തിരുവനന്തപുരം: ഭരണത്തുടര്‍ച്ച തന്നെയാണ് ലക്ഷ്യമിട്ട് 'ഉറപ്പാണ് എല്‍ഡിഎഫ്' എന്നതായിരുന്നു ഇത്തവണത്തെ എല്‍ഡിഎഫ് മുദ്രാവാക്യം. ആ ഉറപ്പ് യാഥാര്‍ത്ഥ്യമാകുമോ എന്നറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഇടതിന്റെ പ്രതീക്ഷകള്‍ അങ്ങനെയാണ് എങ്കിലും കേരളത്തിലെ രാഷ്ട്രീയ ചരിത്രം സിപിഎമ്മിന് ഒപ്പമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അഞ്ചു വര്‍ഷം വീതം ഇരുമുന്നണികളെയും ഭരണത്തില്‍ പ്രതിഷ്ഠിക്കുന്നതാണ് കേരളത്തിന്റെ ഒരുരീതി. അതിന് ഇത്തവണ മാറ്റമുണ്ടാകുമെന്ന് ഇടതു മുന്നണി ഉറച്ചു വിശ്വസിക്കുന്നു. കേരളത്തില്‍ തുടര്‍ഭരണം എന്ന സ്വപ്നം ആദ്യമായി യാഥാര്‍ത്ഥ്യമാക്കിയത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണിയാണ് എന്നത് ശ്രദ്ധേയമാണ്.

1969 നവംബര്‍ ഒന്നു മുതല്‍ 1979 വരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഐക്യമുന്നണി കേരളം ഭരിച്ചു. സി അച്യുതമേനോനായിരുന്നു രണ്ടു തവണയും മുഖ്യമന്ത്രി. തുടര്‍ച്ചയായി 2364 ദിവസമാണ് അച്യുതമേനോന്‍ അധികാരത്തിലിരുന്നത്. പിന്നീട് കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനും രണ്ടു തവണ തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിലിരുന്നു. 1981 ഡിസംബര്‍ 28 മുതല്‍ 1982 മാര്‍ച്ച് 17 വരെയായിരുന്നു കരുണാകരന്റെ ആദ്യമൂഴം. തൊട്ടുപിന്നാലെ 1982 മുതല്‍ 1987 വരെ കരുണാകരന്‍ അധികാരത്തിലിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന 1977ലെ തെരഞ്ഞെടുപ്പില്‍ കരുണാകരന്‍ ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തി എങ്കിലും അതിന് 33 ദിവസം മാത്രമേ ആയുസ്സുണ്ടായുള്ളൂ. രാജന്‍ കേസിലെ ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് അദ്ദേഹത്തിന് രാജിവയ്ക്കേണ്ടി വരികയായിരുന്നു.

തുടര്‍ഭരണം പ്രതീക്ഷിച്ച് ഒരിക്കല്‍ ഇടതുമുന്നണി കാലാവധി പൂര്‍ത്തിയാകും മുമ്പ് തെരഞ്ഞെടുപ്പിനെ നേരിട്ട ചരിത്രവും സംസ്ഥാനത്തുണ്ട്. 1991ല്‍ കാലാവധി തികയാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് ഇ.കെ നായനാര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജില്ലാ കൗണ്‍സിലിലെ മികച്ച ജയമാണ് നായനാരെ ഇതിന് പ്രേരിപ്പിച്ചത്. എന്നാല്‍ ശ്രീപെരുമ്പത്തൂരില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സഹതാപ തരംഗത്തില്‍ കോണ്‍ഗ്രസ് അന്ന് അധികാരത്തിലെത്തി. ഒരിക്കല്‍ക്കൂടി കരുണാകരന്‍ മുഖ്യമന്ത്രിയായി. 91 ല്‍ നായനാര്‍ക്ക് സാധിക്കാത്തത് പിണറായി വിജയന് സാധിക്കുമോ എന്നാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്. അത് സാധിക്കുമെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിയെഴുതപ്പെട്ട ഒരു തെരഞ്ഞെടുപ്പായിരിക്കും 2021ലേത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.