കൊച്ചി: നിയമസഭയിലേക്ക് ഇന്നലെ നടന്ന പോളിംഗ് അവസാനിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും രാഷ്ട്രീയ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷങ്ങളുണ്ടായി. ഹരിപ്പാടും കായംകുളത്തും സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ രാത്രിയുണ്ടായ സംഘര്‍ഷങ്ങളില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. എരുവ സ്വദേശി അഫ്സല്‍, പുതുപ്പള്ളി സ്വദേശി സുരേഷ്, എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ഇന്നലെ പോളിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് കായംകുളത്തും ഹരിപ്പാടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ആദ്യത്തെ ആക്രമണത്തില്‍ അഫ്‌സലിന് വെട്ടേല്‍ക്കുന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന നൗഫല്‍ എന്നയാള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. തലയ്ക്ക് വെട്ടേറ്റ അഫ്‌സലിനെ വണ്ടാനം മെഡി.കോളേജിലേക്ക് മാറ്റി.
ഈ സംഭവത്തിന് പിന്നാലെ അര്‍ധരാത്രിയോടെയാണ് കായംകുളം പുതുപ്പള്ളി സ്വദേശി സുരേഷിന് നേരെ ആക്രമണമുണ്ടായത്. കൈക്ക് വെട്ടേറ്റ സുരേഷിനെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാടുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടനും ആറാട്ടുപുഴ മണ്ഡലം പ്രസിഡന്റ് രജീഷിനും പരിക്കേറ്റിരുന്നു.
പരാജയ ഭീതിയില്‍ സിപിഎം വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഹരിപ്പാട് മണ്ഡലത്തില്‍ വ്യാപക ആക്രമണമാണ് പോളിംഗിന് പിന്നാലെ നടന്നത്. വീട് ആക്രമിച്ച സംഭവത്തില്‍ പ്രതിയെ വിട്ടയച്ച തൃക്കുന്നപ്പുഴ സ്റ്റേഷനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.
കാസര്‍കോട് പറക്കളായിയില്‍ സിപിഎം- ബിജെപി പ്രവര്‍ത്തകരും ഇന്നലെ രാത്രി ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ യുവമോര്‍ച്ച കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കായിക്ക് വെട്ടേറ്റു. ഗുരുതര പരിക്കുകളോടെ ശ്രീജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്രീജിത്തിന്റെ ഇരുകാലുകള്‍ക്കും വെട്ടേറ്റു. ഒരു കാല് തൂങ്ങിയ നിലയിലാണ്. സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തക ഓമനയ്ക്കും പരിക്കുണ്ട്. ഇവര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.
കൊല്ലം കടയ്ക്കലില്‍ ബിജെപി നേതാവിന്റെ വീടിന് നേരേ ബോംബേറുണ്ടായി. ബി.ജെ.പി കടയ്ക്കല്‍ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് രതി രാജന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ആക്രമിക്കാന്‍ എത്തിയവരുടെ കൈയിലിരുന്ന് ബോംബ് പൊട്ടിയതായി സംശയിക്കുന്നുണ്ട്. കഴിഞ്ഞ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വടക്കേവയല്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു രതി രാജന്‍. അന്നും നിരവധി തവണ വീടിനു നേരേയും ഇവരുടെ വാഹനത്തിന് നേരേയും ആക്രമണം ഉണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.