അസീസിയിൽ വച്ചു നടന്ന വിശുദ്ധ കുർബാനമധ്യേ കർദ്ദിനാൾ അഗോസ്റ്റിനോ വല്ലീനി കാർലോ അക്കുത്തിസിനെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയർത്തിയതായുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇറ്റാലിയൻ സമയം വൈകീട്ട് 4:30 നു നടന്ന തിരുക്കർമ്മങ്ങളിൽ മൂവായിരത്തോളം പേർ പങ്കെടുക്കുകയുണ്ടായി. അതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് അനേകായിരങ്ങൾ തത്സമയ സംപ്രേക്ഷണത്തിലൂടെ ഈ വലിയ നിമിഷത്തിന് സാക്ഷികളായി.
ദിവ്യബലി മധ്യേയുള്ള ലളിത സുന്ദരമായ പ്രഭാഷണത്തിനിടയിൽ കർദ്ദിനാൾ അഗോസ്റ്റിനോ വല്ലീനി ഇപ്രകാരം ഓർമിപ്പിച്ചു: "പ്രകൃതിയെയും മൃഗങ്ങളെയും സ്നേഹിച്ചിരുന്ന, ലളിതജീവിതം നയിച്ച നല്ലവനായ ഒരു സാധാരണ ആൺകുട്ടിയായിരുന്നു കാർലോ. അവൻ ഫുട്ബാൾ കളിച്ചു. അവന് ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. കമ്പ്യൂട്ടർ സയൻസിൽ അഭിനിവേശമുണ്ടായിരുന്ന അവൻ ആധുനിക സാമൂഹിക ആശയവിനിമയത്തിലൂടെ ആകർഷിക്കപ്പെട്ടു. സുവിശേഷ മൂല്യങ്ങൾ കൈമാറുന്നതിനായി നിരവധി പ്രോഗ്രാമുകൾ നിർമ്മിച്ചു.
വളരെ ചെറുപ്പം മുതലേ മറ്റുള്ളവരെ ആകർഷിക്കാനുള്ള ഒരു പ്രത്യേക കഴിവു അവനുണ്ടായിരുന്നു. ഏവർക്കും അവനൊരു മാതൃകയുമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നു, "വിശ്വാസത്തിന്റെ ആവശ്യം അവനു തോന്നി, അവന്റെ നോട്ടം യേശുവിലേക്ക് തിരിഞ്ഞു. പരിശുദ്ധ കുർബാനയോട് ആഴമായ സ്നേഹം സ്ഥാപിക്കുകയും ദൈവവുമായുള്ള ബന്ധം സജീവമായി നിലനിർത്തുകയും ചെയ്തു". കാർലോയുടെ ഏറ്റവും പ്രസിദ്ധമായ ഒരു വാക്യം ഇങ്ങനെയാണ്: "വിശുദ്ധ കുർബാന സ്വർഗ്ഗത്തിലേക്കുള്ള എന്റെ പാതയാണ്." അവന്റെ ജീവിതത്തിന്റെ കരുത്തും പ്രവൃത്തികളുടെ ലക്ഷ്യവുമെല്ലാം ക്രിസ്തുവായിരുന്നു.
ചുറ്റുമുള്ളവരുടെ ആവശ്യങ്ങളിൽ കാർലോ അക്കുത്തിസ് വളരെ ശ്രദ്ധാലുവായിരുന്നു. പ്രത്യേകിച്ച് ദരിദ്രർ, പ്രായമായവർ, ഉപേക്ഷിക്കപ്പെട്ടവർ, ഭവനരഹിതർ, വികലാംഗർ, സമൂഹത്താൽ പാർശ്വവൽക്കരിക്കപ്പെടുകയും ഒളിച്ചിരിക്കേണ്ടിവരുകയും ചെയ്ത ആളുകൾ. സഹപാഠികളെ സഹായിക്കുന്നതിൽ അവൻ ഒരിക്കലും പരാജയപ്പെട്ടില്ല, പ്രത്യേകിച്ച് ഏറ്റവും ബുദ്ധിമുട്ടിലായവരെ. അതിനാൽ യൂക്കരിസ്റ്റിക് ബ്രെഡ് പോലെ ഒരു തിളക്കമാർന്ന ജീവിതം മറ്റുള്ളവർക്ക് അവൻ നൽകി.
വിശ്വാസം നമ്മെ ജീവിതത്തിൽ നിന്ന് അകറ്റുന്നില്ല, മറിച്ച് അതിൽ കൂടുതൽ ആഴത്തിലേക്കടുപ്പിക്കുന്നു. സുവിശേഷത്തിന്റെ സന്തോഷം ജീവിക്കാനുള്ള ശക്തമായ മാർഗം കാർലോ നമുക്ക് കാണിച്ചുതരുന്നുവെന്നും കർദ്ദിനാൾ ഓർമിപ്പിച്ചു.
✍️ ജെറിൽ കുരിശിങ്കൽ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.