ആറാം മാർപ്പാപ്പ വി. അലക്‌സാണ്ടര്‍ ഒന്നാമൻ (കേപ്പാമാരിലൂടെ ഭാഗം -7)

ആറാം മാർപ്പാപ്പ വി. അലക്‌സാണ്ടര്‍ ഒന്നാമൻ (കേപ്പാമാരിലൂടെ ഭാഗം -7)

തിരുസഭയുടെ ആറാമത്തെ ഇടയനും വി. പത്രോസ് ശ്ലീഹായുടെ പിന്‍ഗാമിയുമായി വി. അലക്‌സാണ്ടര്‍ ഒന്നാമന്‍ മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭരണ കാലഘട്ടത്തെ സംബന്ധിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. ചില ചരിത്രരേഖകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം ഏ. ഡി. 108-ല്‍ റോമിന്റെ മെത്രാനായ തിരഞ്ഞെടുക്കപ്പെടുകയും ഏ. ഡി. 116-ല്‍ കാലം ചെയ്യുകയും ചെയ്തു. മറ്റു രേഖകളനുസരിച്ച് അദ്ദേഹത്തിന്റെ ഭരണ കാലഘട്ടം ഏ. ഡി. 109 മുതല്‍ 119വരെയായിരുന്നു.

അലക്‌സാണ്ടര്‍ ഒന്നാമന്‍ മാര്‍പ്പാപ്പ ഏ. ഡി. 75-ല്‍ റോമില്‍ ജനിച്ചു എന്ന് പാരമ്പര്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. തന്റെ മുപ്പതുകളില്‍ റോമിന്റെ മെത്രാനും സാര്‍വത്രിക സഭയുടെ തലവനുമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ആ കാലഘട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മാര്‍പ്പാപ്പയായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

തിരുസഭയില്‍ വെള്ളം വെഞ്ചിരിച്ച് വീടുകള്‍ അവ ഉപയോഗിച്ച് വെഞ്ചിരിക്കുന്ന ആചാരം ആരംഭിച്ചത് അലക്‌സാണ്ടര്‍ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ കാലഘട്ടത്തിലാണ് എന്ന് വിശ്വസിക്കപ്പെടുന്നു. അതുപോലെ തന്നെ കര്‍ത്താവിന്റെ പീഡാനുഭവ വിവരണം വി. കുര്‍ബാനയില്‍ ഉള്‍പ്പെടുത്തിയത് അദ്ദേഹമാണ് എന്നും ആരാധനക്രമത്തിന് രൂപകല്പന നല്‍കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് സ്തുത്യര്‍ഹമാണെന്നും സഭാ പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നു. റോമന്‍ ഗവര്‍ണറായിരുന്ന ഹെര്‍മസിനെയും അദ്ദേഹത്തിന്റെ കുടുംബാഗങ്ങളെയും അവരോടൊപ്പം ആയിരത്തിഅഞ്ഞൂറോളം പേരെയും അലക്സാണ്ടര്‍ മാര്‍പ്പാപ്പ മാനസാന്തരപ്പെടുത്തുകയും ക്രൈസ്തവവിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്തു.

മതപീഡനക്കാലത്ത് വി. അലക്‌സാണ്ടര്‍ മാര്‍പ്പാപ്പയുടെ ശിരഛേദനത്തിന് ചക്രവര്‍ത്തി ഉത്തരവിട്ടു. അങ്ങനെ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. അദ്ദേഹത്തിന്റെ ഭൗതീകാവശിഷ്ടങ്ങള്‍ ഏ.ഡി. 834-ല്‍ ജര്‍മ്മനിയിലെ ബവേറിയിലേക്ക് മാറ്റി സ്ഥാപിച്ചു. തിരുസഭ വി. അലക്‌സാണ്ടര്‍ ഒന്നാമന്‍ മാര്‍പ്പായുടെ തിരുനാള്‍ മെയ് 3-ാം തീയതി ആചരിക്കുന്നു.

ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ അമർത്തുക

മുഴുവൻ മാർപാപ്പമാരുടെയും ചരിത്രം വായിക്കുവാൻ ഇവിടെ അമർത്തുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26