മുംബൈയ്ക്ക് ജയം, ഒന്നാം സ്ഥാനത്ത്

മുംബൈയ്ക്ക് ജയം, ഒന്നാം സ്ഥാനത്ത്

അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് അനായാസ ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം 16.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ മറികടന്നത്. 44 പന്തില്‍ 9 ബൗണ്ടറിയും 3 സിക്സറുമടക്കം 78 റണ്‍സ് നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് ആണ് മുംബൈയുടെ ജയം അനായാസമാക്കിയത്. ഡികോക്ക് തന്നെയാണ് മാൻ ഓഫ് ദി മാച്ച്.

ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡിക്കോക്കും തകര്‍ത്തടിച്ചതോടെ പവര്‍പ്ലേ ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സാണ് മുംബൈ നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (35), സൂര്യകുമാര്‍ യാദവ് (10) എന്നിവരാണ് പുറത്തായത്. ഹാര്‍ദിക് പാണ്ഡ്യ 11 പന്തില്‍ 3 ബൗണ്ടറിയും 1 സിക്സുമടക്കം 21 റണ്‍സും നേടി.

നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണ് നേടിയത്. രാഹുല്‍ ത്രിപാഠി (7), നിതീഷ് റാണ (5) എന്നിവര്‍ പവര്‍ പ്ളേ ഓവറുകള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ പുറത്തായി. ശുഭ്മാന്‍ ഗില്‍ (21), ദിനേശ് കാര്‍ത്തിക്ക് (4), ആന്ദ്രേ റസല്‍ (12) എന്നിവരും പരാജയപ്പെട്ടതോടെ പ്രതിസന്ധിയിലായ കൊല്‍ക്കത്തയെ കരകയറ്റിയത്‌ പാറ്റ് കമ്മിന്‍സിന്റെ ഒറ്റയാള്‍പ്പോരാട്ടമാണ്. 10.4 ഓവറില്‍ അഞ്ചു വിക്കറ്റിന് 61 റണ്‍സെന്ന നിലയിലായിരുന്ന കൊല്‍ക്കത്തയെ ആറാം വിക്കറ്റില്‍ ഒന്നിച്ച ഓയിന്‍ മോര്‍ഗന്‍ -പാറ്റ് കമ്മിന്‍സ് കൂട്ടുകെട്ടാണ് 148-ല്‍ എത്തിച്ചത്.

36 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം 53 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്തയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മുംബൈക്കായി രാഹുല്‍ ചഹാര്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.