ഫാദർ സ്റ്റാന്‍ സ്വാമി നീതിയും മനുഷ്യത്വവും അര്‍ഹിച്ചിരുന്നു: രാഹുല്‍; പിന്നാക്കക്കാർക്കായി പോരാടിയ മനുഷ്യൻ: മുഖ്യമന്ത്രി പിണറായി

ഫാദർ സ്റ്റാന്‍ സ്വാമി നീതിയും മനുഷ്യത്വവും അര്‍ഹിച്ചിരുന്നു: രാഹുല്‍; പിന്നാക്കക്കാർക്കായി പോരാടിയ മനുഷ്യൻ: മുഖ്യമന്ത്രി പിണറായി

ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിൽ നേതാക്കളും പ്രമുഖരും അനുശോചനം രേഖപ്പെടുത്തി ഭരണകൂട ഭീകരതയുടെ ഇരയാണ് അദ്ദേഹമെന്നും നീതി ലഭിച്ചില്ലെന്നും നേതാക്കൾ പറഞ്ഞു. ഫാ. സ്റ്റാന്‍ സ്വാമി നീതിയും മനുഷ്യത്വവും അര്‍ഹിച്ചിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

പിന്നാക്കക്കാർക്കായി ജീവിതം മുഴുവൻ പോരാടിയ മനുഷ്യൻ കസ്റ്റഡിയിൽ മരിച്ചത് നീതികരിക്കാനാകാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരം പരിഹാസ്യമായ നീതിക്ക് ജനാധിപത്യത്തിൽ സ്ഥാനമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

സ്റ്റാന്‍ സ്വാമിയുടെ മരണം കൊലപാതകത്തിന് തുല്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ.ആന്റണി പറഞ്ഞു. സ്റ്റാന്‍ സ്വാമിക്ക് നീതി ലഭ്യമാക്കാനായോ എന്ന് നീതിന്യായ വ്യവസ്ഥതന്നെ ഉത്തരം പറയേണ്ടതുണ്ടെന്ന് നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ് ചൂണ്ടിക്കാട്ടി.

ഭരണകൂടം നടത്തിയ കൊലപാതകമാണ് ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ ആദിവാസികള്‍ക്കും പിന്നാക്കവിഭാഗക്കാര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച വൈദികനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു സ്റ്റാന്‍ സ്വാമി.

യുഎപിഎ ചുമത്തി ബിജെപി സര്‍ക്കാര്‍ ജയിലില്‍ അടച്ച ഈ വന്ദ്യ വയോധികന്‍ ചെയ്ത കുറ്റം എന്താണ്? രാജ്യത്തെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും പട്ടിണി പാവങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തി എന്നതാണോ? വ്യക്തമായ ഭരണകൂട ഭീകരതയാണിത്. കണ്ണില്‍ ചോരയില്ലാത്ത നടപടികളുടെ ഇരയാണ് സ്വാമിയെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ മനഃസാക്ഷിക്കു മുന്നില്‍ ഫാ. സ്റ്റാന്‍ സ്വാമി എക്കാലവും നീറുന്ന ഓര്‍മയായിരിക്കുമെന്നും ആദിവാസി ജനവിഭാഗങ്ങള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹം ഭരണകൂട ഭീകരതയുടെ ഇരയാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എല്ലാവിധ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടാണ് മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി അവസാന ശ്വാസം വരെ പോരാടിയ ഫാ. സ്റ്റാന്‍ സ്വാമി വിടപറയുന്നത്. കോവിഡ് ബാധിതനായ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പൂര്‍വാധികം വഷളായിട്ടും യഥാസമയം ചികിത്സ നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നും ഉമ്മന്‍ ചാണ്ടി വിമർശിച്ചു.

രാജ്യത്തെ മനുഷ്യാവകാശത്തിനു വേണ്ടിയുള്ള രക്തസാക്ഷിത്വമാണ് ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണമെന്നും ഇത് മാനുഷികനീതി നിഷേധിക്കുന്ന ഭരണകൂടങ്ങളുടെ കണ്ണുതുറപ്പിക്കണമെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലോകത്തെ നടുക്കിയ വാര്‍ത്തയാണിത്. ദളിതര്‍ക്കും മറ്റു പിന്നാക്ക, ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെട്ട സമൂഹങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയതിനാണ് ഭീകരനെന്ന മുദ്രകുത്തി, മനുഷ്യസ്‌നേഹിയായ ഒരു പൊതുപ്രവര്‍ത്തകനെ ജയിലിലടച്ച് മരണത്തിലേക്കു തള്ളിയതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഭരണകൂട ഭീകരതയുടെ ഇരയാണ് ഫാ. സ്റ്റാന്‍ സ്വാമിയെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനമാണിത്. ആദിവാസി ജനവിഭാഗങ്ങള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സ്റ്റാന്‍ സ്വാമി അവസാന ശ്വാസം വരെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയെന്നും ചെന്നിത്തല പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.