ഒരു കോടി കടന്ന് വാക്സിനേഷന്‍; വാക്സിനേഷന്‍ ടീമിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

ഒരു കോടി കടന്ന് വാക്സിനേഷന്‍; വാക്സിനേഷന്‍ ടീമിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോടിയിലധികം ഡോസ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. 78,75,797 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 21,37,389 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. രാജ്യത്തെ പല സംസ്ഥാനങ്ങളും വാക്സിന്‍ പാഴാക്കിയപ്പോള്‍ കേരളം ഒരു തുള്ളി പോലും പാഴാക്കിയില്ല. സ്തുത്യര്‍ഹമായ സേവനം നടത്തുന്ന വാക്സിനേഷന്‍ ടീമിന് ആരോഗ്യമന്ത്രി അഭിനന്ദനം അറിയിച്ചു.

18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ള 4,74,676 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 50 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കി. 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ള 27,96,267 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 1,97,052 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും 60 വയസിന് മുകളിലുള്ള 35,48,887 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 11,38,062 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കി. 5,20,788 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒന്നും 4,03,698 പേര്‍ക്ക് രണ്ടും ഡോസ് വാക്സിനും 5,35,179 കൊവിഡ് മുന്നണി പോരാളികള്‍ക്ക് ഒന്നും 3,98,527 പേര്‍ക്ക് രണ്ടും ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ആകെ 1,04,13,620 ഡോസ് വാക്സിനാണ് ലഭ്യമായത്. അതില്‍ 7,46,710 ഡോസ് കൊവിഷീല്‍ഡ് വാക്സിനും 1,37,580 ഡോസ് കൊവാക്സിനും ഉള്‍പ്പെടെ ആകെ 8,84,290 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 86,84,680 ഡോസ് കൊവിഷീല്‍ഡ് വാക്സിനും 8,44,650 ഡോസ് കൊവാക്സിനും ഉള്‍പ്പെടെ ആകെ 95,29,330 ഡോസ് വാക്സിന്‍ കേന്ദ്രം നല്‍കിയതാണ്. ഇന്ന് 50,000 ഡോസ് കോവാക്സിന്‍ എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ റീജിയണല്‍ വാക്സിന്‍ സ്റ്റോറിലാണ് വാക്സിന്‍ ആദ്യം എത്തിക്കുന്നത്. റീജിയണല്‍ വാക്സിന്‍ സ്റ്റോറില്‍ നിന്നും ജില്ലകളിലെ വാക്സിന്‍ സ്റ്റോറേജിലേക്ക് നല്‍കുന്നു. ജില്ലകളിലെ ജനസംഖ്യ, വാക്സിന്റെ ജില്ലകളിലെ ഉപയോഗം, ജില്ലകളില്‍ ഉള്ള വാക്സിന്‍ സ്റ്റോക്ക് എന്നിവയെ അടിസ്ഥാനമാക്കിയാണ് വാക്സിന്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് ജനുവരി 16 നാണ് കൊവിഡ് വാക്സിനേഷന്‍ ആരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.