യാഹൂ മെസൻജർ മരിച്ചത് ഓർമ്മയുണ്ടോ ?

യാഹൂ മെസൻജർ മരിച്ചത് ഓർമ്മയുണ്ടോ ?

ഏകദേശം രണ്ടു ദശാബ്ദങ്ങൾക്കു മുൻപ് ഓൺലൈൻ ചാറ്റിങ് ഒരു ഹരമായി അഭ്യസ്തവിദ്യരുടെ ഇടയിൽ പടർന്നു പിടിച്ചു തുടങ്ങിയ ഒരു കാലത്താണ് യാഹൂ മെസ്സഞ്ചർ ഒരു മാന്ത്രിക കണ്ണാടി പോലേ സൈബർ ലോകത്തു പൊട്ടി വീണത്. പിന്നീട് ഒരു ബഹളമായിരുന്നു. പ്രാദേശികാടിസ്ഥാനത്തിൽ അഭിരുചികൾക്കനുസരിച്ചു ചാറ്റ് റൂമുകളിൽ കയറി ഇറങ്ങിയും പുതിയവ സൃഷ്ടിച്ചും യുവാക്കൾ ഭ്രാന്താവേശത്തോടെ അലറിപ്പാഞ്ഞു. കുറ്റവാസനയുള്ളവർ പൊന്തക്കാടുകൾ വിട്ടു സൈബർ ഇടങ്ങളിൽ സ്വൈര വിഹാരം നടത്തി. വഴിയിൽ കണ്ടവന്റെ പേരും രൂപവും മോഷ്ടിച്ച് പ്രൊഫൈൽ ഉണ്ടാക്കി ആൾമാറാട്ടക്കാർ അരങ്ങു വാണു.

ഒടുവിൽ വേണ്ടപ്പെട്ടവർ ശ്രദ്ധിച്ചു തുടങ്ങിയപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിൽ എത്തിയിരുന്നു. ശ്രദ്ധയാകർഷിച്ച തിരോധാനങ്ങളുടെയും ബാലപീഡനങ്ങളുടെയും ചുരുളഴിച്ച പോലീസ് ചെന്നെത്തിയത് യാഹൂ മെസഞ്ചർ എന്ന കമ്പ്യൂട്ടർ അപ്പ്ലിക്കേഷന്റെ ഇരുണ്ട സാധ്യതകളിലേക്ക്.

സോഷ്യൽ മീഡിയയിലെ പിൻബലം ഒരു ചീട്ടുകൊട്ടാരം

ദശലക്ഷങ്ങൾ ഉപഭോക്താക്കളായുണ്ടായിട്ടും അതിനും അപ്പുറമാണ് പുറത്തുള്ള ജനകോടികൾ എന്ന് യാഹൂ തിരിച്ചറിഞ്ഞത് കമ്പനികൾ പരസ്യം നൽകാൻ വിസമ്മതിച്ചു പ്രതിഷേധിച്ചു തുടങ്ങിയപ്പോഴാണ്. ഒടുവിൽ 2005 ൽ പബ്ലിക് ചാറ്റ് റൂമുകൾ നിർത്തലാക്കി തുടങ്ങിയ യാഹൂ 2018 ജൂലൈ 18 ഓടെ പൂർണമായി രംഗത്ത് നിന്ന് പിന്മാറുകയായിരുന്നു. നവീകരിക്കപ്പെട്ട രൂപത്തിൽ പുനർജനിക്കുമെന്നു മാനേജ്മന്റ് പ്രത്യാശിക്കുന്നുവെങ്കിലും കുറ്റകൃത്യങ്ങൾ തടയും വിധം സുരക്ഷിത സംവിധാനങ്ങളോടെയേ മറ്റൊന്ന് പുറത്തുവരൂ എന്ന് ഉറപ്പായിക്കഴിഞ്ഞു. ഈ കാലഘട്ടത്തിൽ തന്നെയാണ് നിഗൂഢതകളുള്ള അംഗങ്ങളെ പുറത്താക്കാൻ ഫേസ്ബുക്കും യൂട്യൂബും തിരിച്ചറിയൽ നിബന്ധനകൾ കർശനമാക്കി സുരക്ഷാ മാർഗങ്ങൾ ശക്തിപ്പെടുത്തിയത്.

