മുംബൈ ഇന്ത്യന്‍സ് ജൈത്രയാത്ര തുടരുകയാണ്. ഒരു ചാമ്പ്യന്‍ ടീമിന്‍റെ പ്രകടനം തന്നെയാണ് അവരില്‍ നിന്നുമുണ്ടാകുന്നത്. കൊല്‍ത്തക്കെതിരെയും വിചാരിച്ച രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അവർക്ക് സാധിച്ചു. ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റുചെയ്യാനുളള തീരുമാനമെടുത്തത് ഒരു പക്ഷെ വിക്കറ്റിന്‍റെ സ്വഭാവം കൂടി പരിഗണിച്ചായിരിക്കാം. പക്ഷെ മുംബൈ ഇന്ത്യന്‍സിനെ പോലുളള ടീമിനെതിരെ ഉയർത്താന്‍ പറ്റുന്ന റണ്‍റേറ്റിലേക്ക് എത്താന്‍ അവർക്ക് സാധിച്ചില്ല.
കൊല്‍ക്കത്ത ടീമില്‍ നിന്ന് അപൂർവ്വമായി മാത്രം കാണാറുളളതാണ് ടോസ് ലഭിച്ച ശേഷം ബാറ്റുചെയ്യുകയെന്നുളളത്. ഈ സീസണില്‍ മാത്രമല്ല കഴിഞ്ഞസീസണിലും അവർ പിന്തുടർന്നിരുന്നത് ആന്ദ്രേ റസ്സലിനെയും മോർഗനെയും പോലെയുളള താരങ്ങളെ മധ്യനിരയില്‍ ഇറക്കി എത്ര റണ്‍സാണെങ്കിലും അടിച്ചെടുക്കുകയെന്നുളളതായിരുന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായാണ് പുതിയ ക്യാപ്റ്റന്‍ ഒയിന്‍ മോർഗന് കീഴില്‍ ആദ്യം ബാറ്റുചെയ്യാന്‍ കൊല്‍ക്കത്ത തീരുമാനിച്ചത്.
മുംബൈ ഇന്ത്യന്‍സിന്‍റെ ഭാഗത്ത് നിന്നും നോക്കിയാല്‍ ആദ്യമായാണ് ബൗളിംഗില്‍ ഒരു മാറ്റം വരുത്തുന്നത്. ജയിംസ് പാറ്റിന്‍സണ് വിശ്രമം നല്കി കോട്ടർ നൈല്‍ എത്തുന്നു. പരുക്കുമൂലം വിട്ടുനിന്നിരുന്ന നൈല്‍ ആറ് മാസങ്ങള്‍ക്കിപ്പുറമാണ് കളിക്കുന്നത് എന്നുളളതുകൊണ്ടുതന്നെ ആ പോരായ്മ ബൗളിംഗില്‍ പ്രകടമായിരുന്നുവെന്ന് പറയാതെ വയ്യ. അത് മുതലെടുക്കാന്‍ പോലും കൊല്‍ക്കത്തക്ക് സാധിച്ചില്ല.കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ട് കൊണ്ടിരുന്നു. ആന്ദ്രറസ്സലിന്‍റെ വിക്കറ്റ് കൂടി നഷ്ടപ്പെട്ടപ്പോള്‍ ഇനിയും വിക്കറ്റ് നഷ്ടപ്പെടുന്നത് ആത്മഹത്യാപരമാട്ട്ണെന്ന് ബോധ്യപ്പെട്ടതുകൊണ്ടോയെന്തോ ചുവടുറപ്പിച്ച പാറ്റ് കമിന്‍സിന്‍റെ പ്രകടനം മാത്രമാണ് മാന്യമായ സ്കോറിലേക്ക് കൊല്‍ക്കത്തയെ എത്തിച്ചത്. പക്ഷെ ബുംറയുടെ ഓവറുകള്‍ കളിക്കാനോ ട്രെന്‍ഡ് ബോള്‍ട്ടിന്‍റെ ഓവറുകളില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതിരിക്കാനോ കഴിയാത്ത വിധം സമ്മർദ്ദത്തിലായിപ്പോയിരുന്നു കൊല്‍ക്കത്ത.
