ദേശീയ സുരക്ഷയ്ക്ക് ഭീഷണി: ഏഴിമല നാവിക അക്കാദമിയില്‍ ഗുരുതര സുരക്ഷാ വീഴ്ച; വ്യാജ രേഖകളുമായി ബംഗ്ലാദേശ് പൗരന്‍ പിടിയില്‍

ദേശീയ സുരക്ഷയ്ക്ക് ഭീഷണി: ഏഴിമല നാവിക അക്കാദമിയില്‍ ഗുരുതര സുരക്ഷാ വീഴ്ച; വ്യാജ രേഖകളുമായി ബംഗ്ലാദേശ് പൗരന്‍ പിടിയില്‍

കണ്ണൂര്‍: രാജ്യത്തിന്റെ തന്ത്രപ്രധാന പ്രതിരോധ കേന്ദ്രമായ ഏഴിമല നാവിക അക്കാദമിയില്‍ ഗുരുതര സുരക്ഷാ വീഴ്ച. വ്യാജ ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് അക്കാദമിക്കുള്ളില്‍ ജോലി ചെയ്തുവരികയായിരുന്ന ബംഗ്ലാദേശ് പൗരനെ നാവികസേനാ സുരക്ഷാ വിഭാഗവും പൊലീസും ചേര്‍ന്ന് പിടികൂടി. ബിപ്ലബ് സോറന്‍ (32) എന്ന വ്യാജ പേരില്‍ നിര്‍മിച്ച ആധാര്‍ കാര്‍ഡും പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് പൊലീസിന്റെ വ്യാജ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയാണ് ഇയാള്‍ അക്കാദമിയില്‍ പ്രവേശനം നേടിയത്.

കഴിഞ്ഞ ഒരു വര്‍ഷമായി നാവിക അക്കാദമിയിലെ ലോണ്‍ട്രി വിഭാഗത്തില്‍ അതീവ സുരക്ഷിത മേഖലയ്ക്കുള്ളില്‍ ഇയാള്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാവികസേനാ ഉദ്യോഗസ്ഥര്‍ രഹസ്യമായി നിരീക്ഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലും ഫോണ്‍ ശാസ്ത്രീയമായി പരിശോധിച്ചപ്പോഴൂമാണ് ബംഗ്ലാദേശ് പൗരത്വം വ്യക്തമാക്കുന്ന നിര്‍ണായക രേഖകള്‍ കണ്ടെത്തിയത്. ഇയാളെ പിന്നീട് പയ്യന്നൂര്‍ പൊലീസിന് കൈമാറി.

സംഭവത്തിന് പിന്നില്‍ വന്‍ ചാരശൃംഖലയോ വ്യാജരേഖാ മാഫിയയോ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ച് വരികയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ണൂരിലെ സ്പായില്‍ നിന്ന് വ്യാജ രേഖകളുമായി അഞ്ച് ബംഗ്ലാദേശി യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ പൗരത്വ രേഖകള്‍ നിര്‍മിച്ച് കൂടുതല്‍ ബംഗ്ലാദേശ് സ്വദേശികള്‍ ജില്ലയിലെ വിവിധ മേഖലകളില്‍ തങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.