ഒരു യുവാവിൻ്റെ കഥ.ആദ്യകുർബാന സ്വീകരണം കഴിഞ്ഞ നാൾ മുതൽ അവൻ അൾത്താര ബാലനായതാണ്. അഭിമാനത്തോടും സന്തോഷത്തോടും കൂടിയാണ് അവനാ ശുശ്രൂഷ ചെയ്തു വന്നതും. എന്നാൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ എന്തോ ഒരു കാര്യത്തിന് അവൻ കപ്യാരുമായ് വഴക്കിട്ടു. അന്നുമുതൽ അവൻ അൾത്താര ശുശ്രൂഷിയാകുന്നതിൽ നിന്നും സ്വയം പിൻവാങ്ങി. പിന്നീട് പള്ളിയിലും പോകാതായി.അനിയന്ത്രിതമായ കോപവും മനസ് നിറയെ വെറുപ്പും പ്രാർത്ഥിക്കാനും പഠിക്കാനും കഴിയാത്ത മാനസിക സംഘർഷവുമായാണ് അവൻ എന്നെക്കാണാൻ വന്നത്.ഞാൻ ചോദിച്ചു:''കുമ്പസാരിച്ചിട്ട് എത്ര നാളായി?""കുറേ നാളായി. കൃത്യമായ് ഓർക്കുന്നില്ല"അവൻ്റെ മറുപടി കേട്ട് ഞാൻ തുടർന്നു:"ഇപ്പോഴും കപ്യാരോട് ദേഷ്യമുണ്ടോ?""ഉണ്ട്""കപ്യാരോടുള്ള ദേഷ്യം മനസിൽകൊണ്ടു നടന്നിട്ട് എന്ത് നേട്ടമുണ്ടായി?"അവൻ മറുപടിയൊന്നും പറഞ്ഞില്ല.ഞാൻ പറഞ്ഞു:"അന്ന് തീർക്കേണ്ട വഴക്ക്
മനസിൽ കൊണ്ടു നടന്നത് തെറ്റാണ്.അത് മൂലം നിനക്ക് നഷ്ടങ്ങളേ ഉണ്ടായിട്ടുള്ളൂ. അൾത്താരയിൽ നിന്നും പളളിയിൽ നിന്നും ദൈവത്തിൽ നിന്നുമെല്ലാം നീ അകന്നു. അതിൻ്റെ ഫലമാണ് പഠിക്കാനും പ്രാർത്ഥിക്കാനും കഴിയാത്തത്."തെറ്റ് തിരിച്ചറിഞ്ഞ അവൻ പറഞ്ഞു:"ഞാൻ എത്രയും പെട്ടന്ന് കപ്യാരുമായി രമ്യതപ്പെടും. അന്ന് ഏറ്റ അപമാനം ദൈവം അനുവദിച്ചതാണെന്ന് കരുതും. അച്ചൻ പ്രാർത്ഥിക്കണം."സന്തോഷത്തോടെയാണ് അവൻ മടങ്ങിയത്. രണ്ടാഴ്ച്ചയ്ക്കു ശേഷം അവൻ വീണ്ടും വന്നിരുന്നു. അവൻ പറഞ്ഞു:
''ഞാനിപ്പോൾ പള്ളിയിൽ പോകുന്നുണ്ട്. നഷ്ടപ്പെട്ടുപോയ ആത്മീയ ആനന്ദം എനിക്ക് തിരികെ ലഭിച്ചു. ദൈവകൃപയിൽ തുടരാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണം.
"നമ്മുടെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം.വികാരിയച്ചൻ ശരിയല്ല,കമ്മറ്റിക്കാർ നല്ലവരല്ല എന്നിങ്ങനെയുള്ള ന്യായങ്ങൾ പറഞ്ഞ് ദൈവാലയത്തിൽ നിന്നും ചിലപ്പോഴെല്ലാം നമ്മളും അകന്നിട്ടില്ലേ?അധികാരത്തിൽ ഇരിക്കുന്ന ചില വ്യക്തികളിൽ നിന്നും കുടുംബക്കാരിൽ നിന്നുമെല്ലാം ഏറ്റ മുറിവുകളും നമ്മെ ദൈവത്തിൽ നിന്നും കുടുംബത്തിൽ നിന്നുമെല്ലാം അകറ്റിയിട്ടില്ലെ?
നൂറു ശതമാനവും ന്യായം നമ്മുടെ പക്ഷത്താകുമ്പോഴും വന്നുചേരുന്ന ചില നിന്ദാപമാനങ്ങളും തെറ്റിദ്ധാരണകളും ക്രിസ്തീയ അരൂപിയിൽ സ്വീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മിലുള്ള ദൈവകൃപ നഷ്ടപ്പെടുമെന്ന സത്യം മറക്കരുത്.
ക്രിസ്തുവിൻ്റെ വാക്കുകൾക്ക് കാതോർക്കാം:''മനുഷ്യപുത്രന്‍ നിമിത്തം മനുഷ്യര്‍ നിങ്ങളെ ദ്വേഷിക്കുകയും പുറന്തള്ളുകയും അവഹേളിക്കുകയും നിങ്ങളുടെ പേരു ദുഷിച്ചതായിക്കരുതി തിരസ്‌കരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. അപ്പോള്‍ നിങ്ങള്‍ ആഹ്ലാദിക്കുവിന്‍, സന്തോഷിച്ചു കുതിച്ചുചാടുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെപ്രതിഫലം വലുതായിരിക്കും. അവരുടെ പിതാക്കന്‍മാര്‍ പ്രവാചകന്‍മാരോടും ഇപ്രകാരം തന്നെയാണ് പ്രവര്‍ത്തിച്ചത്.
(ലൂക്കാ 6 : 22-23).
അതെ,ചില അപമാനങ്ങളും കുത്തുവാക്കുകളും നിന്ദനങ്ങളുമെല്ലാം നമുക്ക് സംഭവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുണ്ട്.
അവയെ ദൈവീകമായ് കാണുമ്പോൾ മാത്രമേ കൃപയുടെ നീർച്ചാലുകൾ നമ്മിലേക്ക് ഒഴുകിയെത്തൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.