ദുബായ്: വികാര നിര്‍ഭരമായിരുന്നു, ആ കൂടികാഴ്ച. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ പറന്നിറങ്ങി. ഇനിയൊരിക്കലും കാണാന്‍ കഴിയുകയില്ലെന്ന് ഉറപ്പിച്ചിരുന്ന മകന്റെ സ്‌നേഹ ചുംബനം ഏറ്റുവാങ്ങുമ്പോള്‍ ബെക്‌സിന്റെ മനസില്‍ തെളിഞ്ഞത്, ഒരു പേരുമാത്രമായിരിക്കുമെന്ന് ഉറപ്പ്, എം എ യൂസഫലി. ആശയറ്റവരായിരുന്ന ഈ കുടുംബത്തിന്റെ ആശ്രയമായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് നിയോഗമായിരിക്കാം.
മരണത്തിനും ജീവിതത്തിനുമിടയിലെ അനിശ്ചിതത്വത്തിന് വിരാമമിട്ട് തൃശൂര്‍ പുത്തന്‍ ചിറ ചെറവട്ട സ്വദേശി ബെക്‌സ് കൃഷ്ണന്‍ ബുധനാഴ്ച പുലര്‍ച്ചയോടെ വീട്ടിലെത്തിയപ്പോള്‍ സഫലമായത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ വര്‍ഷങ്ങളുടെ പ്രയത്‌നമാണ്. ബെക്‌സിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിലെ കരങ്ങളാകാന്‍ കഴിഞ്ഞതില്‍ ദൈവത്തോട് നന്ദി പറയുകയാണ് എം.എ യൂസഫലി.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അബുദാബി ജയിലിലായിരുന്നു ബെക്‌സന്‍. 2012 ല്‍ ബെക്‌സനോടിച്ച വാഹനമിടിച്ച് സുഡാനി ബാലന്‍ മരിച്ചതായിരുന്നു ശിക്ഷ കിട്ടാനിടയാക്കിയത്. സിസിടിവി തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു 2013 ല്‍ ശിക്ഷ വിധിച്ചത്. ബെക്‌സന്റെയും കുടുംബത്തിന്റേയും സങ്കടം ബന്ധുവായ സേതുമാധവന്‍ വഴിയാണ് എം.എ യൂസഫലിയുടെ അടുത്തെത്തുന്നത്. വിവരങ്ങള്‍ അറിയിച്ച് സഹായമഭ്യര്‍ത്ഥിച്ചപ്പോള്‍ നോക്കാമെന്ന മറുപടി. ആ മറുപടിയില്‍ വിശ്വാസമര്‍പ്പിച്ച് കാത്തിരിക്കുകയായിരുന്നു കുടുംബം. എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല. മകന്‍ മരിച്ചതോടെ സുഡാനി കുടുംബം അബുദബി വിട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു. എം എ യൂസഫലി തന്നെ നേരിട്ട് കുട്ടിയുടെ പിതാവുമായി സംസാരിച്ചു. അവരെ അബുദബിയിലെത്തിച്ചു. എന്നാല്‍ ബെക്‌സന് മാപ്പു നല്‍കാന്‍ ആദ്യമൊന്നും അവര്‍ തയ്യാറായില്ല.
പണം കിട്ടിയാലും മകന്റെ ജീവന് പകരമാകില്ലല്ലോയെന്നുളളതായിരുന്നു മരിച്ചകുട്ടിയുടെ മാതാവിന്റെ സങ്കടം. മാതാവും പിതാവും ദിയാധനം സ്വീകരിക്കുന്നതിന് സമ്മതമറിയിച്ചാല്‍ മാത്രമെ നിയമപരമായി മോചനത്തിനായുളള കാര്യങ്ങള്‍ സാധ്യമാകൂ. അവരെ പറഞ്ഞ് മനസിലാക്കുകയെന്നുളളതായിരുന്നു പ്രയാസം. പരിശ്രമത്തിനൊടുവില്‍ അതും സാധ്യമായി എം എ യൂസഫലി പറയുന്നു. മനുഷ്യജീവനാണ് വില, എത്രപണം കൊടുത്താലും മനുഷ്യജീവന്‍ രക്ഷിക്കാന്‍ സാധ്യമാകാത്ത സാഹചര്യങ്ങളും നമുക്ക് മുന്നിലുണ്ടല്ലോ, അദ്ദേഹം പറയുന്നു.
ആറുവര്‍ഷത്തെ അനുനയ ശ്രമത്തിന്റെ ഫലമായാണ് ദിയാധനമായി ഒരു കോടി ഇന്ത്യന്‍ രൂപ നല്‍കാമെന്നുളള ധാരണയില്‍ മാപ്പു നല്‍കാന്‍ കുട്ടിയുടെ കുടുംബം തയ്യാറായത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ തന്നെ ദിയാധനം എം.എ യൂസഫലി കോടതിയില്‍ കെട്ടിവച്ചിരുന്നു. ഇതിന് ശേഷമാണ് മോചനത്തിനായുളള നടപടി ക്രമങ്ങള്‍ തുടങ്ങിയതും.
പലരും വിചാരിക്കുന്നത് ഹെലികോപ്റ്റര്‍ അപകടമുണ്ടായതിനുശേഷമാണ് താനിതിന് ഇറങ്ങിയതെന്നാണ്, പക്ഷെ അങ്ങനെയല്ല. കഴിഞ്ഞ ജനുവരിയില്‍ തന്നെ ദിയാധനം കോടതിയില്‍ കെട്ടിവച്ച് മോചനത്തിനായുളള നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു വെന്നും യൂസഫലി പറഞ്ഞു.
വധശിക്ഷയാണെന്നറിഞ്ഞപ്പോള്‍ ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് ഉറപ്പിച്ചു, യൂസഫലി സര്‍ ഇടപെട്ടുവെന്നറിഞ്ഞപ്പോഴാണ്, വീണ്ടും പ്രതീക്ഷയുണ്ടായത്. എല്ലാ സഹായങ്ങള്‍ക്കും നന്ദി പറയുകയാണ്, ബെക്‌സന്റെ വാക്കുകള്‍.
ഏറ്റവുമൊടുവില്‍ ബുധനാഴ്ച പുലര്‍ച്ചയോടെ കാത്തിരിപ്പിന് വിരാമമിട്ട് ബെക്‌സന്‍ നാട്ടിലെത്തി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ബെക്‌സനെ സ്വീകരിക്കാന്‍ ഭാര്യ വീണയും മകന്‍ അദ്വൈതും എത്തിയിരുന്നു. പിന്നീട് വീട്ടിലെത്തിയ മകനെ നിറകണ്ണുകളോടെ അമ്മ ദേവകിയും കണ്ടു.
മരണം വരെയും മറക്കില്ല ഈ സഹായമെന്ന് കണ്ണുനിറഞ്ഞ് കൂപ്പുകൈയ്യോടെ പ്രാര്‍ത്ഥനയോടെ ഈ അമ്മ പറയുമ്പോള്‍ സാധാരണ ജീവിതങ്ങള്‍ക്കായി സമയവും പ്രയത്‌നവും മാറ്റിവയ്ക്കുന്ന നന്മയുളള മനസ് തന്നെയാണ് എം എ യൂസഫലിയെന്ന മനുഷ്യന്റെ വളര്‍ച്ചയുടെ അടിത്തറയെന്ന് ഒരിക്കല്‍ കൂടി ബോധ്യമാകുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.