വേണ്ടി വന്നാല്‍ ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് ട്രംപ്; വെല്ലുവിളി ഏറ്റെടുത്ത് ഇറാന്‍: സംഘര്‍ഷത്തിന് അയവില്ല

വേണ്ടി വന്നാല്‍ ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് ട്രംപ്; വെല്ലുവിളി ഏറ്റെടുത്ത് ഇറാന്‍: സംഘര്‍ഷത്തിന് അയവില്ല

വാഷിങ്ടണ്‍: അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരായ നീക്കങ്ങള്‍ തുടരുകയോ എണ്ണക്കപ്പലുകളെ ആക്രമിക്കുകയോ ചെയ്താല്‍ ഹോര്‍മുസ് കടലിടുക്ക് അമേരിക്ക പിടിച്ചെടുക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കി. സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാന്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തിയാല്‍ അത് ആ രാജ്യത്തിന്റെ അന്ത്യമായിരിക്കും. പിന്നീട് ആ പേര് ആരും കേള്‍ക്കില്ലെന്നും അദേഹം ആവര്‍ത്തിച്ചു. ഇറാനെതിരെ ഏറ്റവും തീവ്രമായ ആക്രമണം നടത്തുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും മുന്നറിയിപ്പ് നല്‍കി.

അമേരിക്കയുടെ ഭീഷണിക്ക് മറുപടിയുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും രംഗത്തെത്തി. അമേരിക്കയുടെയോ ഇസ്രയേലിന്റെയോ ആക്രമണം തുടരുകയാണെങ്കില്‍ മേഖലയില്‍ നിന്ന് ഒരു ലിറ്റര്‍ എണ്ണ പോലും കയറ്റുമതി ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് ഇറാന്റെ ഭീഷണി.

ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നു പോകുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. സംഘര്‍ഷം രൂക്ഷമായതോടെ നിലവില്‍ ഈ വഴിയുള്ള ചരക്കുകപ്പല്‍ ഗതാഗതം ഏതാണ്ട് നിലച്ചിരിക്കുകയാണ്. വിതരണം തടസപ്പെടുമെന്ന ആശങ്കയെ തുടര്‍ന്ന് തിങ്കളാഴ്ച ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 120 ഡോളറിലെത്തി. ഇത് കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുക്കാനുള്ള അമേരിക്കന്‍ നീക്കവും അതിനെ പ്രതിരോധിക്കാനുള്ള ഇറാന്റെ ശ്രമങ്ങളും പശ്ചിമേഷ്യയെ കൂടുതല്‍ സങ്കീര്‍ണമായ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ സംഘര്‍ഷം ലഘൂകരിക്കപ്പെട്ടില്ലെങ്കില്‍ ആഗോള എണ്ണ വിപണി കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ആശങ്കപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.