തിരുവനന്തപുരം: എം ശിവശങ്കർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഐസിയുവിൽ തുടരുന്നു. ശിവശങ്കറിന്റെ ചികിത്സയ്ക്കായി രൂപീകരിച്ച മെഡിക്കൽ ബോർഡ് യോഗം ഇന്ന് ചേരും. ഇതിൻ ശേഷമാകും തുടർചികിത്സ സംബന്ധിച്ച തീരുമാനമുണ്ടാകുക. നിലവിൽ ശിവശങ്കർ ഐസിയുവിൽ തന്നെ തുടരട്ടെയെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.
ഡോക്ടർമാരുടെ തീരുമാനത്തിൻ അനുസരിച്ചാകും കസ്റ്റംസിന്റെ തുടർനടപടികളും. മെഡിക്കൽ ബോർഡിന്റെ തീരുമാനവും ശിവശങ്കറിന്റെ നീക്കങ്ങളും കസ്റ്റംസ് നിരീക്ഷിക്കുന്നുണ്ട്. ഇന്നലെയാണ് സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ശിവശങ്കറിനെ മാറ്റിയത്.
സ്വർണ്ണക്കടത്ത് കേസിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് നാടകീയനീക്കങ്ങളുണ്ടായത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ രാമമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. കസ്റ്റംസ് വാഹനത്തിൽ തന്നെ വരണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്.
വാഹനത്തിൽ ഉദ്യോഗസ്ഥർക്കൊപ്പം കസ്റ്റംസ് ഓഫീസിലേക്ക് പോകുന്നതിനിടെ ജഗതിയിൽ വെച്ചാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത്. കസ്റ്റംസ് വാഹനത്തിന്റെ ഡ്രൈവർ രക്തസമ്മർദ്ദത്തിന്റെ മരുന്ന് വാങ്ങാൻ മെഡിക്കൽ ഷോപ്പിലേക്ക് പോയപ്പോൾ വീണ്ടും അസ്വസ്ഥത കൂടി. ആദ്യം ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം.
ശിവശങ്കർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കരമനയിലെ പിആർഎസ് ആശുപത്രിയിലേക്ക് കൊണ്ട് പോയത്. ശിവശങ്കറിന്റെ ഭാര്യ ഡോക്ടറാണ്. അവർ ജോലി ചെയ്യുന്നതും ഈ ആശുപത്രിയിലാണ്. ഡോക്ടർമാരുടെ റിപ്പോർട്ട് അനുസരിച്ചായിരിക്കും ഇനി കസ്റ്റംസിന്റെ തുടർനീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.