യേശു നിത്യ മണവാളൻ(TOB 13)

യേശു നിത്യ മണവാളൻ(TOB 13)

യേശു നിത്യ മണവാളൻ

ബാബു ജോണ്‍
(TOB FOR LIFE ഡയറക്ടറും, ‘തിയോളജി ഓഫ് ദി ബോഡി’ പ്രഭാഷകനുമാണ് ലേഖകന്‍)

ബൈബിളിന്റെ ആരംഭത്തിലും അവസാനത്തിലും ഓരോ വിവാഹത്തെകുറിച്ചു പ്രതിപാദിക്കുന്നു. “വി. ഗ്രന്ഥം തുടങ്ങുന്നത് ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും പുരുഷനെയും സ്ത്രീയെയും സൃഷ്‌ടിക്കുന്ന വിവരണത്തോടെയാണ് , അവസാനിക്കുന്നത് " കുഞ്ഞാടിന്റെ വിവാഹസദ്യയെപ്പറ്റിയുള്ള ദർശനത്തോടെയും.” (സിസിസി 1602)ഈ ലോകത്തിലെ വിവാഹം വരാനിരിക്കുന്ന സ്വർഗ്ഗീയ വിവാഹത്തിന്റെ ചൂണ്ടുപലകയാണെന്നു വി. ജോൺ പോൾ രണ്ടാമൻ പാപ്പാ പഠിപ്പിക്കുന്നു.

സഭ ക്രിസ്തുവിന്റെ മണവാട്ടിയാണ്

ക്രിസ്തുവും സഭയും തമ്മിലുള്ള ഐക്യം മിക്കപ്പോഴും മണവാളന്റെയും മണവാട്ടിയുടെയും പ്രതീകം ഉപയോഗിച്ച് വ്യക്തമാക്കുന്നു . ക്രിസ്തു സഭയുടെ മണവാളനാണെന്ന പ്രമേയം പ്രവാചകന്മാരിലൂടെ രൂപപ്പെട്ടതും സ്നാപക യോഹന്നാനിലൂടെ പ്രഖ്യാപിക്കപ്പെട്ടതുമാണ്.(സിസിസി 796)

സ്നാപക യോഹന്നാൻ ക്രിസ്തുവിനെ മണവാളനായി പ്രഖ്യാപിക്കുന്നു


സ്നാപക യോഹന്നാന്റെ ദൗത്യം ആരംഭിക്കുമ്പോൾ ക്രിസ്തുവിനെക്കുറിച്ചു ഇങ്ങനെ സാക്ഷ്യം പറഞ്ഞു, " മണവാട്ടിയുള്ളവനാണ് മണവാളൻ. അടുത്തുനിന്നു മണവാളനെ ശ്രവിക്കുന്ന സ്നേഹിതൻ അവന്റെ സ്വരത്തിൽ വളരെ സന്തോഷിക്കുന്നു .അതുപോലെ, എന്റെ ഈ സന്തോഷം ഇപ്പോൾ പൂർണ്ണമായിരിക്കുന്നു”.(യോഹ 3:29)

ക്രിസ്തു തന്നെക്കുറിച്ചു തന്നെ മണവാളൻ എന്ന് പറഞ്ഞതു മൂന്ന് സുവിശേഷകരും രേഖപ്പെടുത്തിയിരിക്കുന്നു. യേശു പറഞ്ഞു “മണവാളൻ കൂടെയുള്ളപ്പോൾ മണവറതോഴർക്കു ഉപവസിക്കുവാൻ സാധിക്കുമോ? മണവാളൻ കൂടെയുള്ളടത്തോളം കാലം അവർക്കു ഉപവസിക്കാനാവില്ല.” (മർക്കോസ് 2:19), മത്താ (9:15), ലൂക്കാ (5:34).

