എം എസ് ധോനിയുടെ പ്രായവും ഈ സീസണിലെ പ്രകടനവും കളിക്കാനുളള ആഗ്രഹവും കണക്കിലെടുക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ അവസാനത്തെ ഐപിഎല്‍ ടൂർണമെന്‍റാണിതെന്ന് തോന്നിപ്പോകുന്നുണ്ട്. എന്നാല്‍ സഞ്ജു സാംസന്‍റെ ക്യാച്ചെടുത്ത പ്രകടനം കണ്ടപ്പോള്‍ ധോനിയുടെ പ്രതിഭയ്ക്ക് മങ്ങലേറ്റിട്ടില്ലെന്നാണ് തോന്നിയത്.ശരിയായ രീതിയില്‍ വിക്കറ്റിന് പുറകില്‍ പന്ത് കീപ്പ് ചെയ്യാന്‍ സാധിക്കുന്നു പക്ഷെ ബാറ്റിംഗില്‍ പോരായ്മകളുണ്ടെന്ന് തീർച്ച. എന്നാല്‍ കൂറ്റനടികള്‍ക്ക് ധോനിക്ക് സാധിക്കാത്തത് എന്തുകൊണ്ടെന്ന് വിലയിരുത്തുമ്പോള്‍ അതിനുളള സാഹചര്യം ഒരുക്കികൊടുക്കാന്‍ ടീമിന് കഴിയുന്നുണ്ടോയെന്നുളളതു കൂടി ചോദ്യമാണ്.
സമ്മർദ്ദങ്ങളില്‍ നന്നായി കളിച്ച് ടീമിനെ വിജയത്തിലെത്തിച്ചിട്ടുളള ധോനിയിലേക്ക് ആ ഉത്തരവാദിത്തം നീട്ടികൊടുക്കുന്നതു പോലെയാണ് ടീമിന്‍റെ പ്രകടനം. 437 ദിവസങ്ങള്‍ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയ ഒരാള്‍ക്ക് പെട്ടെന്ന് താളം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നത് ഐപിഎല്‍ പോലൊരുവേദിയില്‍ അത്ര എളുപ്പമല്ല. ഓസ്ട്രേലിയയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായി ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്ന സ്റ്റീവന്‍ സ്മിത്ത് പറഞ്ഞത്, കഴിഞ്ഞ മത്സരത്തില്‍ അദ്ദേഹത്തിന് താളം കണ്ടെത്താന്‍ കഴിയുന്നതായി തോന്നിയെന്നാണ്. പറഞ്ഞുവന്നത് നിർണായകമായ സമയങ്ങളില്‍ ബാറ്റുചെയ്യാന്‍ ചെല്ലേണ്ട സാഹചര്യം ഐപിഎല്ലിലുണ്ടാകും. അത് ധോനിക്ക് തരണം ചെയ്യാന്‍ സാധിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് ഉത്തരം. അവസാന ഓവറുകളില്‍ അടിച്ച് ജയിപ്പിച്ചിട്ടുണ്ട് ധോനി. അദ്ദേഹത്തിന്‍റെ മേലുളള പ്രതീക്ഷയും വലുതായിരുന്നു. അത് നിലനിർത്തി കൊണ്ടുപോകാന്‍ എത്രത്തോളം മനസുണ്ടെന്നുളളത് തന്നെയാണ് അടുത്ത സീസണില്‍ അദ്ദേഹം ഉണ്ടാകുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത്. ഒരു പാട് ദൂരയല്ല അടുത്ത ഐപിഎല്‍ എന്നുളളതുകൊണ്ടുതന്നെ അദ്ദേഹം തുടർന്നാലും അത്ഭുതപ്പെടേണ്ടതില്ല. അത്രത്തോളം താരമൂല്യമുളള കളിക്കാരനാണ് ധോനി. ചെന്നൈ സൂപ്പർ കിംഗ്സ് വിട്ടുകളഞ്ഞാല്‍ പോലും മറ്റൊരു ഐപിഎല്‍ ടീം അദ്ദേഹത്തെ റാഞ്ചികൊണ്ടുപോകും. സാന്നിദ്ധ്യം കൊണ്ടുതന്നെ ടീമില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്ന താരമാണ് അദ്ദേഹമെന്നുളളതു തന്നെ കാരണം.