സൈബർ ലോകം സമൂഹത്തിന്റെ പരിച്ഛേദമോ ? 

ശാസ്ത്രം, സാങ്കേതികം, സാമൂഹികം, സാംസ്കാരികം തുടങ്ങി മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകൾക്കും ഒരു സൈബർ പതിപ്പുണ്ട്. എന്നാൽ ഏറ്റവും ജനകീയവത്കരിക്കപ്പെട്ട ഒന്നാണ് സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയ സമൂഹ മനസാക്ഷിയുടെ നേർക്കാഴ്ചയാണ് എന്ന വാദം ശരിയാണോ ? വളരെ ശക്തമായ സാമൂഹ്യ ഇടപെടലുകൾ നടത്തുവാൻ സോഷ്യൽ മീഡിയായ്ക്കു ആയിട്ടുണ്ട് എന്നത് സത്യമാണ്. യഥാർത്ഥത്തിൽ നഗരത്തിലെ കണ്ണായ സ്ഥലത്തു ഉയർന്നു നിൽക്കുന്ന പരസ്യബോർഡ് പോലെയാണ് സോഷ്യൽ മീഡിയ. അത് സ്വന്തമാക്കി പരസ്യം നൽകുന്നവൻ കൂടുതൽ ശ്രദ്ധയാകര്ഷിക്കും. മികച്ച സേവനം എന്ന് പരസ്യ ബോർഡിൽ എഴുതിവച്ചതുകൊണ്ടു ജനം അത് ഏറ്റു പറയണം എന്നില്ലല്ലോ?

എന്നാൽ നിരന്തരമായ പരസ്യ പ്രചാരണത്തിന് പൊതുസമൂഹത്തിൽ ഉയർത്താൻ കഴിയുന്ന സ്വാധീനം സോഷ്യൽ മീഡിയയ്ക്കുണ്ട്. എങ്കിലും നിരക്ഷരത്വവും അടിമത്വവും തളർത്തിയ ബ്രിട്ടീഷ് ഇന്ത്യയിൽ ഗാന്ധിജിയും കൂട്ടുകാരും ചേർന്നുണ്ടാക്കിയ ഓളത്തിന്റെ പത്തിലൊന്നു ശക്തി ഇന്നത്തെ സോഷ്യൽ മീഡിയ പ്രക്ഷോഭങ്ങൾക്ക് ഉണ്ടാകുമോ ? ഭിത്തിയിലെ നിഴലാട്ടങ്ങളെക്കാൾ പച്ച മനുഷ്യനിൽ നിന്ന് പച്ച മനുഷ്യനിലേക്കുള്ള ആശയ സംവേദനത്തിന്റെ പ്രസക്തി മനുഷ്യനുള്ളിടത്തോളം കാണും. യാഹൂ കണ്ടറിഞ്ഞപോലെ അകത്തുള്ളതിനേക്കാൾ ജനം പുറത്തുണ്ട്. 

ഒളിച്ചിരിക്കുന്ന പച്ച മനുഷ്യർ  

പച്ച മനുഷ്യർ സോഷ്യൽ മീഡിയയിൽ ഒളിച്ചിരിക്കുന്നുണ്ട്. സോഷ്യൽ മീഡിയ മുതലാളിയുടെ ഡാറ്റാബേസുകൾ സൂക്ഷ്മാവലോകനം നടത്തിയാൽ മാത്രമേ നമുക്കതു കണ്ടെത്താനാകൂ. 2018 ലെ ഫേസ്ബുക് കേംബ്രിഡ്ജ് അനലറ്റിക്ക ഡാറ്റാ സ്കാൻഡൽ ഓർമയുണ്ടാകുമല്ലോ ? കോടിക്കണക്കിനു ഫേസ്ബുക് ഉപഭോക്താക്കളുടെമേൽ അവർ നടത്തിയതായി പറയുന്ന സൂക്ഷ്മ നിരീക്ഷണം എന്തായിരുന്നിരിക്കണം? സാമൂഹ്യ മാധ്യമങ്ങളിൽ വീശിയടിച്ച കൊടുംകാറ്റുകളിൽ വിശ്വാസമർപ്പിക്കാതെ, അവയെ പാടെ അവഗണിച്ചുകൊണ്ട് അവർ അകത്തളങ്ങളിൽ മുങ്ങി തപ്പിയത് പച്ചമനുഷ്യന്റെ ഹൃദയ ഭാഷണങ്ങൾ വായിച്ചെടുക്കാനല്ലേ?