മുഴുവൻ സഭയെകുറിച്ചും അവിടുത്തെ ശരീരത്തിലെ അവയവങ്ങളായ ഓരോ വിശ്വാസിയെക്കുറിച്ചും കർത്താവായ ക്രിസ്തുവിന്റെ മണവാട്ടി എന്ന് പൗലോസ് അപ്പോസ്തോലൻ പറയുന്നു. ക്രിസ്തുവിനോട് ഒറ്റ ആത്മാവായി തീരത്തക്കവിധം വാഗ്ദാനം ചെയ്യപ്പെട്ട മണവാട്ടിയാണ് സഭ. "എനിക്ക് നിങ്ങളോടു ദൈവീകമായ അസൂയ തോന്നുന്നു . എന്തെന്നാൽ, നിർമലമായ വധുവിനെ അവളുടെ ഭർത്താവിന് എന്നതുപോലെ നിങ്ങളെ ക്രിസ്‌തുവിന്‌ സമർപ്പിക്കേണ്ടതിനു ക്രിസ്തുവുമായി നിങ്ങളുടെ വിവാഹനിശ്ചയം ഞാൻ നടത്തി” (2കോറി 11:2).
സഭ കറയറ്റ കുഞ്ഞാടിൻറെ കറയറ്റ വധുവാണ്. ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാൻ വേണ്ടി തന്നെത്തന്നെ അർപ്പിക്കുകയും ചെയ്‌ത്‌ എന്നേക്കും നിലനിൽക്കുന്ന ഒരു ഉടമ്പടിയിൽ അവിടുന്ന് അവളെ തന്നോട് ചേർത്തു; സ്വന്തം ശരീരമെന്നപോലെ അവളെ പരിപാലിക്കുന്നതിൽ നിന്ന് ഒരിക്കലും വിരമിക്കുന്നില്ല. (CCC 796)

ക്രിസ്തുവിന്റെ രണ്ടാംവരവിൽ ഒരുക്കിവച്ചിരിക്കുന്ന വിവാഹവിരുന്നിനെക്കുറിച്ചു നാം ഇങ്ങനെ വായിക്കുന്നു: "നമുക്ക് ആനന്ദിക്കാം, ആഹ്ളാദിച്ചു ആർപ്പുവിളിക്കാം . അവിടുത്തേക്ക്‌ മഹത്വം നൽകാം . എന്തെന്നാൽ കുഞ്ഞാടിൻറെ വിവാഹം സമീപിച്ചിരിക്കുന്നു . അവിടുത്തെ മണവാട്ടി അണിഞ്ഞൊരുങ്ങി കഴിഞ്ഞു . കുഞ്ഞാടിൻറെ വിവാഹവിരുന്നിനു വിളിക്കപ്പെട്ടവർ ഭാഗ്യവാന്മാർ .."(വെളി 19: 7,9)

ഈ സ്വർഗ്ഗീയവിവാഹവിരുന്നിൽ എത്തിച്ചേരാനാണ് നാം ഈ ലോകത്തിൽ ജീവിക്കുന്നത്.
ഈ ഭൂമിയിലെ കൊച്ചു ജീവിതം അതിനുവേണ്ടി ഒരുങ്ങുവാനുള്ള ഒരു അവസരമാണ്. മതബോധനം പഠിപ്പിക്കുന്നതുപോലെ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വയ്ക ദൈവം സ്നേഹത്തിന്റെ നിത്യമായ പരസ്പര ദാനമാണ്..അതിൽ നാമും പങ്കുചേരണമെന്നു അവിടുന്ന് നിശ്ചയിച്ചിരിക്കുന്നു.. ഈ സ്വർഗ്ഗീയ മണവാളനുമായി ഒന്നായിത്തരുവാൻ തടസ്സമായി നമ്മുടെ ജീവിതത്തിൽ നിൽക്കുന്നതെല്ലാം എടുത്തുമാറ്റി കൃപാവരത്തിന്റെ വിവാഹവസ്ത്രം നമ്മെ അണിയിക്കുവാൻ നിരന്തരം പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാം.

(അടുത്ത ഭാഗത്തിൽ തുടരുന്നതാണ്)
വി ജോൺ പോൾ രണ്ടാമൻ പാപ്പായുടെ "ശരീരത്തിന്റെ ദൈവശാസ്ത്ര”ത്തെക്കുറിച്ചു കൂടുതൽ അറിയുവാൻ വിഡിയോകൾക്കായി യൂട്യൂബ്: BABU JOHN TOBFORLIFE.

തിയോളജി ഓഫ് ദി ബോഡിയുടെ ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കാൻ ഇവിടെ അമർത്തുക





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26