കേരഗ്രാമം പദ്ധതി സംസ്ഥാനത്താകെ നടപ്പാക്കും : കൃഷി വകുപ്പ് മന്ത്രി

കേരഗ്രാമം പദ്ധതി സംസ്ഥാനത്താകെ നടപ്പാക്കും   : കൃഷി വകുപ്പ് മന്ത്രി

അടുത്ത വർഷത്തോടുകൂടി കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ഈ പദ്ധതി നടപ്പാലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. തെങ്ങുകൃഷി വികസനത്തിനായി സംസ്ഥാനത്താകെ 311 പഞ്ചായത്തുകളിൽ ഇപ്പോൾ നടപ്പാക്കിവരുന്ന കേരഗ്രാമം പദ്ധതി ഈ സാമ്പത്തിക വർഷത്തിൽ പുതിയതായി 63 പഞ്ചായത്തുകളിൽ കൂടി ആരംഭിക്കുകയാണ്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ തെങ്ങ് കൃഷി വികസനത്തിനായി നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെങ്ങിന്റെ ഉൽപാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതിനായി രൂപീകരിച്ച നാളികേര വികസന കൌണസിൽ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരഗ്രാമം പദ്ധതിയുടെ ഭാഗമായി വട്ടിയൂർക്കാവ്, കുടപ്പനക്കുന്ന് കൃഷിഭവനുകളിലെ 250 ഹെക്ടർ സ്ഥലത്ത് രോഗം ബാധിച്ച തെങ്ങ് മുറിച്ചു മാറ്റി പകരം തെങ്ങിൻ തൈ വിതരണം, തെങ്ങിന് വളം, തെങ്ങുകയറ്റ യന്ത്രം, ജലസേചന പമ്പ് സെറ്റ്, കിണർ ,ഇടവിള കൃഷി കിറ്റ് വിതരണം തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്. കെടുങ്ങാനൂർ, വാഴോട്ടുകോണം, നെട്ടയം, കാച്ചാണി , തുരുത്തും മൂല, കുടപ്പനക്കുന്ന്, പാതിരപ്പള്ളി, കിണവൂർ, ചെട്ടിവിളാകം എന്നീ വാർഡുകളിലുള്ളവർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. ഒക്ടോബർ 31 വരെ അപേക്ഷകൾ വട്ടിയൂർക്കാവ്, കുടപ്പനക്കുന്ന് കൃഷിഭവനുകളിൽ സ്വീകരിക്കും.

വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ.വി.കെ. പ്രശാന്തിൻറെ അധ്യക്ഷതയിൽ വട്ടിയൂർക്കാവ് സാഹിത്യ പഞ്ചാനനൻ ഹാളിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം നഗരസഭ മേയർ കെ.ശ്രീകുമാർ മുഖ്യാതിഥിയായിരുന്നു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ (വൈ.പി) ശ്രീമതി.ഷീജ.വി.ജി, പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോർജ്ജ് അലക്സാണ്ടർ, വട്ടിയൂർക്കാവ് കൃഷി ഓഫീസർ സൌമ്യ വി.ഐ, കൌൺസിലർമാരായ ബാലൻ.ടി, കൊടുങ്ങാനൂർ ഹരി, രാജിമോൾ.പി, റാണി വിക്രമൻ, എസ്.അനിത, വി.കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു. അഡ്വ: വി.കെ. പ്രശാന്ത് വട്ടിയൂർക്കാവ് MLA ആയി തെരഞ്ഞെടുക്കപ്പെട്ട് ഒരു വർഷം തികയുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വികസന പക്ഷാചരണത്തോടനുബന്ധിച്ചാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.