ലോക്ഡൗണ്‍ മാര്‍ഗരേഖ ഇറങ്ങി: ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി 7.30 വരെ; പൊതുഗതാഗതമില്ല; അറിയാം നിയന്ത്രണങ്ങളും ഇളവുകളും

ലോക്ഡൗണ്‍ മാര്‍ഗരേഖ ഇറങ്ങി: ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി 7.30 വരെ; പൊതുഗതാഗതമില്ല; അറിയാം നിയന്ത്രണങ്ങളും ഇളവുകളും

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന ലോക്ഡൗണിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. അടിയന്തര പ്രാധാന്യമില്ലാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി 7.30 വരെ പ്രവര്‍ത്തിക്കാം. എല്ലാ കടകളും പരമാവധി ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തണം. പെട്രോള്‍ പമ്പുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, സുരക്ഷാ ഏജന്‍സികള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ അവശ്യ സേവനങ്ങള്‍ നല്‍കുന്നവ മാത്രമെ പ്രവര്‍ത്തിക്കൂ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം. 

അറിയാം നിര്‍ദേശങ്ങളും ഇളവുകളും

ചരക്കുവാഹനങ്ങള്‍ തടയില്ല. അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കാന്‍ ഓട്ടോ, ടാക്‌സി ഇവ ഉപയോഗിക്കാം. വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ഓട്ടോ, ടാക്‌സി ഇവ ലഭ്യമാകും. സ്വകാര്യവാഹനങ്ങള്‍ അവശ്യവസ്തുക്കളും മരുന്നും വാങ്ങാന്‍ മാത്രം പുറത്തിറക്കാം. കോവിഡ് വാക്‌സിനേഷന് സ്വന്തം വാഹനങ്ങളില്‍ യാത്രചെയ്യാം.

റെയില്‍, വിമാന സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല.

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ അവശ്യ സേവനങ്ങള്‍ നല്‍കുന്നവ മാത്രമെ പ്രവര്‍ത്തിക്കൂ. ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ ഒരു മണിവരെ പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും.

എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. ആള്‍ക്കൂട്ടമുണ്ടാകുന്ന മത, രാഷ്ട്രീയ, സാമൂഹിക, വിനോദ, കായിക, പരിപാടികള്‍ക്കും വിലക്ക്.

പെട്രോള്‍ പമ്പുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍ പ്രവര്‍ത്തിപ്പിക്കാം.

കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, മത്സ്യബന്ധനം, മൃഗസംരക്ഷണമേഖലകള്‍ക്ക് അനുമതി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂ.

വിവാഹങ്ങളില്‍ 20 പേര്‍. പോലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം. റജിസ്‌ട്രേഷന്‍ വേണം.

മരണാനന്തര ചടങ്ങിന് പരമാവധി 20 പേര്‍. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം..

വാഹന, അത്യാവശ്യ ഉപകരണ റിപ്പയര്‍ കടകള്‍ തുറക്കാം. ഇലക്ട്രിക്കല്‍, പ്ലമ്പിങ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് തടസമില്ല.

അടിയന്തര പ്രാധാന്യമില്ലാത്ത വാണിജ്യ, വ്യവസായ മേഖലകള്‍ അടച്ചിടും..

മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ല.

നിര്‍മാണ മേഖലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജോലി തുടരാം.

ഹോംനഴ്‌സ്, പാലിയേറ്റിവ് പ്രവര്‍ത്തകര്‍ക്ക് ജോലി സ്ഥലങ്ങളിലേക്കു പോകാം.

ഐടി, അനുബന്ധ സ്ഥാപനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി തുറക്കാം.

തൊഴിലുറപ്പ് ജോലി ചെയ്യുന്നവരെ 5 പേരുടെ സംഘങ്ങളായി തിരിക്കണം.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രതിരോധം, കേന്ദ്ര സായുധ പോലീസ്, ട്രഷറി, പെട്രോളിയം, സിഎന്‍ജി, എല്‍എന്‍ജി സേവനങ്ങള്‍, ദുരന്ത നിവാരണം, ഊര്‍ജ ഉത്പാദനം - വിതരണം, പോസ്റ്റല്‍ വകുപ്പ്, പോസ്റ്റ് ഓഫീസുകള്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, എഫ്.സിഐ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മീഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയര്‍പോര്‍ട്ട്, സീപോര്‍ട്, റെയില്‍വെ തുടങ്ങിയവയുമായി ബന്ധപ്പെട്ടവയ്ക്ക് പ്രവര്‍ത്തിക്കാം.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആരോഗ്യം, ആയുഷ്, റവന്യൂ, തദ്ദേശ സ്വയംഭരണം, ഭക്ഷ്യ സിവില്‍ സപ്ലൈസ്, വ്യവസായം - തൊഴില്‍ വകുപ്പുകള്‍, മൃഗശാല, കേരള ഐ.ടി മിഷന്‍, ജലസേചനം, വെറ്ററിനറി സേവനങ്ങള്‍, സാമൂഹ്യ നീതി വകുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, പ്രിന്റിങ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടവയ്ക്ക് പ്രവര്‍ത്തിക്കാം.

പോലീസ്, എക്‌സൈസ്, ഹോം ഗാര്‍ഡുകള്‍, സിവില്‍ ഡിഫന്‍സ്, അഗ്‌നിശമന സേന, ദുരന്ത നിവാരണസേന, വനം വകുപ്പ്, ജയില്‍ വകുപ്പ് എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ജില്ലാ കലക്ടറേറ്റുകളും ട്രഷറിയും പ്രവര്‍ത്തിക്കും.

വൈദ്യുതി, ജലവിതരണം, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും അനുവദിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ ജീവനക്കാരുടെ എണ്ണം പരമാവധി കുറയ്ക്കണം.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നിര്‍മാണ, വിതരണ സ്ഥാപനങ്ങള്‍ (പൊതു സ്വകാര്യ മേഖലകളില്‍ ഉള്ളവ), ഡിസ്‌പെന്‍സറികള്‍, മരുന്നു കടകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ലബോറട്ടറികള്‍, ക്ലിനിക്കുകള്‍, നഴ്‌സിങ് ഹോമുകള്‍, ആംബുലന്‍സുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍ എന്നിവരുടെ ജോലി സ്ഥലത്തേക്കുള്ള യാത്ര അനുവദിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.