നഫ്താലി ബെനറ്റ്: നെതന്യാഹുവിന്റെ മുന്‍ വിശ്വസ്തന്‍; പാലസ്തീനോട് വിട്ടുവീഴ്ച ഉണ്ടാകില്ല

നഫ്താലി ബെനറ്റ്: നെതന്യാഹുവിന്റെ മുന്‍ വിശ്വസ്തന്‍; പാലസ്തീനോട് വിട്ടുവീഴ്ച ഉണ്ടാകില്ല

ജറുസലേം: ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇസ്രായേലിന് തങ്ങളുടേതായ മേല്‍വിലാസമുണ്ടാക്കുന്നതില്‍ സുപ്രധാനമായ പങ്കു വഹിച്ച നേതാവാണ് ബെഞ്ചമിന്‍ നെതന്യാഹു. സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ നിലനിന്നപ്പോഴും ഒട്ടും ഭയമില്ലാതെ നെതന്യാഹു ഇസ്രായേലിനെ നയിച്ചു. ഒരു വിഭാഗം ജനങ്ങളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിട്ടും സര്‍ക്കാര്‍ പിടിച്ചു നിന്നു.

ഒടുവില്‍ സംഭവിച്ച ഇസ്രയേല്‍ - ഗാസ ആക്രമണം രൂക്ഷമായപ്പോള്‍ പോലും അമേരിക്കയടക്കമുള്ള വന്‍ ശക്തികളെ ഒപ്പം നിര്‍ത്താന്‍ നെതന്യാഹുവിന് സാധിച്ചു. എന്നാല്‍ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് സര്‍ക്കാര്‍ രൂപീകരണത്തിന് പുതിയ നീക്കങ്ങള്‍ ആരംഭിച്ചതോടെ 12 വര്‍ഷം നീണ്ടുനിന്ന നെതന്യാഹു കാലഘട്ടത്തിന് അവസാനമായി.

രാജ്യത്തെ ഭരണ കേന്ദ്രങ്ങളില്‍ എന്നും സ്വാധീനം നിലനിര്‍ത്തുകയും തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുകയും ചെയ്ത നഫ്താലി ബെനറ്റ് (49) പുതിയ പ്രധാനമന്ത്രിയാകുന്നതോടെ ഇസ്രയേല്‍ പിന്തുടര്‍ന്നു വന്ന നയങ്ങളില്‍ മാറ്റമുണ്ടാകുമോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം.

ഇസ്രയേല്‍ പാര്‍ലമെന്റില്‍ വിശാല പ്രതിപക്ഷ സഖ്യം വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചതോടെയാണ് നഫ്താലി ബെനറ്റ് പുതിയ പ്രധാനമന്ത്രിയായത്. ആഴ്ചകള്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത്. 59 നെതിരെ 60 വോട്ടുകള്‍ക്കായിരുന്നു സഖ്യകക്ഷി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത്. ഇടത്, വലത് നിലപാടുകള്‍ സ്വീകരിക്കുന്ന കക്ഷികള്‍ക്കൊപ്പം മധ്യ നിലപാടുകാരായ കക്ഷികളും ഉള്‍പ്പെടുന്നതാണ് സഖ്യം. എട്ട് കക്ഷികളാണ് ഈ സഖ്യത്തിലുള്ളത്.

രണ്ടാം പകുതിയിലാകും യെഷ് ആതിഡ് പാര്‍ട്ടി നേതാവ് യെയര്‍ ലാപിഡ് അധികാരത്തിലെത്തുക. ബെനറ്റിന്റെ പാര്‍ട്ടിയായ യമിനയ്ക്കു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകള്‍ ലഭിച്ചതോടെയാണ് കാര്യങ്ങള്‍ അദ്ദേഹത്തിന് അനുകൂലമായത്. അനുപാതിക പ്രാതിനിധ്യമുള്ള ഇസ്രായേലിന്റെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ ചെറുകക്ഷികളെ ഉള്‍പ്പെടുത്താതെ അധികാരത്തിലെത്താന്‍ കഴിയില്ല.

ഇസ്രായേലിന്റെ ഭരണം പിടിക്കാന്‍ യെയര്‍ ലാപിഡിന്റെ നേതൃത്വത്തില്‍ നീക്കം അരംഭിച്ചപ്പോള്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി ആശങ്കപ്പെട്ടില്ല. എന്നാല്‍ ചര്‍ച്ചകളിലേക്ക് ബെനറ്റ് എത്തിയതോടെ നെതന്യാഹു അനുകൂലികള്‍ ഞെട്ടി. സുഹൃത്തായ ലാപിഡിനൊപ്പം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചര്‍ച്ച ആരംഭിച്ചെന്ന് ബെനറ്റ് തുറന്ന് പറഞ്ഞതോടെ എതിരാളികള്‍ പ്രതിരോധത്തിലായി. 'സര്‍ക്കാര്‍ രൂപീകരിക്കാന്‍ പരമാവധി ശ്രമം തുടരുകയാണ്.

