പാര്‍ട്ടി ആവശ്യപ്പെട്ടു; വിവാദങ്ങളില്‍ കുടുങ്ങിയ എം സി ജോസഫൈന്‍ രാജിവെച്ചു

 പാര്‍ട്ടി ആവശ്യപ്പെട്ടു; വിവാദങ്ങളില്‍ കുടുങ്ങിയ എം സി ജോസഫൈന്‍ രാജിവെച്ചു

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്ന് എംസി ജോസഫൈന്‍ രാജിവെച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തിരുന്നു. വിവാദത്തില്‍ ജോസഫൈന്‍ വിശദീകരണം നല്‍കിയെങ്കിലും നേതൃതലത്തില്‍ പിന്തുണ ലഭിച്ചിരുന്നില്ല. പാര്‍ട്ടിക്ക് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടായ പ്രതികരണമാണ് ജോസഫൈന്റേതെന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. സ്ഥാനം രാജിവെക്കണമെന്ന് പാര്‍ട്ടി തന്നെ ആവശ്യപ്പെടുകയായിരുന്നു.

പതിനൊന്ന് മാസം കാലാവധി അവശേഷിക്കുമ്പോഴാണ് ജോസഫൈന്റെ രാജി. പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സിപിഎം നേതൃതലത്തില്‍ ആരുടെയും പിന്തുണ ലഭിച്ചിരുന്നില്ല. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി റഹീം മാത്രമാണ് രാജിവെക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടത്. ജോസഫൈന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെമ്പാടും പ്രതിഷേധങ്ങള്‍ ഉയര്‍ന്ന ഘട്ടത്തിലാണ് രാജി.

ഒരു  ചാനലിൽ തത്സമയ പരിപാടിയിലാണ് പരാതി പറയാൻ വിളിച്ച യുവതിയോട് ജോസഫൈൻ അപമര്യാദയായി പെരുമാറിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പൊതു സമൂഹത്തിൽ പാർട്ടിയിൽ നിന്ന് പോലും ഇവർക്ക് പിന്തുണ കിട്ടിയില്ല. പാർട്ടി കേന്ദ്രകമ്മിറ്റിയംഗം കെകെ ശൈലജ ടീച്ചറക്കം പരോക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.

പാര്‍ട്ടി സെക്രട്ടേറിയറ്റിൽ എംസി ജോസഫൈനെതിരെ ഉയർന്ന വിമര്‍ശനങ്ങൾ  പികെ ശ്രീമതി യോഗ ശേഷം സ്ഥിരീകരിക്കുകയും ചെയ്തു. പാവങ്ങളുടെ അത്താണി ആകേണ്ട സ്ഥാപനം ആണ് വനിത കമ്മീഷൻ. പരാതിക്കാരിക്ക് ആശ്വാസത്തോടെ സമീപിക്കുന്ന വിധം ആകണം വനിതാ കമീഷൻ അധ്യക്ഷയുടെ പെരുമാറ്റം. സീനിയര്‍ ആയാലും ജൂനിയർ ആയാലും പെരുമാറുന്നതിന് രീതിയുണ്ടെന്നും പികെ ശ്രീമതി പറഞ്ഞു .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.