ഭൂരിപക്ഷ ജനതയുടെ മനസാക്ഷി സമൂഹ മാധ്യമങ്ങളിൽ പൂർണമായും വെളിപ്പെടുന്നില്ല എന്ന് ഡാറ്റാ അനലിസ്റ്റുകൾ പറയാതെ പറയുകയല്ലേ? സമൂഹ മാധ്യമ പുരോഗമന നിലപാടുകളിൽ നിന്നും വ്യത്യസ്തമായി പ്രൊ ലൈഫെർ ആയും യാഥാസ്ഥിതികാനുമായൊക്കെ ഡൊണാൾഡ് ട്രംപ് അവതരിച്ചപ്പോൾ അദ്ദേഹം വിജയം വരിച്ചത് താൻ ഉൾപ്പെട്ട പൊതുസമൂഹത്തിന്റെ ഹൃദയം സോഷ്യൽ മീഡിയയുടെ ദൃശ്യാ തലങ്ങളിലൂടെയല്ലാതെ അദ്ദേഹത്തിന് പഠിക്കാൻ സാധിച്ചതുകൊണ്ടല്ലേ ? സോഷ്യൽ മീഡിയയെ പ്രയോജനപ്പെടുത്തേണ്ടിടത്തു പ്രയോജനപ്പെടുത്തിയും അവിശ്വസിക്കേണ്ടിടത്തു അവിശ്വസിച്ചും മുന്നേറിയ ബുദ്ധിമാനായ പോരാളിയായി ട്രംപ് വിശേഷിക്കപ്പെടുന്നതും അതുകൊണ്ടാണ്. മാധ്യമങ്ങൾ എല്ലാംകൂടി തല്ലികെടുത്തി കോമാളി ആക്കിയിട്ടും ട്രംപ് പാട്ടും പറ്റി ജയിച്ചതും ഇതുകാരണം തന്നെ.

യഥാർത്ഥ സത്യം

സോഷ്യൽ മീഡിയയിൽ വൈറാലാക്കുന്ന വിഡിയോകളും പോസ്റ്റുകളും ദശലക്ഷക്കണക്കിനു ആളുകൾ കണ്ടു എന്ന് പറഞ്ഞാലും അതിൽ ആയിരക്കണക്കിന് ആളുകൾ ഇഷ്ടവും അഭിപ്രായവും രേഖപ്പെടുത്തി എന്ന് പറഞ്ഞാലും അത് ഒരു പൊതുസമൂഹത്തിന്റെ ഇഷ്ടത്തിന്റെ പ്രതിഫലനം ആകണമെന്നില്ല. നമ്മൾ കാണുന്ന വ്യൂസും, ലൈക്സും, ഷെയറുമല്ലാതെ പോസ്റ്റ് മുതലാളിക്ക് മാത്രം വെളിപ്പെടുന്ന ചില വിവരങ്ങളുണ്ട്. ഡെമോഗ്രഫിയും, എയിജ് ഗ്രൂപ്പും ലിംഗഭേദവുമൊക്കെ വേർതിരിച്ചു പഠിക്കുമ്പോഴാണ് ആർക്കാണ് പോസ്റ്റിലെ ഉള്ളടക്കത്തോട് യഥാർത്ഥത്തിൽ താത്പര്യമുണ്ടായത്, എത്രപേരാണ് ഈ പോസ്റ്റ് അവഗണിച്ചത് എന്നൊക്കെ മനസിലാക്കാനാകൂ.

