മകളെ കൊലപ്പെടുത്തിയത് ഭാര്യയ്ക്ക് ഒരിക്കലും മറക്കാത്ത വേദന നല്‍കാന്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

മകളെ കൊലപ്പെടുത്തിയത് ഭാര്യയ്ക്ക് ഒരിക്കലും മറക്കാത്ത വേദന നല്‍കാന്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

കൊച്ചി: മകളെ കൊലപ്പെടുത്തിയ സനു മോഹന്റെ ലക്ഷ്യം ഭാര്യയ്ക്ക് ഒരിക്കലും മറക്കാത്ത വേദന നല്‍കുക എന്നതായിരുന്നുവെന്ന് പോലീസ്. വൈഗയെ കൊലപ്പെടുത്തിയ സനു മോഹന്‍ യാതൊരു കുറ്റബോധവുമില്ലാതെയാണ് നാടുവിട്ടത്. ഒപ്പം പിടിക്കപ്പെടാതിരിക്കാന്‍ ക്രിമിനല്‍ ബുദ്ധിയോടെയായിരുന്നു ഓരോ നീക്കങ്ങളും.


ഭാര്യയുമായുള്ള അകല്‍ച്ചയുടെ കാരണങ്ങള്‍ വിശദമായ ചോദ്യംചെയ്യലിലേ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. ഇന്നു സിറ്റിപോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് സൂചന. സനുവിന്റെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.


കുറച്ചുനാളായി വിട്ടിലെത്തിയാല്‍ മുറിയ്ക്കകത്തു കയറി വാതിലടച്ചിരിക്കുക പതിവായിരുന്നുവെന്നു ഭാര്യ മൊഴി നല്‍കിയിരുന്നു. ബുദ്ധിമാനായ കുറ്റവാളിയാണു സനുവെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പിടിയിലാകും വരെയുള്ള ഓരോ നീക്കവും അതാണു കാണിക്കുന്നത്. എല്ലായിടത്തും സംശയത്തിനിടനല്‍കാതെ, കുറ്റബോധമില്ലാതെ സ്വാഭാവികമായി പെരുമാറാന്‍ കഴിഞ്ഞതും അതുകൊണ്ടാണ്.
വൈഗയുടെ മരണത്തിന് പിന്നില്‍ താനാണെന്ന് ഇയാള്‍ മൊഴി നല്‍കി. മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ മകളെ മുട്ടാര്‍ പുഴയില്‍ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്ന് ഇയാള്‍ പറഞ്ഞു. എന്നാല്‍ ഇയാളുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.

സനു മോഹന്റെ മൊഴി ഇങ്ങിനെ:

കടബാധ്യത പെരുകിയപ്പോള്‍ മകളുമൊത്ത് മരിക്കാന്‍ തീരുമാനിച്ചു. തനിയെ മരിച്ചാല്‍ മകള്‍ അനാഥയാകുമെന്ന് കരുതി. കൊച്ചിയിലെ ഫ്‌ളാറ്റിലെത്തി ഒരുമിച്ച് മരിക്കാന്‍ പോവുകയാണെന്ന് മകളോട് പറഞ്ഞു. അമ്മെ അമ്മയുടെ വീട്ടുകാര്‍ നോക്കിക്കോളുമെന്ന് പറഞ്ഞ്. പൊട്ടിക്കരഞ്ഞ് ഫ്‌ലാറ്റില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച വൈഗയെ കെട്ടിപ്പിടിച്ച് മുഖം സ്വന്തം ശരീരത്തോട് ചേര്‍ത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു. ശരീരത്തിന്റെ ചലനം നിലയ്ക്കുന്നത് വരെ അങ്ങനെ ചെയ്തു.


വൈഗയുടെ മൂക്കില്‍ നിന്ന് രക്തം ഒഴുകി. ഇത് ബെഡ് ഷീറ്റ് ഉപയോഗിച്ച് തുടച്ചു. തുടര്‍ന്ന് മകളെ ബെഡ് ഷീറ്റില്‍ പൊതിഞ്ഞ് കാറില്‍ കിടത്തി. മകളുമായി മുട്ടാര്‍ പുഴയുടെ കല്‍ക്കെട്ടിലെത്തി. വൈഗയെ കൈയിലെടുത്ത് പുഴയിലേക്ക് താഴ്ത്തി. മരിച്ചെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. എന്നാല്‍ ഭയം കാരണം തനിക്ക് ആത്മഹത്യ ചെയ്യാനായില്ല. തുടര്‍ന്ന് ബാംഗ്ലൂരും ഗോവയിലും മൂകാംബികയിലും പോയി. കൈയ്യിലുണ്ടായിരുന്ന പണം പനാജിയില്‍ ചൂതുകളിച്ച് കളഞ്ഞു. ഒളിവില്‍ പോയതല്ല മരിക്കാന്‍ പോയതാണ്. യാത്രക്കിടെ പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ല.


എന്നാല്‍ പൊലീസിന്റെ നിഗമനം ഇങ്ങനെയാണ്. ഫ്‌ളാറ്റില്‍ വെച്ച് ശ്വാസം മുട്ടിച്ചെങ്കിലും വൈഗ മരിച്ചിരുന്നില്ല. ബോധ രഹിതയായ വൈഗ മരിച്ചെന്ന് സനു മോഹന്‍ കരുതി. വെള്ളത്തില്‍ എറിയുമ്പോള്‍ വൈഗ അബോധാവസ്ഥയിലായിരുന്നു. മരിച്ചിരുന്നില്ല. വെള്ളത്തില്‍ വീണ ശേഷമാണ് മരണം സംഭവിച്ചത്. ആന്തരികാവയവങ്ങളില്‍ വെള്ളമെത്തിയത് ഇങ്ങിനെയാവാം. വൈഗയുടെ മരണം മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സനു മോഹന്റെ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കുകയാണ് പൊലീസ് സംഘം. കൊച്ചിയില്‍ രഹസ്യ കേന്ദ്രത്തില്‍ സനു മോഹനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.