സ്വവർഗ്ഗ വിവാഹത്തെ സംബന്ധിച്ച വത്തിക്കാന്റെ നിലപാട് വ്യക്തം; നിലപാട് വ്യക്തമാക്കാതെ ജോ ബൈഡൻ

സ്വവർഗ്ഗ വിവാഹത്തെ സംബന്ധിച്ച  വത്തിക്കാന്റെ നിലപാട് വ്യക്തം; നിലപാട് വ്യക്തമാക്കാതെ ജോ ബൈഡൻ

വാഷിംഗ്‌ടൺ ഡി സി: സ്വവർഗ്ഗ വിവാഹത്തെക്കുറിച്ചുള്ള വത്തിക്കാന്റെ പ്രഖ്യാപനത്തോട് വൈറ്റ് ഹൗസ്‌ ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും പ്രസിഡന്റ് ബൈഡൻ സ്വവർഗ യൂണിയനുകളെ പിന്തുണയ്ക്കുന്നുവെന്ന് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു. സ്വവർഗ വിവാഹത്തെ ആശീർവ്വദിക്കാനുള്ള സഭയുടെ അധികാരത്തെക്കുറിച്ചുള്ള ചോദ്യത്തിന് വത്തിക്കാന്റെ കോൺഗ്രിഗേഷൻ ഫോർ ദി ഡോക്ട്രിൻ ഓഫ് ഫെയ്ത്ത് (സിഡിഎഫ്) തിങ്കളാഴ്ച മറുപടി നൽകിയിരുന്നു. സ്വവർഗ വിവാഹത്തെയോ വിവാഹത്തിന് പുറത്തുള്ള ലൈംഗിക പ്രവർത്തികൾ ഉൾക്കൊള്ളുന്ന ഏതെങ്കിലും ബന്ധങ്ങളെയോ ആശീർവദിക്കാൻ സഭയ്ക്ക് അധികാരമില്ലെന്ന് സിഡിഎഫ് പറഞ്ഞു.


വത്തിക്കാന്റെ പ്രസ്താവനയോട് പ്രസിഡന്റിന്റെ  പ്രതികരണത്തെക്കുറിച്ച് തിങ്കളാഴ്ച ഒരു റിപ്പോർട്ടർ ചോദിച്ചപ്പോൾ, അദ്ദേഹത്തിന് വ്യക്തിപരമായ പ്രതികരണമില്ല എന്നും എന്നാൽ സ്വവർഗ യൂണിയനുകളെ പ്രസിഡന്റ് എപ്പോഴും അനുകൂലിച്ചിരുന്നു എന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു. അമേരിക്കയുടെ രണ്ടാമത്തെ കത്തോലിക്കനായ പ്രസിഡന്റാണ് ബൈഡൻ. തന്റെ കത്തോലിക്കാ വിശ്വാസത്തെപ്പറ്റി അദ്ദേഹം പലയിടത്തും അഭിമാനത്തോടെ പറയാറുമുണ്ട്. എന്നാൽ ബൈഡന്റെ നയങ്ങൾ ഒരിക്കലും കത്തോലിക്കാ സഭയുടെ പഠനങ്ങളുമായി ചേർന്ന് പോകുന്നതുമല്ല എന്നതാണ് വിരോധാഭാസം.

യുഎസ് കത്തോലിക്ക ബിഷപ്പുമാരുടെ പ്രസിഡന്റ് ലോസ് ഏഞ്ചൽസിലെ ആർച്ച് ബിഷപ്പ് ജോസ് ഗോമസ്, വിവാഹത്തെക്കുറിച്ചുള്ള ബൈഡന്റെ നിലപാട് സഭാ പഠിപ്പിക്കലിന് വിരുദ്ധമാണെന്ന് അടുത്തിടെ പരാമർശിച്ചിരുന്നു. ബൈഡൻ പ്രസിഡന്റായി സത്യ പ്രതിജ്ഞ ചെയ്ത ജനുവരി 20 ന് നടത്തിയ പ്രസ്താവനയിൽ ആർച്ച് ബിഷപ്പ് ഗോമസ് ഇങ്ങനെ പറഞ്ഞു “നമ്മുടെ പുതിയ പ്രസിഡണ്ടിന്റെ നയങ്ങൾ ധാർമ്മിക തിന്മകളെ പിന്താങ്ങുന്നതും മനുഷ്യജീവിതത്തിന്റെ അന്തസ്സിന് ഭീഷണിയാകുന്നതുമാണ്. പ്രത്യേകിച്ച് ഗർഭച്ഛിദ്രം, ഗർഭനിരോധന മാർഗ്ഗം, വിവാഹം, ലിംഗഭേദം എന്നീ വിഷയങ്ങളിൽ." വത്തിക്കാന്റെ ഈ പ്രഖ്യാപനം “അന്യായമായ വിവേചനമല്ല, മറിച്ച് ആരാധനാക്രമത്തിന്റെ സത്യത്തെയും സഭയുടെ സ്വഭാവത്തെയും അനുസ്മരിപ്പിക്കുന്നതാണ്” എന്ന് വത്തിക്കാൻ പറഞ്ഞു.

2016 ൽ ബൈഡെൻ ഒരു സ്വവർഗ്ഗ വിവാഹം ഔദ്യോഗികമായി നടത്തി കൊടുത്തിരുന്നു. ആ വിവാഹത്തിൽ താൻ വളരെ സന്തുഷ്ടനാണെന്നും ബൈഡൻ അന്ന് പറഞ്ഞിരുന്നു. "ലവ് ഈസ് ലവ് " എന്നായിരുന്നു ബൈഡന്റെ ഭാര്യ ജിൽ ബൈഡൻ അഭിപ്രായപ്പെട്ടത്‌. ഇത് അമേരിക്കയിലെ നിരവധി ബിഷപ്പുമാരുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. സ്വവർഗ്ഗ വിവാഹം, ഗർഭഛിദ്രം, ലിംഗമാറ്റം, ഗർഭനിരോധന മാർഗ്ഗം എന്നീ വിഷയങ്ങളിൽ എല്ലാം സഭാവിരുദ്ധ നിലപാടാണ് ബൈഡൻ സർക്കാരിന്റേത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.