കോവിഡ് കാലത്തെ ഗംഭീര പരീക്ഷണം;  സി യു സൂൺ  C U SOON – U SHOULD C IT

കോവിഡ് കാലത്തെ ഗംഭീര പരീക്ഷണം;  സി യു സൂൺ   C U SOON – U SHOULD C IT

ലോകം മുഴുവൻ മഹാമാരിയെ നേരിടുന്ന സമയത് ഒരു സിനിമ നിർമ്മിക്കുന്നു. അതും ഭൂരിഭാഗവും മൊബൈലിൽ ഷൂട്ട്‌ ചെയുന്നു. വീഡിയോ കോൾ ചെയ്യുന്നത് പോലെയുള്ള സിനിമ. അതിൽ മലയാളത്തിലെ മികച്ച മുൻനിര നടൻമാരായ ഫഹദ്‌ ഫാസിൽ, റോഷൻ മാത്യു തുടങ്ങിയവർ അഭിനയിക്കുന്നു. ചിത്രം സംവിധാനം ചെയ്യുന്നതോ മികച്ച എഡിറ്ററായ മഹേഷ്‌ നാരായണനും. ഇതെല്ലാമായിരുന്നു ‘സീ യു സൂൺ’ എന്ന സിനിമയുടെ പ്രതീക്ഷകൾ വാനോളം ഉയർത്തിയിരുന്ന ഘടകങ്ങൾ. ആ പ്രതീക്ഷകൾ ഒന്നും അസ്ഥാനത്തായില്ല എന്നു കണ്ടപ്പോൾ മനസ്സിലായി. 

പൂര്‍ണമായും ഒ.ടി.ടിക്ക് വേണ്ടി മാത്രം നിര്‍മ്മിച്ച ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്നാണ്. സിനിമയുടെ റിലീസിന് മുമ്പ് തന്നെ ഒരു പരീക്ഷണ ചിത്രമാണെന്നും ലോക്ക്ഡൗണിലെ വര്‍ക്ക് ഫ്രം ഹോം പോലെ ചെയ്തതാണ് ഈ സിനിമയെന്നുമായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഒരു സാധാരണ പടമെടുക്കുന്നതിനേക്കാള്‍ ഇരട്ടി തയ്യാറെടുപ്പുകള്‍ ഈ സിനിമയ്ക്കായി എടുത്തിട്ടുണ്ടെന്നാണ് ചിത്രം കാണുമ്പോൾ മനസിലാകുന്നത്.

കാഴ്ചക്കാരെ പിടിച്ചിരുത്താൻ പറ്റുന്ന സിനിമയാണ് ‘സീ യു സൂൺ’. 90 മിനുട്ട് കാഴ്ചക്കാരെ സ്‌ക്രീനിൽ തന്നെ നോക്കിയിരുത്തുന്ന ഒരു വിസ്മയം ആണ് മഹേഷ്‌ നാരായൺ ‘സീ യു സൂൺ’ എന്ന സിനിമയിലൂടെ കാണിക്കുന്നത്. പ്രണയം, ത്രില്ലെർ, സസ്പെൻസ്, സെന്റിമെൻസ്, തുടങ്ങി മലയാളികളുടെ കമർഷ്യൽ ചേരുവകകൾ എല്ലാം ഉള്ള ഒരു മൂവി ആണിത്. ഒരുപക്ഷെ ഈ സിനിമ തീയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ ഒരു ഫ്ലോപ്പ് ആയിമാറാനുള്ള സാദ്ധ്യതകൾ ഒരുപാടാണ്. പരീക്ഷണ ചിത്രങ്ങളോട് മലയാളികൾക്കുള്ള വിമുഖത മുൻപും പല സിനിമകളെയും തിയേറ്ററിൽ ദുരന്തങ്ങളായി മാറ്റിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ ആമസോണിൽ റിലീസ് ചെയ്തത് എന്തുകൊണ്ടും നല്ലത് തന്നെയാണ്.

 ജിമ്മി കുര്യനും (റോഷൻ മാത്യു) കെവിനും (ഫഹദ് ഫാസിൽ) കസിൻസാണ്. ഒരു ബാങ്കിംഗ് സെക്റട്ടറിൽ ജോലി ചെയ്യുന്ന ജിമ്മി ടിൻഡർ വഴി അനു സെബാസ്റ്റ്യനെ (ദർശന രാജേന്ദ്രൻ) പരിചയപെടുകയും വിവാഹം കഴിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു സാധാരണ കഥയായി തുടങ്ങുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ അനുമോളെ കാണാതാവുന്നതോടെ ചിത്രത്തിന്റെ സ്വഭാവം മാറുകയും ഒരു ത്രില്ലര്‍ സ്വഭാവത്തിലേക്ക് ചിത്രം എത്തുകയും ചെയ്യുന്നു. തുടർന്ന് ജിമ്മി നേരിടുന്ന പ്രശ്നങ്ങളും കെവിൻ അവനെ എങ്ങനെയെല്ലാം സഹായിക്കുന്നു എന്നതുമാണ് ‘സീ യു സൂൺ’ നമ്മോട് പറയാൻ ശ്രമിക്കുന്നത്.

