ആന്റിജന്‍ പരിശോധനയിലെ പോസിറ്റീവും നെഗറ്റീവും; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു

ആന്റിജന്‍ പരിശോധനയിലെ പോസിറ്റീവും നെഗറ്റീവും; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു

കൊച്ചി: കൊവിഡ് പരിശോധനക്കായി നടത്തുന്ന ആന്റിജന്‍ പരിശോധനയില്‍ റിസള്‍ട്ട് പലയിടത്തും മാറിവരുന്നതായി ആക്ഷേപം. പോസിറ്റീവ് ആയ പലര്‍ക്കും മറ്റു സെന്ററുകളില്‍ ഇതേ ടെസ്റ്റ് ചെയ്തപ്പോള്‍ നെഗറ്റീവും നേരെതിരിച്ചും സംഭവിക്കുന്ന പരാതികള്‍ കൂടുതലായാണ് കണ്ടുവരുന്നത്. ഐ.സി.എം.ആര്‍ അംഗീകരിച്ച ടൂള്‍ കിറ്റുകളാണ് മിക്കയിടത്തും ആന്റിജന്‍ ടെസ്റ്റിനായി ഉപയോഗിച്ച് വരുന്നതെങ്കിലും പലതിലും പല റിസള്‍ട്ടുകളാണ് വരുന്നത്. എസ്.ഡി ബയൊസെന്‍സര്‍, ഓസ്‌കാര്‍, ആല്‍പൈന്‍, മൈലാബ് എന്നിങ്ങനെ ഐ.സി.എം.ആര്‍ അംഗീകരിച്ച ടൂള്‍ കിറ്റുകളാണ് കൂടുതലായും ആന്റിജന് വേണ്ടി ഉപയോഗിക്കുന്നത്. വലിയ വില നല്‍കി ആര്‍ടിപിസിആര്‍ പരിശോധന ചെയ്യാന്‍ സാധികാത്ത സാധാരണ ജനങ്ങളാണ് അധികവും ആന്റിജന്‍ പരിശോധനയെ ആശ്രയിച്ചു വരുന്നത്. എന്നാല്‍ ടെസ്റ്റ് റിസള്‍ട്ടിലെ മാറിമായങ്ങളും മറ്റും ആന്റിജന്‍ ടെസ്റ്റിനോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുകയാണ്.


കഴിഞ്ഞ ദിവസം ഒരു വ്യാപാരിക്കും കുടുംബത്തിനും ഇതേ അവസ്ഥ ഉണ്ടായി. 130 ഓളം വ്യാപാരികളെ ഒന്നിച്ച് ആന്റിജന്‍ ടെസ്റ്റ് നടത്തി. അതില്‍ രണ്ട് പേര്‍ക്ക് പോസിറ്റീവ് ആയിരുന്നു. അതില്‍ ഒരാള്‍ മറ്റൊരു ലാബില്‍ ആന്റിജന്‍ ടെസ്റ്റ് വീണ്ടും നടത്തുകയും നെഗറ്റീവ് ആണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാത്തില്‍ പിന്നീട് നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റിലും നെഗറ്റീവ് ആണെന്ന് വ്യക്തമാകുകയായിരുന്നു. പക്ഷെ, ഈ കുടുംബം മൂന്ന് ദിവസം
ക്വാറന്റീനില്‍ ഇരിക്കുകയും, ഒപ്പം മാനസീക സംഘര്‍ഷവും, തൊഴില്‍ മേഖലയിലെ നഷ്ടവും വല്ലാതെ തളര്‍ത്തുകയും ചെയ്തു. ഈ പ്രതിസന്ധി കാലത്ത് കാര്യക്ഷമമല്ലാത്ത ഇത്തരം ടെസ്റ്റുകള്‍ പൊതുജനങ്ങളെ കൂടുതല്‍ ദുരിതത്തിലേയ്ക്ക് തള്ളിവിടുകയേ ഉള്ളു. സര്‍ക്കാര്‍ ഉചിതമായ നടപടി ഇക്കാര്യങ്ങളില്‍ സ്വീകരിക്കുക തന്നെ വേണം. അല്ലെങ്കില്‍ അബദ്ധം പറ്റി നെഗറ്റീവ് ആയവര്‍ പോലും കോവിഡ് സെന്ററുകളില്‍ അഭയം പ്രാപിക്കേണ്ടി വന്നാല്‍ പോസിറ്റീവ് ആയി മറ്റൊരു ദുരന്തത്തില്‍ കലാശിക്കും.