ചില രസികൻ സത്യങ്ങൾ

ചിലപ്പോൾ സ്ത്രീകൾ മാത്രം കാണുക എന്ന കുറിപ്പോടെ പുറത്തിറക്കിയ പോസ്റ്റ് കണ്ടിട്ടുള്ളതിൽ മുക്കാൽ പങ്കും പുരുഷന്മാരായിരിക്കാം. മറ്റു ചിലപ്പോൾ യുവാക്കളെ ലക്ഷ്യമിട്ടു പുറത്തിറക്കിയ വീഡിയോ കണ്ടതാകട്ടെ മുപ്പത്തഞ്ചിന് മേൽ പ്രായമുള്ളവരും. മറ്റൊരു ഉദാഹരണം പറഞ്ഞാൽ വിദ്യ വോക്സ് അമേരിക്കയിൽ നിന്നും പുറത്തിറക്കുന്ന ഇംഗ്ലീഷ് ഗാനങ്ങൾ നെഞ്ചിലേറ്റുന്ന ദശലക്ഷക്കണക്കിനു ആരാധകർ ഇന്ത്യയിൽ നിന്നോ അതോ അമേരിക്കയിൽ നിന്നോ എന്ന് അറിയാവുന്നതു വിദ്യക്കും ഗൂഗിളിനും മാത്രം.

പ്രതിരോധം സാധ്യമാണോ?

പുതിയവയുടെ ആവിർഭാവങ്ങൾ എന്നും മനുഷ്യ സമൂഹത്തെ പിടിച്ചുലച്ചിട്ടുണ്ട്. അപ്പോഴൊക്കെ നമ്മൾ അതിനെ അതിജീവിച്ചിട്ടുമുണ്ട്. നന്മകൾ ഏറെയുണ്ടെങ്കിലും മറഞ്ഞും തെളിഞ്ഞും സത്യവും നന്മയും ആക്രമിക്കപ്പെടുവാൻ സോഷ്യൽ മീഡിയ ഇടവരുത്തുന്നതിനാൽ അതിലെ നന്മയെ നിലനിർത്തി തിന്മയെ ബഹിഷ്കരിക്കാൻ നമ്മുടെ തലമുറക്കാകണം. അതിനു ഏറ്റവും ആവശ്യമുള്ളത് ഇനിപ്പറയുന്നതാണ്. 

ആകർഷണീയമായ നന്മയെ അവതരിപ്പിക്കുന്ന പോസ്റ്റുകളുടെ എണ്ണം കൂടണം. അപ്പോൾ മറഞ്ഞിരിക്കുന്ന പച്ചമനുഷ്യർ കൂടുതലായി വെളിപ്പെട്ടു തുടങ്ങും. 

സാത്വികരായ പച്ചമനുഷ്യരെ നിശബ്ദമാക്കുന്ന ഭയാനകമായ സോഷ്യൽ മീഡിയ പ്രതികരണങ്ങൾക്ക് അറുതി വരണം. മുഖം മൂടികൾക്കു വാഴാൻ ആകാത്ത വിധം സൈബർ പൊലീസിങ് ശക്തമാക്കണം.

സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരിക്കുന്നവർ ഒരു ചെറിയ ജനസമൂഹം മാത്രമാണെന്നും അവിടെ ശ്രദ്ധയാകർഷിക്കുന്നതെല്ലാം ഭൂരിപക്ഷ ജനതയുടെ അഭിപ്രായമല്ലെന്നും സത്യമാകണമെന്നു നിര്ബന്ധമില്ലെന്നുമുള്ള ഒരു മുൻ ധാരണ കൊച്ചു കുട്ടികളിൽ പോലും രൂഢ മൂലമാകണം. 

സാമൂഹ്യ മാധ്യമങ്ങളിലെ പെരുമാറ്റ മര്യാദകൾ സ്വായത്തമാക്കിയ ഒരു നവ തലമുറയെ വാർത്തെടുക്കാനുള്ള ബൗദ്ധിക വ്യാപാരങ്ങൾ സ്കൂൾ തലം തുടങ്ങി വ്യാപകമാകുകയും ചെയ്താൽ ഒരു ദശാബ്ദത്തിനിപ്പുറം ഈ ലക്ഷ്യം നമുക്ക് സ്വന്തമാക്കാനാകും

ജോസഫ് ദാസൻ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.