ദുബായ്: ഐ.പി.എല്ലിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 13 റൺസിന് തോൽപ്പിച്ച് ഡൽഹി ക്യാപ്പിറ്റൽസ് പോയന്റ് പട്ടികയിൽ ഒന്നാമതെത്തി. ആന്റിച്ച് നോർച്ചെ ആണ് മാൻ ഓഫ് ദി മാച്ച്. ഡൽഹി ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് രാജസ്ഥാൻ റോയൽസിന് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുക്കാനേ സാധിച്ചുള്ളൂ. 35 പന്തുകളിൽ നിന്ന് ആറു ബൗണ്ടറികൾ സഹിതം 41 റൺസെടുത്ത ബെൻ സ്റ്റോക്ക്സാണ് റോയൽസിന്റെ ടോപ് സ്കോറർ. അവസാന ഓവർ വരെ ക്രീസിലുണ്ടായിരുന്നെങ്കിലും ഇത്തവണ പക്ഷേ രാഹുൽ തെവാട്ടിയക്ക് റോയൽസിനെ വിജയത്തിലെത്താക്കാനായില്ല. 18 പന്തിൽ നിന്ന് 14 റൺസുമായി തെവാട്ടിയ പുറത്താകാതെ നിന്നു. 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ റോയൽസിനായി ഓപ്പണർമാരായ ബെൻ സ്റ്റോക്ക്സും ജോസ് ബട്ട്ലറും ചേർന്ന് 3 ഓവറിൽ 37 റൺസ് അടിച്ചുകൂട്ടി. ഒമ്പത് പന്തിൽ നിന്ന് ഒരു സിക്സും മൂന്നു ഫേറുമടക്കം 22 റൺസെടുത്ത ബട്ട്ലറെ പുറത്താക്കി ആന്റിച്ച് നോർച്ചെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നേർച്ചെയുടെ 155 കി.മീ വേഗത്തിലെത്തിയ പന്തിലാണ് ബട്ട്ലർ പുറത്തായത്. പിന്നാലെയെത്തിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് നാലു പന്തുകൾ മാത്രം നേരിട്ട് ഒരു റണ്ണുമായി മടങ്ങി. തുടർന്ന് സ്റ്റോക്ക്സ് - സഞ്ജു സാംസൺ കൂട്ടുകെട്ട് റോയൽസ് സ്കോർ 86 വരെയെത്തിച്ചു. 11-ാം ഓവറിൽ സ്റ്റോക്ക്സ് പുറത്തായ ശേഷം തൊട്ടടുത്ത ഓവറിൽ സഞ്ജുവും മടങ്ങി. 18 പന്തുകൾ നേരിട്ട സഞ്ജു രണ്ട് സിക്സറുകളടക്കം 25 റൺസെടുത്തു. റോബിൻ ഉത്തപ്പ 27 പന്തുകൾ നേരിട്ട് ഒരു സിക്സും മൂന്നു ഫോറുമടക്കം 32 റൺസെടുത്തു. ഡൽഹിക്കായി ആന്റിച്ച് നോർച്ചെ, അരങ്ങേറ്റക്കാരൻ തുഷാർ ദേശ്പാണ്ഡെ എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 161 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ ശിഖർ ധവാൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ എന്നിവരുടെ ഇന്നിങ്സുകളാണ് ഡൽഹിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ പൃഥ്വി ഷായുടെ കുറ്റി തെറിപ്പിച്ച ജോഫ്ര ആർച്ചർ ഡൽഹിയെ ഞെട്ടിച്ചാണ് തുടങ്ങിയത്. പിന്നാലെ ആദ്യ മത്സരം കളിക്കുന്ന അജിങ്ക്യ രഹാനെയേയും (2) മൂന്നാം ഓവറിൽ ആർച്ചർ പുറത്താക്കി. തുടർന്ന് ക്രീസിൽ ഒന്നിച്ച ധവാൻ - ശ്രേയസ് അയ്യർ സഖ്യമാണ് ഡൽഹി ഇന്നിങ്സിന്റെ നട്ടെല്ലായത്. മൂന്നാം ഓവറിൽ ഒന്നിച്ച ഈ സഖ്യം 85 റൺസാണ് ഡൽഹി സ്കോറിലേക്ക് ചേർത്തത്. 33 പന്തുകളിൽ നിന്ന് രണ്ടു സിക്സും ആറു ഫോറുമടക്കം 57 റൺസെടുത്ത ധവാനെ പുറത്താക്കി ശ്രേയസ് ഗോപാലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ശ്രേയസ് അയ്യർ 43 പന്തുകളിൽ നിന്നും രണ്ടു സിക്സും മൂന്നു ഫോറുമടക്കം 53 റൺസെടുത്ത് 16-ാം ഓവറിൽ പുറത്തായി. മാർക്കസ് സ്റ്റോയ്നിസ് (18), അലക്സ് കാരി (14), അക്ഷർ പട്ടേൽ (7) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. നാല് ഓവറിൽ വെറും 19 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആർച്ചറാണ് രാജസ്ഥാൻ ബൗളർമാരിൽ തിളങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.