കേരളത്തില്‍ ആന്റിജന്‍ ടെസ്റ്റിനെ കുറിച്ച് ഈയിടെ ഒരുപാടു പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരുലക്ഷം ആല്‍പ്ലൈന്‍ ബയോമെഡിക്കല്‍ കിറ്റുകള്‍ പിന്‍വലിച്ചിരുന്നു. ഇതെല്ലാം കാണിക്കുന്നത് ആന്റിജന്‍ ടെസ്റ്റില്‍ വ്യാപക ക്രമക്കേട് നടക്കുന്നുണ്ട് എന്നാണ്. എന്നാല്‍ ഇതുസംബന്ധമായി സര്‍ക്കാര്‍ ഭാഗത്തു നിന്ന് ഔദ്യോഗിക നടപടികളൊന്നും ഉണ്ടാവാത്തതിനാല്‍ രോഗികള്‍ ആശങ്കയിലാണ്. ഈ ലോക്ക്ഡൗണ്‍ കാലത്തു വലിയ വില നല്‍കി ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ സാധിക്കാത്തതാണ് പ്രധാനാ കാരണം.


അതിനിടയില്‍ ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചതു സംബന്ധമായി സര്‍ക്കാരും സ്വകാര്യ ലാബുകളും തമ്മിലുള്ള ശീത സമരവും അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ സാധാരണക്കരായ ജനങ്ങള്‍ തന്നെ. പരിശോധന ചെലവ് 500 രൂപ ആയാണ് സര്‍ക്കാര്‍ കുറച്ചത്. 500 രൂപ അപര്യാപ്തമാണെന്നാണ് സ്വകാര്യ ലാബുകളുടെ വാദം. പലയിടത്തും പരിശോധന മുടങ്ങുകയും ചെയ്തു.


സംസ്ഥാനത്തിന്റെ പലയിടത്തും പഴയ തുക തന്നെ ഈടാക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെയും ആശുപത്രികളിലേയും കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചതില്‍ വ്യപകമായ പ്രതിഷേധം സ്വകാര്യ ആശുപത്രിക്കാര്‍ നടത്തിവരുന്നതും ബാധിക്കുന്നത് പാവങ്ങളെ തന്നെ. സര്‍ക്കാര്‍ നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ലാബുകള്‍ രംഗത്തു വന്നിരിക്കുകയാണ്. 1500 രൂപയെങ്കിലും ആക്കണമെന്നാണ് സ്വകാര്യ ലാബുകള്‍ ആവശ്യപ്പെടുന്നത്.സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 500 രൂപ അപര്യാപ്തമാണെന്നാണ് സ്വകാര്യ ലാബുകള്‍ വാദിക്കുന്നത്.


അതേസമയം, പല ലാബുകളിലും 1700 രൂപ തന്നെയാണ് ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. പ്രതിഷേധവുമായി സ്വകാര്യ ലാബുകള്‍ കൂട്ടത്തോടെ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിയാല്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ആളുകളുടെ പ്രവാഹമായിരിക്കും. ഇത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് കരുതുന്നത്.രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിരക്കാണ് കേരളത്തില്‍ ഉള്ളതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ 400 മുതല്‍ 500 രൂപവരെയാണ് ഈടാക്കുന്നത്. എന്നിരുന്നാലും ടെസ്റ്റ് സംബന്ധിച്ച പൊതുജനങ്ങളുടെ ആശങ്ക അകറ്റാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അതിന് കാര്യക്ഷമവും കൃത്യവുമായ ടെസ്റ്റുകള്‍ തന്നെയാണ് നടക്കുന്നതെന്ന് ആരോഗ്യ വകുപ്പ് ഉറപ്പ് വരുത്തണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.