‍ അകലെവച്ചാണ് കൊള്ളസംഘം കപ്പല്‍ കസ്റ്റഡിയിലെടുത്തത്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് പുറമെ ഒരു തുര്‍ക്കി പൗരനും ഒരു ജോര്‍ജിയന്‍ പൗരനും രണ്ട് സെര്‍ബിയന്‍ സുരക്ഷാ ജീവനക്കാരുമാണ് കപ്പലില്‍ ബന്ദികളാക്കപ്പെട്ടിട്ടുള്ളത്.
മുന്‍പ് എം.വി സ്വാര്‍ഡ് എന്ന കപ്പല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘം തന്നെയാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ കപ്പല്‍ പണ്ട്ലാന്‍ഡിലെ ദംഗോരോയോ ജില്ലയിലുള്ള ഗാര്‍മാല്‍ തീരത്തേക്ക് മാറ്റിയിട്ടുണ്ട്. സംഭവം പുറത്തുവന്നതോടെ തുര്‍ക്കിയുടെ രണ്ട് യുദ്ധക്കപ്പലുകളും ഹെലികോപ്റ്ററുകളും ഡ്രോണുകളും മേഖലയിലെത്തി ശക്തമായ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ കൊള്ളക്കാര്‍ക്ക് ഉത്തേജക വസ്തുവായ ഖാത് എത്തിച്ച് നല്‍കി മടങ്ങിയ ചെറിയ ബോട്ടിലുണ്ടായിരുന്ന രണ്ടുപേര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഈ ആക്രമണം നടത്തിയത് ആരാണെന്നതിനെക്കുറിച്ചോ ആക്രമണത്തിന് കപ്പല്‍ റാഞ്ചലുമായി ബന്ധമുണ്ടോ എന്നതിനെക്കുറിച്ചോ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.
സംഭവത്തില്‍ തുര്‍ക്കി സര്‍ക്കാരോ സൈനിക വക്താക്കളോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.