‘സി യു സൂണി’ലെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയത് സ്‌ക്രീന്‍ മൂവി ആയത് കൊണ്ട് തന്നെ സിനിമയുടെ ഭൂരിപക്ഷം സീനുകളിലും കഥാപാത്രങ്ങള്‍ ക്ലോസ് അപ്പ് ഷോട്ടിലാണ് ഉള്ളത് എന്നതാണ്. അതുകൊണ്ട് തന്നെ ഇമോഷണല്‍ രംഗങ്ങളൊക്കെ പ്രേക്ഷകരുമായി വളരെയെളുപ്പം കണക്റ്റ് ചെയ്യാന്‍ കഴിയുന്നതായിരുന്നു. സിനിമയിലെ ഒരു സീനില്‍ റോഷന്റെ കഥാപാത്രമായ ജിമ്മിയോട് കസിന്‍ പറയുന്നുണ്ട്, ജിമ്മിയുടെയും അനുവിന്റെയും സ്വഭാവം തികച്ചും വ്യത്യസ്തമാണ്, അതുകൊണ്ട് നിങ്ങള്‍ പെര്‍ഫക്ട് മാച്ചാണ് എന്ന്. സിനിമ കണ്ട് കഴിയുന്ന പ്രേക്ഷകനും ഇത് തോന്നും. വളരെ ഒതുക്കി പിടിച്ച ഇമോഷന്‍സ് പുറത്തുകാണിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്ന ഒരിത്തിരി നിഗൂഡതയുള്ള കഥാപാത്രമായിട്ട് ദര്‍ശന മികച്ച പെര്‍ഫോമന്‍സാണ് കാഴ്ച്ചവെച്ചത്.

 പലപ്പേഴും ഫഹദ് ഫാസിലിന്റെ അഭിനയത്തെക്കുറിച്ചും പ്രത്യേകിച്ച് അദ്ദേഹത്തിന്റെ കണ്ണുകളെ കുറിച്ചും പലരും എടുത്ത് പറയാറുണ്ട്. ഇത്തവണയും ഫഹദ് നിരാശപ്പെടുത്തുന്നില്ല. റോഷനും സമാനമായ രീതിയില്‍ കൈയ്യടി അര്‍ഹിക്കുന്ന പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്. സിനിമയില്‍ ഒരു രംഗത്ത് ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ കെവിനെ വിളിക്കുന്ന ജിമ്മിയുടെ ഒരു ഗംഭീര സീന്‍ ഉണ്ട്. ക്ലൈമാക്‌സ് സീനുകളെല്ലാം റോഷന് കൈയ്യടി അര്‍ഹിക്കുന്ന ഒന്നായിരുന്നു.

 ശരിക്കും ഒരു വീഡിയോ കോൾ ചെയ്യുന്ന പ്രതീതിയാണ് കാഴ്ചക്കാരന് അനുഭവപ്പെടുക. വെറും മീഡിയം ഷോർട്ടും ക്ലോസപ്പ് ഷോർട്ടും മാത്രമുള്ളതായിട്ടും കാണികളെ മടുപ്പിക്കാതെ മുഴുവൻ സമയവും എൻഗേജിങ് ആക്കി നിർത്താൻ സംവിധായകന് കഴിയുന്നുണ്ട്. കമ്പ്യൂട്ടർ മോണിറ്ററിൽ കാണുന്ന പോലെയുള്ള സിനിമകൾ ഹോളിവുഡിൽ ധാരാളം ഉണ്ടായിട്ടുണ്ട്. ‘’സെർച്ചിങ്’, ‘അണ്‍ഫ്രണ്ടിംഗ്’ പോലുള്ള ചില സിനിമകള്‍ നമ്മളില്‍ ചിലര്‍ക്കെങ്കിലും പരിചിതമാണ്. അതിൽ ഏറ്റവും മികച്ചത് 2018ൽ പുറത്തിറങ്ങിയ ‘സെർച്ചിങ്’ ആണ്. പൂർണമായും കമ്പ്യൂട്ടർ സ്‌ക്രീനിൽ കാണുന്നത് പോലുള്ള ഈ ചിത്രം അതിന്റെ കഥപറയുന്ന രീതികൊണ്ടും അവതരണ ശൈലികൊണ്ടും മികച്ചു നിൽക്കുന്നതാണ്. ‘സെർച്ചിങ്ങി’നെ അപേക്ഷിച്ചു ‘സീ യു സൂൺ’ പ്രേക്ഷകർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിൽ ആണ് മഹേഷ് നാരായണൻ അണിയിച്ചൊരുക്കിയത്.

