കുട്ടനാട്ടിൽ ആരാകും സ്ഥാനാർത്ഥി?

കുട്ടനാട്ടിൽ ആരാകും സ്ഥാനാർത്ഥി?


കേരളത്തിന്റെ നെല്ലറയായ കുട്ടനാട്  കേരളാ കോൺഗ്രസ്സുകൾക്ക്  സ്വാധീനമുള്ള ഒരു മണ്ഡലമായിട്ടാണ് കരുതപ്പെടുന്നത്.  എല്ലാ വിഭാഗം കേരളാ കോൺഗ്രസ്സുകളും തങ്ങൾക്ക് ഇവിടെ ശക്തമായ അടിത്തറ അവകാശപ്പെടുന്നു.

ഒരിക്കൽ ക്രൈസ്തവ ഭൂരിപക്ഷപ്രദേശമായി കരുതപ്പെട്ടിരുന്ന കുട്ടനാട്ടിൽ,  പ്രഥമ തെരഞ്ഞെടുപ്പൊഴികെ എല്ലാ തിരഞ്ഞെടുപ്പുകളിലും ക്രിസ്ത്യൻ നാമധാരികളാണ് നിയമസഭയിൽ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ളത്.  1967 ൽ  മൂന്നാമത്തെ കേരളാ നിയമസഭയിലേക്ക് കുട്ടനാട്ടിൽ നിന്ന് സ്വതന്ത്രസ്ഥാനാർഥി  ശ്രീ കെ. കെ പിള്ള ജയിച്ചതിന് ശേഷം 1970 മുതൽ ഇന്ന് വരെ വിവിധ നിയമസഭകളെ പ്രതിനിധീകരിച്ചവരുടെ പേരുകൾ ചുവടെ ചേർക്കുന്നു.

1965 - 1967  തോമസ് ജോൺ 

1967 - 1970  കെ കെ പിള്ള

1970 - 1977   ശ്രീ ഉമ്മൻ തലവടി - ജനതാ പാർട്ടി.

1977 - 1980   ശ്രീ ഈപ്പൻ കണ്ടക്കുടി .

1980 - 1982   ശ്രീ ഉമ്മൻ മാത്യു (കേരളാ കോൺഗ്രസ് ജെ).

1982 - 2006    ഡോ കെ സി ജോസഫ് (കേരളാ കോൺഗ്രസ്സ്).

2006 -2016     ശ്രീ തോമസ് ചാണ്ടി (എൻ സി പി).

ചമ്പക്കുളം, എടത്വ, കാവാലം, കാവാലം, മുട്ടാർ, നെടുമുടി, കൈനകരി, നീലംപേരൂർ, പുളിങ്കുന്ന്, രാമങ്കരി, തകഴി, തലവടി, വെളിയനാട്, വീയപുരം തുടങ്ങിയ പഞ്ചായത്തുകൾ അടങ്ങിയതാണ് കുട്ടനാട് നിയോജകമണ്ഡലം.

നീണ്ട 24 വർഷം നിയമ സഭയിൽ മണ്ഡലത്തെ പ്രതിനിധീകരിച്ച ഡോ കെ സി ജോസഫ്  കുട്ടനാടിന്റെ വികസന നായകൻ എന്ന്  പൊതുവെ കരുതപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട വികസനങ്ങൾ അശാസ്ത്രിയമായിരുന്നെന്നും കുട്ടനാടിന്റെ പ്രകൃതിഭംഗിയെ അത് നശിപ്പിച്ചെന്നും പരക്കെ ആരോപണമുണ്ട്. 

അടുത്ത വർഷം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ ആരൊക്കെയാകും സ്ഥാനാർത്ഥികൾ  എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ  കുട്ടനാടിന്റെ പല ഭാഗങ്ങളിലും ആരംഭിച്ച് കഴിഞ്ഞു.  കേരളാ കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയിൽ എത്തിയ സാഹചര്യത്തിൽ ,  സീറ്റ് എൻ സി പി യിൽ നിന്നെടുത്ത് ജോസ് കെ മാണി വിഭാഗത്തിന് നൽകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു  ഈ സാഹചര്യത്തിൽ എൻ സി പി ഇടത് മുന്നണിയിൽ നിന്ന് മറുകണ്ടം ചാടി യു ഡി എഫിൽ എത്തുമെന്നും കരുതുന്നവർ ധാരാളം.  ജോസ് കെ മാണി വിഭാഗവും എൻ സി പി യും തമ്മിൽ സമവായമുണ്ടായില്ലെങ്കിൽ കുട്ടനാട് സീറ്റ് സി പി എം ഏറ്റെടുത്ത്  പകരം സി പി എം കഴിഞ്ഞ തവണ മത്സരിച്ച ചങ്ങനാശ്ശേരി സീറ്റ്  ജോസ് കെ മാണി വിഭാഗത്തിന് നൽകാനും നീക്കങ്ങൾ നടക്കുന്നുണ്ട്. 