ദൈവം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒറ്റക്കെട്ടായി രാജ്യത്തെ നയിക്കാനും ശരിയായ ദിശയിലേക്ക് എത്തിക്കാനും കഴിയും'- എന്നും ബെനറ്റ് അറിയിച്ചതോടെ ബന്ധം തകര്‍ക്കാന്‍ ലികുഡ് പാര്‍ട്ടി നീക്കം ആരംഭിച്ചു. ചെറുകക്ഷികളെയും നേതാക്കളെയും ഒപ്പം നിര്‍ത്താന്‍ ശ്രമം ആരംഭിച്ചു. ഒരു നേതാവിനും നല്‍കാത്ത വാഗ്ദാനങ്ങള്‍ പോലും നെതന്യാഹു അനുകൂലികള്‍ ബെനറ്റിന് മുന്നില്‍ വെച്ചു. എന്നാല്‍, ലാപിഡ് മുന്നോട്ടുവച്ച ഇസ്രായേല്‍ പ്രധാനമന്ത്രി സ്ഥാനമെന്ന പദവിയേക്കാള്‍ വലിയതായി ഒന്നുമില്ലെന്നും ബെനറ്റിന് വ്യക്തമായിരുന്നു.

നെതന്യാഹുവിന്റെ 12 വര്‍ഷത്തെ ഭരണ കാലത്ത് പോലും ഇസ്രയേലിന്റെ ഭരണ കേന്ദ്രങ്ങളില്‍ നിറഞ്ഞ് നിന്ന പേരാണ് നഫ്താലി ബെനറ്റ്. അതിന് നിരവധി കാരണങ്ങളുണ്ടെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തീവ്ര വലതുപക്ഷ നിലപാടിനൊപ്പം മതവും ദേശീയതും ആശയമാക്കിയ ജൂതന്മാര്‍ ഉള്‍പ്പെടുന്ന പാര്‍ട്ടിയാണ് ബെനറ്റിന്റേത്. മുന്‍ സര്‍ക്കാരുകളില്‍ ഉയര്‍ന്ന പദവികള്‍ കൈകാര്യം ചെയ്ത വ്യക്തിയാണ് ബെനറ്റ്.

നെതന്യാഹൂ സര്‍ക്കാരില്‍ 2013ല്‍ പ്രവാസം, വിദ്യാഭ്യാസം, പ്രതിരോധം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. അധികാരത്തിലുണ്ടായിരുന്നപ്പോള്‍ ബെഞ്ചമിന്‍ നെതന്യാഹുവുമായി അടുത്ത ബന്ധം പുലര്‍ത്തി. പാലസ്തീനെതിരെ നിലപാട് സ്വീകരിക്കുന്നതില്‍ മുന്‍പില്‍ നില്‍ക്കുന്നതിനൊപ്പം വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും ജൂത കുടിയേറ്റങ്ങളെ പിന്തുണച്ചു. സമാധാനത്തിന് എതിരായി നില്‍ക്കുന്നവരെന്ന വിശേഷമാണ് പലപ്പോഴും പാലസ്തീനികള്‍ക്ക് നല്‍കിയത്.

നെതന്യാഹുവിന്റെ സ്റ്റാഫിലെ പ്രധാനിയായി രണ്ട് വര്‍ഷം ജോലി ചെയ്യുന്നതിനിടെ ഇവരുടെ ബന്ധത്തില്‍ വിള്ളില്‍ വീഴാന്‍ കാരണം നെതന്യാഹുവിന്റെ ഭാര്യയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ്. നെതന്യാഹുവിന്റെ ഭാര്യ സാറ മാധ്യമങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ നെതന്യാഹു - ബെനറ്റ് ബന്ധം തകര്‍ന്നു. മാധ്യമങ്ങളുമായുള്ള സാറയുടെ അടുപ്പത്തിന് പിന്നില്‍ നിഗൂഢതയുണ്ടെന്ന ആരോപണം ശക്തമായതോടെയാണ് ഇവരുടെ സൗഹൃദം അവസാനിച്ചത്.

തീവ്ര വലതുപക്ഷ നിലപാടിനൊപ്പം ജൂത നിലപാടുകളെ മുറുകെ പിടിക്കുന്ന ബെനറ്റിന്റെ മാതാപിതാക്കള്‍ അമേരിക്കയില്‍ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയവരാണ്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഇസ്രായേലില്‍ എത്തിയ കുടുംബം ഹയ്ഫ നഗരത്തില്‍ താമസം ആരംഭിച്ചു. ചെറുപ്പത്തില്‍ തന്നെ രാജ്യസ്നേഹം മനസില്‍ നിറഞ്ഞ ബെനറ്റ് വൈകാതെ സൈന്യത്തില്‍ ചേര്‍ന്നു. മികച്ച പ്രവര്‍ത്തനത്തിലൂടെ തൊണ്ണൂറുകളില്‍ കമാന്‍ഡോ ആയി പ്രവര്‍ത്തിച്ചു. സൈന്യത്തിന്റെ പല ഓപ്പറേഷനുകളിലും നിര്‍ണായക കണ്ണിയായി.

പിന്നീട് ജറുസലേമിലെത്തി ഹീബ്രു സര്‍വകലാശാലയില്‍ നിയമം പഠിച്ചു. തുടര്‍ന്ന് ഐടി രംഗത്തേക്ക് തിരിഞ്ഞു അമേരിക്കയില്‍ സ്വന്തമായി കമ്പനി സ്ഥാപിച്ചു. 2005ല്‍ ഈ സ്ഥാപനം 145 മില്യണ്‍ ഡോളറിന് അമേരിക്കന്‍ സുരക്ഷാ സ്ഥാപനമായ ആര്‍എസ്എയ്ക്ക് വിറ്റു. യുഎസില്‍ നിന്ന് മടങ്ങിയെത്തിയതോടെ ബെനറ്റിന്റെ ലക്ഷ്യം ഇസ്രായേല്‍ രാഷ്ട്രീയമായിരുന്നു. 2006 ല്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ എത്തുകയും ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.