സ്റ്റാന്‍ലി എല്‍ ജാകി: ശാസ്ത്രത്തിനും മതത്തിനുമിടയില്‍ പാലം പണിത പുരോഹിതന്‍

സ്റ്റാന്‍ലി എല്‍ ജാകി: ശാസ്ത്രത്തിനും മതത്തിനുമിടയില്‍ പാലം പണിത പുരോഹിതന്‍

ശാസ്ത്ര വളര്‍ച്ചയില്‍ സഭാ സംഭാവനകളെക്കുറിച്ച് ഫാ. ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ ആറാം ഭാഗം

രുപതാം നൂറ്റാണ്ടില്‍ ജനിച്ച ശാസ്ത്ര കുതുകികളായ പുരോഹിതരില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളില്‍ ഒരാളാണ് സ്റ്റാന്‍ലി എല്‍ ജാകി. ശാസ്ത്രത്തെയും തത്വശാസ്ത്രത്തെയും ഉപാസിച്ച മനീഷിയാണ് അദ്ദേഹം. ടെംപിള്‍ടണ്‍ അവാര്‍ഡ് ഉള്‍പ്പടെയുള്ള അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള അദ്ദേഹം നമ്മുടെ കാലഘട്ടത്തില്‍ അധികം അറിയപ്പെടാതെ പോയ വലിയ മനുഷ്യനാണ്. 1924 ല്‍ ഹംഗറിയിലാണ് ജനിച്ചത്.

ഹംഗറിയിലെ കമ്മ്യൂണിസ്റ്റ് ഭരണം ജാകിയുടെ ചെറുപ്പകാലത്തെ ഓര്‍മകളിലെല്ലാം ജീവിതാവസാനം വരെയും കരിനിഴല്‍ വീഴ്ത്തി. അദ്ദേഹത്തിന്റെ സന്യാസസഭയും കമ്മ്യൂണിസ്റ്റ് പീഡനത്തിനു വിധേയമായിരുന്നു. 1942 ലാണ് അദ്ദേഹം ബെനെഡിക്റ്റൈന്‍ സന്യാസസഭയില്‍ ചേരുന്നത്. തത്വശാസ്ത്രം. ദൈവശാസ്ത്രം, ഗണിതശാസ്ത്രം എന്നീ വിഷയങ്ങള്‍ നന്നായി പഠിച്ചതിനു ശേഷം 1947 ല്‍ റോമില്‍ സാന്‍ അന്‍സെല്‍മോയില്‍ പഠിക്കാന്‍ പോയി. 1950 ല്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് പൂര്‍ത്തീകരിച്ചു. ഇതിനിടയില്‍

1948 ല്‍ സ്റ്റാന്‍ലി എല്‍ ജാകി പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. 1954 ല്‍ അദ്ദേഹം നൊബേല്‍ പുരസ്‌കാര ജേതാവായ വിക്ടര്‍ എഫ് ഹെസിന്റെ കീഴില്‍ ഭൗതികശാസ്ത്രത്തില്‍ ഗവേഷണം ആരംഭിച്ചു. റാഡോണ്‍, തോറോണ്‍ തുടങ്ങിയ വസ്തുക്കളുടെ decay biproducts നെ പറ്റിയുള്ള അദ്ദേഹത്തിന്റെ പഠനം 1958 ല്‍ പുറത്തിറങ്ങി.

1958 മുതല്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലും ഭൗതികശാസ്ത്രത്തിന്റെ ചരിത്രത്തെയും താത്വിക വശങ്ങളെയും കുറിച്ചു പഠിക്കുകയുണ്ടായി. തുടര്‍ന്ന് രണ്ടു വര്‍ഷം പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയില്‍ ശാസ്ത്രത്തിന്റെ തത്വശാസ്ത്രം (Philosophy of Science) പഠിപ്പിച്ചു. റാഡോണ്‍, തോറോണ്‍ തുടങ്ങിയ വസ്തുക്കളുടെ decay biproducts നെ പറ്റിയുള്ള അദ്ദേഹത്തിന്റെ പഠനം 1958 ല്‍ പുറത്തിറങ്ങി. 1958 മുതല്‍ അദ്ദേഹം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലും ഭൗതിക ശാസ്ത്രത്തിന്റെ ചരിത്രത്തെയും താത്വിക വശങ്ങളെയും കുറിച്ചു പഠിക്കുകയുണ്ടായി.

തുടര്‍ന്ന് രണ്ടു വര്‍ഷം പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയില്‍ ശാസ്ത്രത്തിന്റെ തത്വശാസ്ത്രം പഠിപ്പിച്ചു. 1962 നും 1965 നും ഇടയില്‍ തന്റെ അതിപ്രശസ്തമായ ഭൗതിക ശാസ്ത്രത്തിന്റെ പ്രാധാന്യം (The relevance of Physics) എന്ന പുസ്തകം രചിച്ചു. 1965 മുതല്‍ നിരവധി സര്‍വകലാശാലകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു.

റോമിലെ അന്‍സെല്‍മോ യൂണിവേഴ്‌സിറ്റിയില്‍ (San Anselmo) നിന്നുമുള്ള ദൈവശാസ്ത്രത്തിലുള്ള ഡോക്ടറേറ്റും അമേരിക്കയിലെ ഫോര്‍ധം (Fordham) യൂണിവേഴ്‌സിറ്റിയില്‍ നിന്നുമുള്ള ഭൗതിക ശാസ്ത്രത്തിലുള്ള ഡോക്ടറേറ്റും കൂടാതെ നിരവധി honorary ഡോക്ടറേറ്റുകള്‍ Central Michigan University (1974), Steubenville University (1986), St Anselms College (1988), Marquette University (1989), St Vincent College(1989), Fordham University (1991), Seton Hall University (1991) എന്നീ സര്‍വകലാശാലകളും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്.