കുട്ടനാട്ടുകാർക്ക് സുപരിചിതനായ ജനാധിപത്യ കേരളാ കോൺഗ്രസ്സ് പ്രതിനിധി ഡോ കെ സി ജോസഫിനെ ഒരിക്കൽക്കൂടി കുട്ടനാട്ടിൽ പരീക്ഷിക്കാനും ഇടത് മുന്നണി ആലോചിക്കുന്നുണ്ട്.  ചങ്ങനാശ്ശേരി , കുട്ടനാട് ഇവയിൽ ഏതെങ്കിലുമൊരു സീറ്റിൽ ഡോ ജോസഫ് മത്സരിക്കുമെന്ന് അദ്ദേഹത്തോടടുത്ത കേദ്രങ്ങൾ പറയുന്നു.

യു ഡി എഫ് ക്യാമ്പ് കുട്ടനാട്ടിൽ കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.  ജോസ് കെ മാണി വിഭാഗത്തിന് കരുത്തുറ്റ സ്ഥാനാർത്ഥികൾ ഇല്ലെന്നും, കത്തോലിക്കാ സഭയുടെയും എൻ എസ് എസ്സി ന്റെയും പിന്തുണ തങ്ങൾക്കാണെന്നും ജോസഫ് വിഭാഗം നേതാക്കൾ അവകാശപ്പെടുന്നു. ജോസഫ് വിഭാഗത്തിനാണ് കുട്ടനാട് സീറ്റെന്ന ഒരു ധാരണ യു ഡി എഫ് എടുത്തിരുന്നെങ്കിലും, ജോസ് കെ മാണി വിഭാഗവും, ജനാധിപത്യ കേരളാ കോൺഗ്രസ്സും മറുപക്ഷത്തായാൽ ജോസഫ് നിർത്തുന്ന സ്ഥാനാർത്ഥിക്ക് ജയിക്കാനാവുമോ എന്ന സംശയം കോൺഗ്രസ്സ് ക്യാമ്പിലുണ്ട്.  ഈ സീറ്റ് കോൺഗ്രസ്സ് ഏറ്റെടുക്കണമെന്നും അവിടെ കോൺഗ്രസ്സ് നേതാക്കളായ ജോൺസൻ എബ്രഹാം, എം ലിജു, അഡ്വ അനിൽ ബോസ് എന്നിവരിൽ ഒരാളെ മത്സരിപ്പിക്കണമെന്നും അഭിപ്രായമുയരുന്നുണ്ട്. ജോസഫ് വിഭാഗത്തിന് തന്നെയാണ് സീറ്റെങ്കിൽ  അഡ്വ ജേക്കബ് എബ്രഹാം തന്നെയാവും സ്ഥാനാർത്തി.  ഡോ കെ സി ജോസഫിനെ തന്റെ പാളയത്തിലെത്തിച്ച് സ്ഥാനാർത്ഥിയാക്കാനുള്ള  നീക്കം ശ്രീ പി ജെ ജോസഫും നടത്തുന്നതായി പിന്നാമ്പുറ സംസാരമുണ്ട്. യു ഡി എഫിന്റെ നേതാവ് ജോണി നെല്ലൂരിനെ കുട്ടനാട്ടിൽ മത്സരിപ്പിച്ചാൽ ഭിന്നിച്ച് നിൽക്കുന്ന കേരളാ കോൺഗ്രസ്സ് വിഭാഗങ്ങളുടെ പിന്തുണ ലഭിക്കുമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. 

കഴിഞ്ഞ തവണ ബി ജെ ഡി സ്ഥാനാർത്ഥിയായി മത്സരിച്ച സുഭാഷ്  വാസുവിനെ ബി ജെ പിയിൽ എത്തിച്ച് അവരുടെ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ നീക്കം നടക്കുമ്പോൾ കുട്ടനാട് തങ്ങളുടെ സീറ്റ് ആണെന്നും  അവിടെ ബി ജെ ഡി സ്ഥാനാർഥി തന്നെ മത്സരിക്കുമെന്നും എസ് എൻ ഡി പി നേതാക്കൾ അവകാശപ്പെടുന്നു. എൻ ഡി എ ഘടക കക്ഷിയായ കേരളാ കോൺഗ്രസ്സ്  പി സി തോമസ് വിഭാഗവും കുട്ടനാട് സീറ്റിനായി ചരടുവലികൾ ആരംഭിച്ചിട്ടുണ്ട്.

ഏതായാലും കേരളാ കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗവും, ഡോ കെ സി ജോസഫിന്റെ ജനാധിപത്യ കേരളാ കോൺഗ്രസ്സും ഇടത് മുന്നണിയുടെ ഭാഗമായ  സ്ഥിതിക്ക് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ്  പോരാട്ടം കടുത്തതാകുമെന്ന് ഉറപ്പായി.

(കേരളാ കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി മാറ്റം സംഭവിച്ച  സാഹചര്യത്തിൽ, കേരളാ കോൺഗ്രസ്സ് പാർട്ടികൾക്ക് സ്വാധീനമുള്ള നിയമസഭാ മണ്ഡലങ്ങളെക്കുറിച്ച് സീന്യൂസ് ലൈവ് നടത്തുന്ന ലേഖന പരമ്പര )

(ജോ കാവാലം)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.