രാജസ്ഥാനെതിരായ മത്സരത്തില്‍ ടോപ് ഓർഡറിലെ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് വലിയ സമ്മർദ്ദത്തിലേക്ക് ധോനിയേയും രവീന്ദ്ര ജഡേജയേയും എത്തിക്കുകയാണുണ്ടായത്. അവിടെ തന്നെയാണ് ചെന്നൈയ്ക്ക് പിഴച്ചതും. 150 അല്ലെങ്കില്‍ 140 എന്നുളളതുപോലും വിന്നിംഗ് ടോട്ടലായി മാറേണ്ടതായിരുന്നു. എന്നാല്‍ 125 എന്നുളള സ്കോറും പിന്തുടർന്ന് ജയിക്കാന്‍ രാജസ്ഥാന് കഴിഞ്ഞത് അസാധാരണമായ രണ്ട് ഇന്നിംഗ്സുകള്‍ ഉണ്ടായതുകൊണ്ടുതന്നെയാണ്. 15 റണ്‍സുകൂടി കൂടുതലുണ്ടായിരുന്നുവെങ്കില്‍ നല്ല സമ്മർദ്ദം ആ ടീമിന് മേലുണ്ടാകുമായിരുന്നു.
തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്. അവിടെയും വളരെ ധൈര്യത്തില്‍ കളിച്ച ജോസ് ബട്ലറുടെ ഇന്നിംഗ്സ് അത് എടുത്തുപറയേണ്ടതാണ്.മൂന്ന് വിക്കറ്റുകള്‍ പോയി നില്‍ക്കുന്ന സമയത്ത് രവീന്ദ്ര ജഡേജയുടെ ഓവറില്‍ റിവേഴ്സ് സ്വീപിലൂടെ ബൗണ്ടറി കണ്ടെത്തിയ അദ്ദേഹത്തിന്‍റെ ധൈര്യമാണ്, അത്തരത്തിലുളള പ്രകടനമാണ് അദ്ദേഹത്തെ മാച്ച് വിന്നറാക്കി ടി-ട്വന്‍ടി സ്പെഷലിസ്റ്റാക്കി മാറ്റിയിട്ടുളളത്. സ്ട്രൈക്ക് റേറ്റിനേയും ടീമിനേയും ഒന്നും നോക്കാതെ തട്ടിതട്ടി കളിക്കുന്നവർക്കിടയില്‍ ജോസ് ബട്ലർ വ്യത്യസ്തനാകുന്നത് അതുകൊണ്ടു തന്നെയാണ്.തന്‍റെ പ്രതിഭയെ ഉരച്ചുമിനുക്കി കളിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. അത് ടീമിനും ഗുണമാകുന്നു. ചെന്നൈയ്ക്കെതിരെ നടത്തിയ ബാറ്റിംഗ് മികവ് അത്തരത്തിലൊന്നാണ്. അത് രാജസ്ഥാന് ഗുണമാവുകയും ചെയ്തു. ബെന്‍സ്റ്റോക്സും അത്തരത്തില്‍ കളിക്കാനുളള ശ്രമം നടത്തി.എന്തായാലും ബാറ്റിംഗ് ഓർഡറില്‍ വരുത്തിയ മാറ്റം ജോസ് ബട്ലറെ സഹായിച്ചു ഒപ്പം മധ്യനിരയേയും. അതോടൊപ്പം എടുത്തുപറയേണ്ടത് സ്റ്റീവന്‍ സ്മിത്തിന്‍റെ ഇന്നിംഗ്സാണ്. ഇത്തരത്തിലൊരു പിന്തുണയാണ് സ്റ്റീവന്‍ സ്മിത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. നന്നായി കളിക്കുന്നവർക്ക് പിന്തുണ നല്കുക. ജോസ് ബട്ലർക്ക് മികച്ച പിന്തുണ നല്കി ഇന്നിംഗ്സിന് സ്ഥിരത കൊണ്ടുവരികയെന്നുളളതായാല്‍ അത് ഗുണം ചെയ്യും. ബൗളിംഗില്‍ ജോഫ്രാ ആർച്ചറും മറ്റ് സ്പിന്നേഴ്സും ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ മറ്റ് ഘടകങ്ങളും അനുകൂലമായാല്‍ രാജസ്ഥാന് നൂലിനോളം പ്രതീക്ഷ ഇപ്പോഴും ബാക്കിയുണ്ട്.
CSK 125/5 (20)RR 126/3 (17.3)
സോണി ചെറുവത്തൂർ (കേരളാ രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ , ഗോള്‍ഡ് 101.3 കമന്‍റേറ്റർ)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.