 കേട്ടുമറന്ന ഒരു കഥയാണെങ്കിലും അതിനെ മലയാളത്തിൽ മുൻപ് പറഞ്ഞു ശീലമില്ലാത്ത ഒരു രീതിയിൽ അവതരിപ്പിച്ചപ്പോൾ കാഴ്ചക്കാരെ ശരിക്കും ത്രില്ലടിപ്പിക്കുന്ന ഒരു ത്രില്ലർ മൂവി ആക്കാൻ സംവിധായകന് കഴിഞ്ഞു. ഫഹദ്, റോഷൻ, ദർശന എന്നിവർക്ക് പുറമെ മാല പാർവതി, സൈജു കുറുപ്പ്, അമൽഡ തുടങ്ങിയവരാണ് അഭിനേതാക്കൾ.

മഹേഷ് നാരായണൻ എന്ന സംവിധായകൻ എത്രമാത്രം മികച്ച ഒരു ടെക്നീഷ്യൻ കൂടിയാണെന്ന് അടയാളപ്പെടുത്തുന്നതാണ് ഈ ചിത്രം. എഴുത്തിലും സംവിധാനത്തിലും ഒപ്പം എഡിറ്റിങ്ങിലും അദ്ദേഹം മത്സരിച്ച് മികവു തെളി‌യിക്കുന്നു ഈ ചിത്രത്തിലൂടെ. ഐഫോൺ മുതൽ കാറിന്റെ റിവേഴ്സ് ക്യാമറ വരെ വച്ച് ഷൂട്ട് ചെയ്ത വിഷ്വലുകൾ എത്ര മനോഹരമായി ഒരു വ്യത്യാസവും പ്രേക്ഷകനു അറിയാത്തവിധം അദ്ദേഹം ക്രോഡീകരിച്ചിരിക്കുന്നു. അതോടോപ്പോം തന്നെ സബിന്റെ ഛായാഗ്രഹണവും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് നൽകുന്ന മൈലേജ് കുറച്ചൊന്നുമല്ല. വിർച്വൽ സിനിമട്ടോഗ്രാഫി ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചു എന്നതും സിനിമയുടെ പ്രത്യേകതയാണ്.

അവിടിവിടെയായി ചില പാളിച്ചകൾ കാണാൻ കഴിയുമെങ്കിലും അതൊന്നും മഹേഷ് നാരായണനും സംഘവും എടുത്ത റിസ്കിനെ വിലകുറച്ച് കാണിക്കത്തക്കവിധത്തിൽ ഗൗരവമുള്ളതല്ല. കൃത്യമായ ഹോം വര്‍ക്കുകള്‍ ഇല്ലെങ്കില്‍ പാളിപോകാവുന്ന എല്ലാ സാധ്യതകളും ഉള്ള ഒരു വിഷയമാണ് മഹേഷ് നാരായണന്‍ സിനിമയാക്കിയിരിക്കുന്നത്. ‘ടേക്ക് ഓഫ്’ എന്ന അദ്ദേഹത്തിന്റെ മുന്‍ സിനിമ പോലെ തന്നെ യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘സി യു സൂണും’ ഒരുങ്ങിയിരിക്കുന്നത്.

പരിമിതമായ സാഹചര്യത്തില്‍ ഇതേപോലെ ഒരു സിനിമയെടുത്ത ടീം, തിയേറ്ററുകള്‍ക്ക് വേണ്ടി സിനിമയെടുക്കുമ്പോഴുള്ള മാജിക്കിന് വേണ്ടി പ്രതീക്ഷകളോടെ കാത്തിരിക്കാം. ചിത്രം തീര്‍ച്ചയായും പ്രേക്ഷകനെ നിരാശപ്പെടുത്തില്ലെങ്കിലും എല്ലാ കാഴ്ചക്കാരെയും തൃപ്തിപ്പെടുത്തുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. എന്നിരുന്നാലും തുടര്‍ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയാവുമെന്നുറപ്പാണ്. മഹവിപത്തിന്റെ കാലത്ത് നിശ്ചലമായിപ്പോയ സിനിമ ഇൻഡസ്ട്രിയെ ഉയർത്തിയെഴുന്നേൽപ്പിക്കാൻ കെല്പുള്ള ഒരു സിനിമ തന്നെയാണ് ‘സീ യു സൂൺ’. ഒരുപക്ഷെ കൊറോണയില്ലെങ്കിൽകൂടി ഈ സിനിമ ഇങ്ങനെയേ അവതരിപ്പിക്കാൻ കഴിയുള്ളു എന്നു എവിടെയോ പറഞ്ഞു കേട്ടിരുന്നു. അതു ശരിയാണ്. ഈ സിനിമ ഇങ്ങനെയേ പറയാൻ പറ്റുകയുള്ളു.

ഡി കെ എം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.