ഫ്‌ളോറിഡ: പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാസ വിക്ഷേപിച്ച ഉപഗ്രഹം പ്രവര്‍ത്തന രഹിതമായതോടെ തിരിച്ച് ഭൂമിയിലേക്ക്. 2012 ഓഗസ്റ്റില്‍ വിക്ഷേപിച്ച വാന്‍ അലന്‍ പ്രോബ് എ ഉപഗ്രഹമാണിത്. 2019 ലാണ് ഈ ഉപഗ്രഹം പ്രവര്‍ത്തന രഹിതമാക്കിയത്.
ഇന്ത്യന്‍ സമയം മാര്‍ച്ച് 11 പുലര്‍ച്ചെ 5.15 ന് ഉപഗ്രഹം ഭൗമാന്തരീക്ഷത്തില്‍ ഇടിച്ചിറങ്ങുമെന്നാണ് കണക്കാക്കിയതെങ്കിലും ഇതില്‍ 24 മണിക്കൂറെങ്കിലും മാറ്റം വന്നേക്കാമെന്ന് നാസ അറിയിച്ചു. നിലവില്‍ ഉപഗ്രഹം വന്നിറങ്ങിയതായ സ്ഥിരീകരണം നാസയില്‍ നിന്നുണ്ടായിട്ടില്ല.
600 കിലോ ഭാരമുള്ള വാന്‍ അലന്‍ പ്രോബ് എ ഉപഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതോടെ കത്തിയമരും. എങ്കിലും ചില ഭാഗങ്ങള്‍ ഭൂമിയില്‍ പതിച്ചേക്കാം. ഇവ സമുദ്രത്തില്‍ വീഴുമെന്നാണ് കണക്കാക്കുന്നത്.
ഈ ഉപഗ്രഹത്തിനൊപ്പം വാന്‍ അലന്‍ പ്രോബ് ബി എന്ന മറ്റൊരു ഉപഗ്രഹവും വിക്ഷേപിച്ചിരുന്നു. ഭൂമിക്കു ചുറ്റുമുള്ള റേഡിയേഷന്‍ വലയത്തെ കുറിച്ച് പഠിക്കുന്നതിന് വേണ്ടിയാണ് ഇവ വിക്ഷേപിച്ചത്.
രണ്ട് വര്‍ഷത്തെ ദൗത്യ കാലാവധിയായിരുന്നു ഇവയ്ക്ക്. എങ്കിലും ഏഴ് വര്‍ഷക്കാലം ഭൂമിയുടെ രണ്ട് സ്ഥിര റേഡിയേഷന്‍ വലയങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഈ ഉപഗ്രഹങ്ങള്‍ ശേഖരിച്ചു. ഇന്ധനം തീരുന്നതു വരെ ഈ രണ്ട് ഉപഗ്രഹങ്ങളും പ്രവര്‍ത്തിപ്പിച്ചു. ശാസ്ത്രജ്ഞനായ ജെയിംസ് വാന്‍ അലന്റെ പേരാണ് ഈ ദൗത്യത്തിന് നല്‍കിയത്.
2019 ല്‍ ദൗത്യം അവസാനിച്ചതിനു ശേഷം, 2034 ഓടെ പേടകം ഭൂമിയില്‍ തിരിച്ചെത്തുമെന്നാണ് നാസയിലെ വിദഗ്ധര്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ നിലവിലെ സൗരചക്രം ആരംഭിച്ചതോടെ ഈ കണക്കുകൂട്ടലുകള്‍ക്ക് മാറ്റം സംഭവിച്ചു.
2024 ല്‍ സൂര്യന്‍ അതിന്റെ പരമാവധി ഊര്‍ജാവസ്ഥയിലെത്തിയതോടെ ഉണ്ടായ സൗരക്കാറ്റും മറ്റും വാന്‍ അലന്‍ പ്രോബ് എ പ്രതീക്ഷിച്ചതിലും നേരത്തേ ഭൂമിയിലേക്ക് പ്രവേശിക്കാന്‍ കാരണമായി. രണ്ടാമത്തെ ഉപഗ്രഹമായ വാന്‍ അലന്‍ പ്രോബ് ബി 2030 ന് മുമ്പ് ഭൂമിയില്‍ പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.