ജീവിതം ഇതിഹാസമാക്കുക

ജീവിതം ഇതിഹാസമാക്കുക

ഭാരതത്തെ സ്വപ്നം കാണാൻ പ്രേരിപ്പിച്ച ഡോ. എ പി ജെ അബ്ദുള്കലാമിന്റെ വാക്കുകൾ , "ലോകത്തിന്റെ മയക്കത്തിൽ നിന്നുണർന്ന് കർമ്മബോധത്തിന്റെ ചടുലതയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നവരാണ് നിങ്ങൾ ".ആധുനികത സമ്മാനിക്കുന്ന വിവിധ മാറാപ്പുകളുടെ ഭാരംകൊണ്ടു ഭാവിയെ ഒന്നിരുത്തി ചിന്തിക്കാൻ പോലും ഇന്നത്തെ യുവജനങ്ങൾക്ക്‌ സാധിക്കുന്നില്ല. പൂർത്തിയാക്കേണ്ട ദൗത്യവും നേടിയെടുക്കേണ്ട ലക്ഷ്യവുമായി യുവജനങ്ങൾ ഇറങ്ങിത്തിരിക്കേണ്ട സമയമായിരിക്കുന്നു. ലോകത്തെ കിഴ്മേൽ മറിച്ചവരെല്ലാവരും തങ്ങളുടെ യൗവ്വനത്തെ നന്നായി ഉപയോഗിച്ചവരാണ്. ഇറങ്ങി പ്രവർത്തിക്കേണ്ട കാലത്തു അടച്ചിട്ട മുറികളിൽ ഫേസ്ബുക്കും വാട്ട്സ്ആപ്പും ഒക്കെയായി നാളെയെ സൃഷ്ടിച്ചെടുക്കേണ്ട തലമുറ ഒതുങ്ങിക്കൂടുകയാണോ എന്ന ഭയമുണ്ടെനിക്ക്. സ്നേഹമുള്ളവരെ ജീവിതം ഇതിഹാസമാക്കണം നിങ്ങൾ. അതിലേക്കു ചില ചിന്തകൾ.

ഭാരതമെന്ന സംസ്കാരത്തിന് അഹിംസ എന്ന മന്ത്രത്തിന്റെ ഗന്ധമുണ്ട്. അത് ഏറ്റുവാങ്ങാൻ യുവാക്കൾക്ക് ഉത്തരവാദിത്വമുണ്ട്. അടുത്തുവരുന്ന പോലീസുകാരന്റെ കണ്ണിൽ, നടന്നകലുന്ന വഴിയാത്രക്കാരന്റെ നെഞ്ചിലും കല്ലുകൾ ഏൽപ്പിക്കുന്ന ചുവപ്പിന്റെ നിറമുള്ള വിപ്ലവപോരാട്ടമല്ല യുവജനങ്ങൾക്ക്‌ വേണ്ടത്. സമൂഹത്തിലെ അഴിമതികൾക്കും, അക്രമങ്ങൾക്കുമെതിരെ വാക്കുകൾകൊണ്ടും കർമ്മപരിപാടികൾകൊണ്ടും പോരാടുന്ന ഒരുപറ്റം ആളുകളെയാണ് നമുക്കാവശ്യം. പ്രതികാരമല്ല, പ്രതിഷേധമാണ് വേണ്ടത്. പോരാടുന്നത് അപരന് നേർക്കല്ല, അവൻ ചുമക്കുന്ന അധാർമ്മികതയുടെ കാഴ്ചപ്പാടുകൾക്കും, ആചാരങ്ങൾക്കും എതിരേയാണ്. തിരുത്താൻ ആളില്ലാതെ വരുമ്പോൾ തിരുത്തപെടാൻ മനസ്സില്ലാതെ തിന്മകൾ പെറ്റുപെരുകും. എനിക്ക് എന്തും കിട്ടും എന്ന് ചിന്തിക്കാതെ ഈ സമൂഹത്തിനായി എനിക്ക് എന്ത് നൽകാനാവും എന്ന് ചിന്തിക്കുക .പ്രളയവും കൊറോണയും വരുമ്പോൾ കർമ്മവിധികളിലേക്കു ഇറങ്ങിപ്രവർത്തിച്ചു അതെല്ലാം തീരുമ്പോൾ വീണ്ടും മുറികളിലെക്കു ഒതുങ്ങികൂടരുത്. നിരന്തരം പോരാട്ടങ്ങളിൽ ഏർപ്പെടുക എന്നതാണ് യൗവ്വനം നിലനിർത്താനുള്ള വഴി . ആഴിയുടെ അടിത്തട്ടോളം പോകേണ്ടിവന്നാലും ലക്‌ഷ്യം കാണാതെ പിന്തിരിയില്ല എന്ന ഉറച്ച മനസ്സുള്ള ചെറുപ്പക്കാരെയാണ് ഇന്നത്തെ സമൂഹത്തിനു ആവശ്യം. നമ്മൾ ലോകത്തിൽ ജീവിച്ചിരുന്നു എന്നതിന് എന്തെങ്കിലും ശേഷിപ്പുകൾ അവശേഷിപ്പിച്ചിട്ടു പോകുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.