1974-75, 1975-76 വര്‍ഷങ്ങളില്‍ എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ പ്രശസ്തമായ ജിഫോര്‍ഡ് പഠന പരമ്പര നടത്തിയത് സ്റ്റാന്‍ലി ജാകിയാണ്. ഈ പ്രഭാഷണങ്ങള്‍ സമാഹരിച്ചു 'ശാസ്ത്രത്തിന്റെ വഴിയും ദൈവത്തിന്റെ മാര്‍ഗങ്ങളും' (The Road of Science and the Ways of God) എന്ന പേരില്‍ പുസ്തകമാക്കി. നിരവധി പുസ്തകങ്ങള്‍ രചിക്കുകയും ഒട്ടനവധി കോണ്‍ഫറന്‍സുകളില്‍ പേപ്പറുകള്‍ അവതരിപ്പിക്കുകയും ചെയ്തു. 2009 ഏപ്രില്‍ ഏഴിന് സ്‌പെയിനിലെ മാഡ്രിഡില്‍ അദ്ദേഹം നിത്യവിശ്രമത്തിലേക്ക് പ്രവേശിച്ചു.

കോപ്പര്‍നിക്കസ്, മെന്‍ഡല്‍, ലെമായിതര്‍ എന്നിവരോടൊപ്പം ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച അഞ്ചു കത്തോലിക്കാ ശാസ്ത്രജ്ഞരില്‍ ഒരാളായി അലതേയ (Aleteia) ജാകിയെ തിരഞ്ഞെടുത്തു. അദ്ദേഹം രചിച്ച നാല്‍പതോളം പുസ്തകങ്ങളില്‍ പകുതിയും ആധുനിക ശാസ്ത്രവും കത്തോലിക്കാ സഭയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ളവയാണ്.

അദ്ദേഹത്തിന്റെ ശാസ്ത്രീയ പഠനങ്ങള്‍ പ്രധാനമായും നടന്ന ഒരു മേഖലയാണ് ഗോഡല്‍സ് തിയറം (Gödel's incompleteness theorem). സര്‍വത്തിന്റെയും സിദ്ധാന്തത്തെ (Theory of Everything) വിശദീകരിക്കാന്‍ താത്വിക ഭൗതിക ശാസ്ത്രത്തിനു (Theoretical physics) ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ഉപകരണമാണ് ഗോഡല്‍സ് തിയറം എന്ന് ആദ്യം നിരീക്ഷിച്ചവരില്‍ ഒരാളാണ് ജാകി. ഗോഡലിന്റെ അപൂര്‍ണതാ സിദ്ധാന്തം അനുസരിച്ച് നമ്പര്‍ തിയറിയുടെ അടിസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതും എണ്ണമറ്റതുമായ ഒരു സിദ്ധാന്തം അപൂര്‍ണവും പൊരുത്തമില്ലാത്തതും ആയിരിക്കും.

സര്‍വത്തിന്റെയും സിദ്ധാന്തം (Theory of Everything) പൊരുത്തമുള്ളതാകേണ്ടതിനാല്‍ അത് അപൂര്‍ണമായിരിക്കണം. ഭൗതിക ശാസ്ത്രത്തിന്റെ പ്രസക്തി (The Relevance of Physics- 1967), ദൈവവും ജ്യോതിശാസ്ത്രഞ്ജരും (God and the Cosmologists- 1980) എന്നീ പുസ്തകങ്ങളില്‍ ഈ മേഖലയിലെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ വായിച്ചറിയാം. സര്‍വ്വതിനേയും കുറിച്ചുള്ള സിദ്ധാന്തം (Theory of Everything) എപ്പോഴും തെളിയിക്കപ്പെടുന്നതിനും അപ്പുറമായിരിക്കും (Cannot have proofs of consistency within itself). ഭൗതികശാസ്ത്രത്തിന്റെ ഈ പരിമിതി ഭൗതികവസ്തുക്കളുടെ ആകസ്മിക സ്വഭാവത്തെ (Contingency) വെളിപ്പെടുത്തുന്നുണ്ട്.

ശാസ്ത്രവും മതവും തമ്മിലുള്ള അകലം കുറയ്ക്കുന്നതില്‍ ചെയ്ത സംഭാവനകളെ പരിഗണിച്ച് 1989 ല്‍ അദ്ദേഹം ടെംപിള്‍ടണ്‍ അവാര്‍ഡിന് അര്‍ഹനായി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ 1990 ല്‍ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സില്‍ അംഗമാക്കി. 2009 ല്‍ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സില്‍ തന്റെ അവസാന പ്രബന്ധം അവതരിപ്പിച്ചു മടങ്ങവേ ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരണപ്പെട്ടത്.

ശാസ്ത്രവും മതവും പരസ്പര വിരുദ്ധങ്ങളാണ് എന്ന് സമൂഹം വിധിയെഴുതിയിരുന്ന ഒരു കാലഘട്ടത്തില്‍ അവ തമ്മിലുള്ള പാരസ്പര്യം പൂര്‍ണമായി പ്രകാശിപ്പിക്കാന്‍ അത്യധ്വാനം ചെയ്ത ഒരാളാണ് സ്റ്റാന്‍ലി എല്‍ ജാകി. അദ്ദേഹത്തിന്റെ പഠനങ്ങള്‍ ശാസ്ത്രത്തെയും ദൈവശാസ്ത്രത്തെയും ഒന്നുപോലെ വളര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്തു.

അടുത്ത ലക്കം: മിറിയം സ്റ്റിസണ്‍




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.