രാഹുല്‍ ത്രിപാഠിയുടേയും ശുഭ്മാന്‍ ഗില്ലിന്‍റേയും പരിമിതികള്‍ ബോധ്യപ്പെട്ട മത്സരം കൂടിയായിരുന്നു ഇത്. ഒരു മാച്ച് വിന്നിംഗ് പ്രകടത്തിലേക്ക് വരാന്‍ യുവതാരങ്ങള്‍ക്ക് സാധിക്കുന്നില്ല. പിന്നീട് വരുന്ന ദിനേശ് കാർത്തിക്കിനും ഫോം കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍ എല്ലാ സമ്മർദ്ദവും ഒയിന്‍ മോർഗനിലേക്കും ആന്ദ്രേ റസലിലേക്കും വരുന്നു. ബുംറെയെ നേരിടാന്‍ ആന്ദ്രേ റസ്സല്‍ പണിപ്പെടുന്നതും വ്യക്തമായിരുന്നു. സുനില്‍ നരെയ്ന് പകരക്കാരനാകാന്‍ ക്രിസ് ഗ്രീനെന്ന പുതിയ താരത്തിന് കഴിയുമോയെന്നുളള സംശയം ബലപ്പെടുകയാണ്. പാറ്റ് കമ്മിന്‍സും പ്രസിദ് കൃഷ്ണയും നിരാശപ്പെടുത്തി. ആകെ ആശ്വാസമായത് ശിവം മാവി മാത്രമാണ്.
മത്സരം കുറച്ച് കൂടി നീട്ടികൊണ്ടുപോകാമെന്നുളള പ്രതീക്ഷ കമ്മിന്‍സിന്‍റെ ഓവറില്‍ ഹർദ്ദിക് പാണ്ഡ്യ തല്ലി ക്കെടുത്തിയപ്പോള്‍ മത്സരം ഏകപക്ഷീയമായിപ്പോയെന്നുളളതാണ് യാഥാർത്ഥ്യം. ബാറ്റിംഗ് ഓർഡില്‍ വരുത്തിയ മാറ്റങ്ങളും സുനില്‍ നരെയ്ന് പകരം ക്രിസ് ഗ്രീനിനെ കൊണ്ടുവന്നതൊന്നും തന്നെ കൊല്‍ക്കത്തയ്ക്ക് ഗുണം ചെയ്തില്ല. സുനില്‍ നരെയ്നെ നഷ്ടപ്പട്ടതോടെ കൊല്‍ക്കത്തയുടെ സാധ്യത മങ്ങിയെന്നുതന്നെ പറയാം. അദ്ദേഹത്തെ എങ്ങനെ ബൗളിംഗിലേക്ക് തിരിച്ചുകൊണ്ടുവരാമെന്നുളളത് ഒരു പക്ഷെ കൊല്‍ക്കത്ത ആലോചിച്ചേക്കാം. എന്നിരുന്നാല്‍ തന്നെയും ദിനേശ് കാർത്തികിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നുളള മാറ്റമെല്ലാം കാണിക്കുന്നത് ടീമിന്‍റെ ഉളളറ അത്ര ശാന്തമല്ല എന്നുളളതാണ്.
ബ്രണ്ടന്‍ മക്കല്ലമെന്ന കോച്ചിന് ഏതെങ്കിലും അവസരത്തില്‍ ഈ അസ്വാസര്യങ്ങളെല്ലാം അവസാനിപ്പിച്ച് ടീമിനെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമോയെന്നുളളതാണ് കൊല്‍ക്കത്തയുടെ ആരാധകരും ഉറ്റുനോക്കുന്നത്.
സ്കോർ KKR 148/5 (20)MI 149/2 (16.5)
സോണി ചെറുവത്തൂർ (കേരളാ രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ , ഗോള്‍ഡ് 101.3 കമന്‍റേറ്റർ)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.